വിഴിഞ്ഞം: വൈദികന്‍റെ വംശീയ പരാമര്‍ശം അപലപനീയം, സംഘര്‍ഷത്തിൽ സമഗ്രാന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: തീരത്തെയും തീരദേശവാസികളെയും ഗുരുതരമായി ബാധിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിന്‍ നടക്കുന്ന സമരം സംഘര്‍ഷഭരിതമായതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ന്യായമായ ആവശ്യം മുന്‍നിര്‍ത്തിയുള്ള സമരത്തില്‍ പൊലീസ് സ്‌റ്റേഷന്‍ ആക്രമണം ഉള്‍പ്പെടെയുള്ള അനിഷ്ടകരമായ സംഭവങ്ങള്‍ ഉണ്ടായത് അംഗീകരിക്കാനാവില്ലെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
സമര നേതൃത്വത്തിലുള്ള ഫാ. തിയോഡിഷ്യസ് ഡിക്രൂസ് മന്ത്രി വി. അബ്ദുറഹ്മാനെതിരേ നടത്തിയ വംശീയ പരാമര്‍ശം അപലപനീയമാണ്. പേരില്‍ തന്നെ രാജ്യദ്രോഹിയുണ്ടെന്ന പ്രസ്താവന വര്‍ഗീയ ചിന്തയില്‍ നിന്ന് രൂപം കൊണ്ടതാണ്. ഇത്തരം ആളുകളുടെ ഇടപെടലാണോ സമാധാന സമരത്തെ സംഘര്‍ഷഭരിതമാക്കിയതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നുവെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ചൂണ്ടിക്കാട്ടി.
തീരദേശവാസികളുടെ സമരത്തെ പൊളിക്കാന്‍ സി.പി.എമ്മും ആര്‍.എസ്.എസും ഐക്യപ്പെട്ടത് ദുരൂഹമാണ്. 35ലധികം പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും പൊലീസ് സ്‌റ്റേഷനും വാഹനങ്ങളും ആക്രമിച്ചതും അന്യായമാണ്. പൊലീസ് നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്താം. പക്ഷേ അക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.
വിഴിഞ്ഞം സംഘര്‍ഷത്തെക്കുറിച്ച് കഥകള്‍ മെനയുന്നതിനുപകരം സമഗ്രമായ അന്വേഷണവും തുടര്‍നടപടികളുമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത്. ആര്‍.എസ്.എസ് നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളും ഇടപെടലുകളും അന്വേഷണ വിധേയമാക്കണമെന്നും അഷ്‌റഫ് മൗലവി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.