കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോഴും ഇടതു സര്‍ക്കാര്‍ ധൂര്‍ത്തടിക്കുകയാണെന്ന് എസ് ഡി പി ഐ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കടക്കെണിയില്‍ അകപ്പെട്ട് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ആഡംബര വാഹനങ്ങള്‍ വാങ്ങി ധൂര്‍ത്തടിക്കുകയാണ് ഇടതു സര്‍ക്കാറെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ചൊവ്വാഴ്ച കോഴിക്കോട് കൊയിലാണ്ടിയില്‍ ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിനു പിന്നാലെ ബുധനാഴ്ച പാലക്കാട് കറുകമണി സ്വദേശിയായ കര്‍ഷകനും ആത്മഹത്യ ചെയ്തിരിക്കുന്നു. ജപ്തി ഭീഷണിയെത്തുടര്‍ന്നായിരുന്നു കോഴിക്കോട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തതെങ്കില്‍ പാട്ടത്തിനെടുത്തു കൃഷി ചെയ്ത പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാന്‍ കഴിയാതെ വന്നതിനാലാണ് പാലക്കാട് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.
കാര്‍ഷിക മേഖലയോ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയോ സര്‍ക്കാരിന് വിഷയമല്ല. പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബക്കാര്‍ക്കും ഉയര്‍ന്ന തസ്തികകളില്‍ നിയമനം തരപ്പെടുത്തുന്നതിനും ആഡംബര കാര്‍ വാങ്ങുന്നതിനുമുള്ള തിരക്കിലാണ് ഇടതുസര്‍ക്കാര്‍. ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അനാവശ്യ വിവാദങ്ങളിലൂടെ ജനങ്ങള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നിന്ന് തലയൂരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഏലം, റബ്ബര്‍, കുരുമുളക് ഉള്‍പ്പെടെയുള്ളവയുടെ വിലയിടിവ് സംസ്ഥാനത്തെ കൂടുതല്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്. കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ജനകീയ പ്രശ്‌നങ്ങളോടുള്ള കുറ്റകരമായ അനാസ്ഥ അവസാനിപ്പിക്കണമെന്നും സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, അജ്മല്‍ ഇസ്മായീല്‍, പി പി റഫീഖ്, ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍, സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, അംഗങ്ങളായ അഷ്റഫ് പ്രാവച്ചമ്പലം, അന്‍സാരി ഏനാത്ത് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.