ആഘോഷങ്ങളെ ആർ.എസ്.എസ് വത്ക്കരിക്കുന്നത് ആപല്‍ക്കരമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: മതപരമായ ആഘോഷങ്ങളും ഉത്സവങ്ങളും ആർ.എസ്.എസ് അജണ്ടക്കനുസരിച്ച് രൂപമാറ്റവും വിദ്വേഷാധിഷ്ഠിതവുമാക്കുന്നത് ആപല്‍ക്കരമാണെന്ന് എസ്.ഡി.പി.ഐ. തൃശൂര്‍ പൂരം വിവാദമാക്കിയതിനു പിന്നില്‍ സംഘപരിവാരത്തിന്റെ ഇടപെടല്‍ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ലക്ഷ്യംവെക്കുന്ന തൃശൂരില്‍ കേരളത്തിന്റെ സാംസ്‌കാരികോല്‍ത്സവമായ പൂരത്തെ പോലും വര്‍ഗീയ ലക്ഷ്യത്തോടെ ഉപയോഗപ്പെടുത്തുകയായിരുന്നു.
ആർ.എസ്.എസ് അജണ്ടക്ക് ഇടതു സര്‍ക്കാരിന്റെ ആഭ്യന്തരവും പൊലീസും ഒത്താശ ചെയ്യുന്നു എന്നത് ഖേദകരമാണ്. ആദ്യം രംഗത്തില്ലാതിരുന്ന എൻ.ഡി.എ സ്ഥാനാര്‍ഥി കൂടിയായ സുരേഷ് ഗോപി വിഷയം വിവാദമായപ്പോള്‍ സേവാഭാരതി ആംബുലന്‍സിലെത്തി ഷോ കാണിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. സംഘപരിവാരം രാജ്യ വികസനത്തേക്കാള്‍ മതപരവും വര്‍ഗീയവുമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ തന്നെ പൂരത്തോടനുബന്ധിച്ചുള്ള കുടമാറ്റത്തിനിടെ വില്ലു കുലക്കുന്ന ശ്രീരാമനും രാംലല്ലയും ഉയര്‍ന്നുവന്നത് യാദൃച്ഛികമാണെന്നു ധരിക്കാനാവില്ല.
ഇടതുസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പൊലീസും ദേവസ്വം ബോര്‍ഡും സംഘപരിവാരത്തിന് എല്ലാ ഒത്താശയും ചെയ്തു കൊടുത്തതായാണ് വ്യക്തമാകുന്നത്. കമീഷണറെ മാറ്റിയതു കൊണ്ടു മാത്രം പരിഹരിക്കാവുന്നതല്ല പ്രശ്‌നം. തിരഞ്ഞെടുപ്പ് വേളയില്‍ വര്‍ഗീയ വിഭജനം ലക്ഷ്യമിട്ട് നടത്തിയ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം വേണമെന്നും സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.