ഫാഷിസത്തെ തടയൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയല്ലെന്ന് എസ്.ഡി.പി.ഐ
text_fieldsകൊച്ചി: ഫാഷിസത്തെ തടയൽ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അജണ്ടയല്ലെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡൻറ് എം.കെ ഫൈസി. എറണാകുളം നോര്‍ത്ത് സെനറ്റ് ഹോട്ടലില്‍ നടന്ന സംസ്ഥാന പ്രവര്‍ത്തക സമിതി (എസ്.ഡബ്ല്യൂ.സി) യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ഫാഷിസവും അവര്‍ നിയന്ത്രിക്കുന്ന സര്‍ക്കാരും ഭരണഘടനാ വിരുദ്ധമായ നിലപാട് നിരന്തരം ആവര്‍ത്തിക്കുമ്പോഴും അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കണമെന്നത് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ അജണ്ടയായി മാറുന്നില്ല. അന്വേഷണ ഏജന്‍സികളെ ഭയപ്പെട്ട് കൊണ്ടുള്ള ചില താല്‍കാലിക കൂട്ടായ്മയായി മാത്രമേ നിലവിലെ പ്രതിപക്ഷ കക്ഷികളുടെ നീക്കങ്ങളെ കാണാനാകു.
ആര്‍.എസ്.എസിനെതിരെ കൃത്യമായി നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകണമെന്ന ഒരു ആഹ്വാനവും ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല. അവസരം കിട്ടിയപ്പോഴെല്ലാം ആര്‍.എസ്.എസുമായി ബന്ധം സ്ഥാപിച്ചവരാണ് പ്രതിപക്ഷ പാർട്ടികളിൽ പലതും. തങ്ങളുടെ അധികാരത്തെ ബാധിക്കുമെന്ന ബോധ്യം വന്നപ്പോള്‍ മാത്രമാണ് അത്തരം ചങ്ങാത്തങ്ങള്‍ ഉപേക്ഷിച്ചിട്ടുള്ളത്. ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ നറേഷൻ അനുസരിച്ചാണ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ഫൈസൽ ഇസുദ്ദീൻ, ദേശീയ സമിതിയംഗങ്ങളായ സഹീർ അബ്ബാസ്, പി.പി മൊയ്തീൻ കുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ പി. അബ്ദുൽ ഹമീദ്, തുളസീധരൻ പള്ളിക്കൽ, കെ.കെ റൈഹാനത്ത് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.