പട്ടിക ജാതി- വര്‍ഗ ഗവേഷക വിദ്യാര്‍ഥികളുടെ ഫെലോഷിപ് ഉടന്‍ വിതരണം ചെയ്യണമെന്ന് എസ്.ഡി.പി.ഐ
text_fieldsതിരുവനന്തപുരം: പട്ടിക ജാതി-വര്‍ഗ ഗവേഷക വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിരുന്ന ഫെലോഷിപ് കഴിഞ്ഞ ഒരു വര്‍ഷമായി മുടങ്ങിയിരിക്കുന്നത് എസ്.സി/എസ്.ടി വിഭാഗത്തോടുള്ള സര്‍ക്കാരിന്റെ കടുത്ത അവഗണനയാണ് വ്യക്തമാക്കുന്നതെന്നും തുക കുടിശ്ശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യണമെന്നും എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. കേരളത്തിലെ സര്‍വകലാശാലകളില്‍ പട്ടിക വിഭാഗക്കാരായ 350- ഓളം ഗവേഷക വിദ്യാര്‍ഥികളാണ് ഫെലോഷിപ്പ് തുക കിട്ടാതെ പഠനം പ്രതിസന്ധിയിലായിരിക്കുന്നത്.
കേരളാ സര്‍വകലാശാലയിലെ 300 ഓളം വിദ്യാര്‍ഥികള്‍ക്കും കാലിക്കറ്റ് സര്‍വകലാശാലയില്‍ അന്‍പതോളം ഗവേഷക വിദ്യാര്‍ഥികള്‍ക്കും ഫെലോഷിപ്പ് തുക ലഭിച്ചിട്ടില്ല. പട്ടിക വിഭാഗത്തില്‍പ്പെട്ട ഗവേഷക വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം 23,250 രൂപയാണ് ഫെലോഷിപ്പ് തുകയായി പട്ടികജാതി- വര്‍ഗ വകുപ്പ് നല്‍കേണ്ടത്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ ഹോസ്റ്റലുകളിലെയും മെസിലെയും സൗകര്യങ്ങള്‍, ഗവേഷണത്തിനാവശ്യമായ പുസ്തകങ്ങള്‍, ഫീല്‍ഡ് വര്‍ക്ക്, ലാബ് വര്‍ക്ക്, സെമിനാറുകള്‍ തുടങ്ങിയവയുടെ ചെലവുകളെല്ലാം നടത്തേണ്ടത് ഈ തുക വിനിയോഗിച്ചാണ്.
തുക മുടങ്ങിയതു മൂലം വിദ്യാര്‍ഥികള്‍ കടുത്ത നിരാശയിലും പ്രതിസന്ധിയിലുമാണ്. സര്‍ക്കാരിന്റെ ധനസഹായത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് പഠനം തുടങ്ങിയ വിദ്യാര്‍ഥികളുടെ ഭാവി സാങ്കേതികത്വം പറഞ്ഞ് അനിശ്ചിതത്വത്തിലാക്കുന്നത് കടുത്ത വഞ്ചനയാണ്. കഴിഞ്ഞ രണ്ടര വര്‍ഷമായി കേരളത്തിന് പുറത്തു പഠിക്കുന്ന ആയിരക്കണക്കിന് എസ്.സി-എസ്.ടി വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ് ഈ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. എസ്.സി-എസ്.ടി വിഭാഗങ്ങളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സ്‌കോളര്‍ഷിപ്പും ഫെലോഷിപ്പും കുടിശ്ശിക സഹിതം നല്‍കി പ്രശ്‌ന പരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കാന്‍ സര്‍ക്കാരും പട്ടിക ജാതി ക്ഷേമ വകുപ്പും തയാറാവണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.