‘എസ്.ഡി.പി.ഐയുടെ ആ വോട്ട് നേരെ മാമന്റെ പെട്ടിയിൽ വീണു; സഹായിച്ചാൽ നല്ലവനുക്ക് നല്ലവൻ, എതിർത്താൽ റൊമ്പ മോശം..!’ -മന്ത്രി അബ്ദുറഹ്മാനെതിരെ അബ്ദുറബ്ബ്
text_fieldsമലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിലെ ഇടതുസ്ഥാനാർഥിയും നിലവിലെ മന്ത്രിയുമായ വി. അബ്ദുറഹ്മാൻ വിജയിച്ചത് എസ്ഡിപിഐ, ബിജെപി വോട്ട് വാങ്ങിയാണെന്ന് മുസ്‍ലിം ലീഗ് നേതാവ് പി.കെ. അബ്ദുറബ്ബ്. ഇടതുപക്ഷത്തെ സഹായിച്ചാൽ എസ്.ഡി.പിഐയും ജമാഅത്തെ ഇസ്‍ലാമിയും സാക്ഷാൽ ബി.ജെ.പി പോലും നല്ലവനുക്ക് നല്ലവനാണെന്നും എതിർത്താൽ അവരാണ് മോശപ്പെട്ടവരേക്കാൾ റൊമ്പ മോശമെന്നും അദ്ദേഹം പരിഹസിച്ചു.
2016ൽ എസ്.ഡി.പി.ഐ താനൂരിൽ 1151 വോട്ട് നേടിയിരുന്നു. 2021ൽ അവർ മത്സരിച്ചില്ല. ബിജെപി 2016ൽ 11,051 വോട്ട് നേടിയിരുന്നു. 2021ൽ 10,590 വോട്ടാണ് നേടാനായത്. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസിനെ, വി. അബ്ദുറഹിമാൻ ആയിരത്തിൽ താഴെ വോട്ടുകൾക്കാണ് തോൽപ്പിച്ചത്. ഈ ഭൂരിപക്ഷം എസ്.ഡി.പി.ഐയും ബി.ജെ.പിയും സമ്മാനിച്ചതാണെന്ന് പറയുകയാണ് അബ്ദുറബ്ബ്.
തങ്ങളുടെ പിന്തുണയിലാണ് താനൂരിൽ വി. അബ്ദുറഹിമാൻ വിജയിച്ചതെന്നും മന്ത്രി വന്ന വഴി മറക്കരുതെന്നും പറഞ്ഞ് എസ്.ഡി.പി.ഐ മലപ്പുറം ജില്ല നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാൽ, എസ്.ഡി.പി.ഐ പിന്തുണ സ്വീകരിച്ചിരുന്നോയെന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറിയ മന്ത്രി ‘മാറ്റം ആഗ്രഹിച്ച ലീഗ് വിരുദ്ധരായ എല്ലാവരും ചേർന്നാണ് തനിക്ക് വോട്ട് ചെയ്തതെന്നും അവരെ തള്ളിപ്പറയുന്നില്ലെന്നും’ വ്യക്തമാക്കിയിരുന്നു.
അബ്ദുറബ്ബിന്റെ കുറിപ്പിന്റെ പൂർണരൂപം:
2016ലെയും 2021 ലെയും താനൂരിലെ
നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ചിത്രത്തിൽ. 2016 നെ അപേക്ഷിച്ച്
2021 ലുണ്ടായ മാറ്റം ഈ പട്ടിക കണ്ടാൽ നിങ്ങൾക്ക് മനസ്സിലാവും. 2021 ൽ SDPI താനൂരിൽ മത്സരിച്ചതേയില്ല... ആ വോട്ട് തെക്കും വടക്കും നോക്കാതെ നേരെ മാമൻ്റെ പെട്ടിയിൽ വീണു.
BJP ക്കാവട്ടെ 2016 ലേതിനേക്കാൾ മൊഞ്ചുള്ള സ്ഥാനാർത്ഥിയായിട്ടും
2021 ൽ വോട്ട് കുറയുകയും ചെയ്തു. ആകെ പോൾ ചെയ്തതിൽ
2016നേക്കാൾ 12000 ലേറെ വോട്ടുകൾ പോൾ ചെയ്ത 2021 ലാണ് BJP ക്കു
വോട്ടു ചോർച്ചയുണ്ടായത്...
ആ വോട്ടെവിടെപ്പോയി എന്നോർത്ത്
ആരും വിഷമിക്കേണ്ട.
2020ലെ താനൂർ നഗരസഭയിലെയടക്കം തദ്ദേശ തെരഞ്ഞെടുപ്പു ഫലം കൂടി
പരിശോധിച്ചാൽ മതി.
2020ൽ താനൂരിൽ BJP ക്ക്
7 സീറ്റുണ്ടായിരുന്നു,
ആ BJP വാർഡുകളിൽപ്പോലും
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ
LDF നായിരുന്നില്ലേ ലീഡ്.
SDPIയോ, ജമാഅത്തോ മാത്രമല്ല, സാക്ഷാൽ BJP പോലും നിങ്ങളെ സഹായിച്ചാൽ
അവർ നല്ലവനുക്ക് നല്ലവനാണ്.
നിങ്ങളെ ആരെതിർത്താലും
അവരാണ് മോശപ്പെട്ടവരേക്കാൾ
റൊമ്പ മോശം..!
മൂത്ത ലീഗ് വിരോധം നിമിത്തം
കല്ല്, കരട്, കാഞ്ഞിരക്കുറ്റി മുതൽ
മുള്ള് മുരട് മൂർഖൻ പാമ്പുമായി വരെ
കൂട്ടു കൂടുന്ന രാഷ്ട്രീയ പാപ്പരത്തത്തിൻ്റെ പേരാണ് ഇടതുപക്ഷം.
SDPIയോടും, ജമാഅത്തെ ഇസ്ലാമിയോടും, BJP യോടുമൊക്കെ ഇത്ര അരിശമാണ് അബ്ദുറഹിമാനെങ്കിൽ അവരുടെയൊക്കെ ചെലവിൽ നേടിയ MLA കുപ്പായം അങ്ങഴിച്ച് വെക്കണം മിനിസ്റ്റർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.