കശുവണ്ടി വ്യവസായത്തെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ
text_fieldsകൊല്ലം: സംസ്ഥാനത്ത് കശുവണ്ടി വ്യവസായം ഗുരുതര പ്രതിസന്ധി നേരിടുകയാണെന്നും മേഖലയെ രക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും എസ്.ഡി.പി.ഐസംസ്ഥാന പ്രസിഡൻറ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. കശുവണ്ടി വ്യവസായികളും തൊഴിലാളികളും നടത്തുന്ന റിലേ സത്യഗ്രഹ സമരപന്തൽ സന്ദർശിച്ച് അഭിവാദ്യമർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാഴ്ചയായി റിലേ സത്യഗ്രഹം തുടർന്നിട്ടും സർക്കാർ കണ്ണുതുറക്കാത്തത് പ്രതിഷേധാർഹമാണ്. പ്രതിസന്ധി മൂലം 95 ശതമാനത്തോളം വ്യവസായ സംരംഭങ്ങളും അടച്ചു പൂട്ടിയ നിലയിലാണ്. വൻ മൂലധന നിക്ഷേപം ആവശ്യമായ ബിസിനസ് ബാങ്കുകളിൽ നിന്നും മാറ്റും വായ്പ എടുത്താണ് നടത്തിവന്നത്. തുക തിരിച്ചടവിൽ ബാങ്കുകൾ കടുത്ത നിലപാടെടുത്തതാണ് മേഖല സ്തംഭനാവസ്ഥയിലാക്കിയത്.
വ്യവസായ മാന്ദ്യത്തെത്തുടർന്ന് തിരിച്ചടവിന് കാലയളവ് നീട്ടി കഴിഞ്ഞ സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും നടപ്പാക്കാൻ ബാങ്കുകൾ തയ്യാറായിട്ടില്ല. ജപ്തി നടപടികളുമായി ബാങ്കുകൾ മുന്നോട്ടു പോവുകയാണ്. 800 ലധികം വ്യവസായ സ്ഥാപനങ്ങളിലായി മൂന്നര ലക്ഷത്തിലധികം തൊഴിലാളികളും അവരുടെ കുടുംബങ്ങളും പട്ടിണിയിലാണ്. അഞ്ചു പേർ ഇതിനകം ആത്മഹത്യ ചെയ്തിരിക്കുകയാണ്.
സംസ്ഥാനത്ത് പരമ്പരാഗത വ്യവസായങ്ങൾ മുഴുവൻ താർന്നടിയുകയാണ്. വ്യവസായ മേഖലയെ കൈ പിടിച്ചുയർത്തിയെന്ന അവകാശവാദമുന്നയിക്കുന്ന സംസ്ഥാന സർക്കാർ കാണിക്കുന്ന നിഷേധാത്മക സമീപനം അപലപനീയമാണ്. കശുവണ്ടി വ്യവസായ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ജനകീയപ്രക്ഷോഭങ്ങൾക്ക് ഇടയാക്കുമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.