കണ്ണൂരിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു
text_fieldsകൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പില്‍ എസ്.ഡി.പി.ഐ പ്രവര്ത്തകൻ വെട്ടേറ്റുമരിച്ചു. കണ്ണവം സ്വദേശി സയ്യിദ് മുഹമ്മദ് സലാഹുദ്ദീന് (30) ആണ് കൊല്ലപ്പെട്ടത്. കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കവെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 3.40ഓടെ ചിറ്റാരിക്കടവിനടുത്ത് കൈച്ചേരിയിലായിരുന്നു സംഭവം.
രണ്ട് സഹോദരിമാര്‍ക്കൊപ്പം കൂത്തുപറമ്പില്‍നിന്ന് കണ്ണവത്തെ വീട്ടിലേക്ക് വരുന്നതിനിടെ കാറിന് പിന്നില്‍ ബൈക്ക് ഇടിച്ചതിനെ തുടര്‍ന്ന് സലാഹുദ്ദീന് വാഹനത്തില്‍നിന്ന് ഇറങ്ങി. ഈ സമയം രണ്ടുപേര്‍ പിന്നില്‍നിന്ന് വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നുവത്രെ. തുടര്‍ന്ന് അക്രമിസംഘം രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്്. കഴുത്തിലും, തലക്കും ആഴത്തിൽ വെട്ടേറ്റ യുവാവിനെ ഉടൻ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണവം ലത്തീഫിയ ഹൗസിൽ യാസിൻ കോയ തങ്ങളുടെയും നുസൈബയുടെയും മകനാണ് സലാഹുദ്ദീന്. സഹോദരങ്ങൾ: നിസാമുദ്ദീൻ, ഫസലുദ്ദീൻ, ലത്തീഫ, സാഹിദ, സഹിദയ.
കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. 2018 ജനുവരി 19ന് എ.ബി.വി.പി പ്രവര്‍ത്തകനും കാക്കയങ്ങാട് ഐ.ടി.ഐ വിദ്യാര്‍ഥിയുമായിരുന്ന ശ്യാമപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഏഴാം പ്രതിയാണ് സലാഹുദ്ദീന്. സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്. കണ്ണൂർ ജില്ല പൊലീസ് മേധാവി യതീഷ് ചന്ദ്രയും ഉന്നത പൊലീസ് സംഘവും സ്ഥലം സന്ദർശിച്ചു. ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും തെളിവുകൾ ശേഖരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.