ജനങ്ങളുടെ നടുവൊടിക്കുന്ന ഇടതു സര്‍ക്കാരിന്റെ നികുതിക്കൊള്ളക്കെതിരെ എസ്.ഡി.പി.ഐയുടെ പ്രതിഷേധ വാരം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ നടുവൊടിക്കുന്ന തരത്തില്‍ നികുതി ഭാരവും ഫീസ് വര്‍ധനവും അടിച്ചേല്‍പ്പിക്കുന്ന ഇടതു സര്‍ക്കാരിന്റെ പകല്‍ക്കൊള്ളയ്ക്കെതിരേ ഈ മാസം എട്ടു മുതല്‍ 15 വരെ പ്രതിഷേധവാരമായി ആചരിക്കുമെന്ന് എസ്.ഡി.പി.ഐ. 'ധൂര്‍ത്തടിക്കാന്‍ പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ പ്രതിഷേധ വാരം' എന്ന തലക്കെട്ടില്‍ സംസ്ഥാന വ്യാപകമായി വിവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട സര്‍വ മേഖലകളിലും അമിത നികുതിയും അന്യായ ഫീസും വിലവര്‍ധനവും അടിച്ചേല്‍പ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സാമൂഹിക സുരക്ഷാ സെസ് എന്ന പേരില്‍ ഇന്ധനവിലയോടൊപ്പം രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി. ഭൂമിയുടെ ന്യായവിലയില്‍ 20 ശതമാനമാണ് വര്‍ധന. കെട്ടിട നികുതിയും ഉപനികുതിയും അഞ്ച് ശതമാനം വര്‍ധിപ്പിച്ചു. വാഹനനികുതിയും കോടതി വ്യവഹാരങ്ങളുടെ സ്റ്റാംപ് നിരക്കും വര്‍ധിപ്പിച്ചു. അവശ്യമരുന്നുകള്‍ക്കു പോലും അമിതമായി വില വര്‍ധിപ്പിച്ചിരിക്കുകയാണ്. വെള്ളക്കരവും വൈദ്യുതി ചാര്‍ജും വര്‍ധിപ്പിച്ചു.
കെട്ടിട നിര്‍മാണ പെര്‍മിറ്റിന്റെ പേരില്‍ പകല്‍ക്കൊള്ളയാണ് സര്‍ക്കാര്‍ നടത്തുന്നത്. 1614 സ്‌ക്വയര്‍ അടി വരെയുള്ള വീടിനുള്ള പെര്‍മിറ്റിനും അപേക്ഷാ ഫീസിനുമായി പഞ്ചായത്തുകളില്‍ 555 രൂപ ഈടാക്കിയിരുന്നത് 8509 രൂപയായി വര്‍ധിപ്പിച്ചിരിക്കുന്നു. മുനിസിപാലിറ്റിയില്‍ 555 രൂപ ഈടാക്കിയിരുന്നത് 11500 രൂപയായും കോര്‍പറേഷന്‍ പരിധിയില്‍ 800 രൂപയായിരുന്നത് 16000 രൂപയുമായാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ക്വാറി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കും അന്യായമായി വില വര്‍ധിപ്പിച്ചിരിക്കുന്നു. ഇതോടെ സാധാരണക്കാരന് സ്വന്തമായി വീടെന്ന സ്വപ്നം ബാലികേറാ മലയായി മാറുമെന്നും സംസ്ഥാന ട്രഷറര്‍ അഡ്വ. എ.കെ സ്വലാഹുദ്ദീന്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.