കടൽക്ഷോഭം: തൃശൂർ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ തുറന്നു, കൊല്ലം ജില്ലയിൽ പരക്കെ നാശം
text_fieldsതൃശൂർ: കടൽക്ഷോഭത്തെ തുടർന്ന് തൃശൂർ ജില്ലയിൽ അഞ്ച് ക്യാമ്പുകൾ തുറന്നു. ചാവക്കാട്, കൊടുങ്ങല്ലൂർ താലൂക്കുകളിലാണ് ക്യാമ്പുകൾ തുറന്നത്. ഇതു വരെ 105 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചു. കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട് എ.എം.ഐ.യു.പി സ്കൂളിൽ ഏഴ് കുടുംബങ്ങളെയാണ് മാറ്റി പാർപ്പിച്ചത്. 21 പേരാണ് ഇവിടെയുള്ളത്.
എടവിലങ്ങ് ഫിഷറീസ് സ്കൂളിൽ 10 കുടുംബങ്ങളിൽ നിന്നായി 32 പേരുണ്ട്. എടവിലങ്ങ് സെന്റ് ആൽബന സ്കൂളിൽ ഏഴ് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്. 27 പേരാണ് ഇവിടെയുള്ളത്. പടിഞ്ഞാറെ വെമ്പല്ലൂരിലെ എം ഇ എസ് സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ ഒരു കുടുംബത്തിലെ മൂന്നു പേരുണ്ട്. ചാവക്കാട് താലൂക്കിലെ കടപ്പുറം പഞ്ചായത്ത് ഗവ. വിഎച്ച്എസ്ഇയിൽ ആറ് കുടുംബങ്ങളിൽ നിന്നായി 22 പേരുണ്ട്.
കൊല്ലം ജില്ലയിൽ പരക്കെ നാശം; ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം
കൊല്ലം: ന്യൂനമർദം ശക്തി പ്രാപിച്ചതോെട നിർത്താതെ പെയ്ത മഴയിൽ ജില്ലയിൽ വൻദുരിതം. കടലാക്രമണം രൂക്ഷമായതോടെ തീരപ്രദേശങ്ങളിൽ ഇരവിപുരം താന്നി-കൊല്ലം പരവൂർ റോഡുകൾ തകർന്നു. പരവൂർ കായലിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് തെക്കുംഭാഗം കാപ്പിലിൽ പൊഴി മുറിച്ചു. മയ്യനാട് മുക്കത്ത് മുൻപ് മുറിച്ച പൊഴി റോഡ് തകർന്ന് കായലും കടലും ഒന്നായി. വേലിയേറ്റ ദുരിതം രൂക്ഷമായ മൺറോതുരുത്തിൽ മഴക്കെടുതി കൂടി ആയതോടെ ജനജീവിതം ദുസ്സഹമായി.
നഗരത്തിൽ ഉൾപ്പെടെ വൈദ്യുതി വിതരണം താറുമാറായി. കനത്ത മഴയിലും കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണതോടെ അഗ്നിശമന സേനക്കും തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും വിശ്രമമില്ലാത്ത ദിനമായിരുന്നു വെള്ളിയാഴ്ച. ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വീടുകൾ തകർന്നു. ടൗേട്ടാ ചുഴലിക്കാറ്റ് മുന്നറിപ്പുള്ളതിനാൽ ശ്രീലങ്കയിൽ നിന്നുള്ള ബാർജുകൾ ഉൾപ്പെടെ ആറ് കപ്പലുകൾ കൊല്ലം പോർട്ടിൽ നങ്കൂരമിട്ടു. അടിയന്തര സാഹചര്യം പരിഗണിച്ച് കലക്ട്രേറ്റിലും ആറ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു. 358 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി. ആൻറിജൻ പരിശോധന നടത്തിയ ശേഷമായിരിക്കും ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റുന്നത്. നിലവിൽ െകാല്ലം താലൂക്കിലെ തൃക്കോവിൽവട്ടം എൻ.എസ്.എസ് യു.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 24 പേരെ മാറ്റിപാർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.