വിഴിഞ്ഞത്ത് കടൽ ചുഴലിക്കാറ്റ്; തീരത്ത് ആശങ്ക
text_fieldsവിഴിഞ്ഞം: വിഴിഞ്ഞത്ത് നാട്ടുകാരെ ആശങ്കയിലാക്കി തീരത്ത് വാട്ടർ സ്പോട്ട് എന്ന കടൽ ചുഴലിക്കാറ്റ് പ്രതിഭാസം. സാധാരണയായി കൊടുംകാറ്റും മഴയുമുള്ളഘട്ടത്തിൽ ഉൾക്കടലിൽ മാത്രമുണ്ടാകുന്ന പ്രതിഭാസം ബുധനാഴ്ച ആദ്യമായി വിഴിഞ്ഞം തുറമുഖത്തിന് സമീപം പ്രത്യക്ഷപ്പെട്ടത് മത്സ്യത്തൊഴിലാളികളുടെ ചങ്കിടിപ്പ് കൂട്ടി. ഒരു ബോട്ട് ചുഴലിയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്കായിരുന്നു.
വൈകീട്ട് നാലു മണിയോടെ അന്താരാഷ്ട്ര തുറമുഖത്തിനും മാരിടൈം ബോർഡിന്റെ തുറമുഖത്തിനും മധ്യേ തീരത്ത് നിന്ന് കഷ്ടിച്ച് രണ്ട് കിലോമീറ്റർ ഉൾക്കടലിലാണ് ആദ്യം ചുഴലി പ്രത്യക്ഷപ്പെട്ടത്. നാല്പത് മീറ്റർ ചുറ്റളവ് വിസ്തീർണ്ണത്തിൽ ചുറ്റിയടിച്ച കാറ്റ് കടൽജലത്തെ ശക്തമായി ആകാശത്തേക്ക് വലിച്ചു കയറ്റി.
ചോർപ്പിന്റെ ആകൃതിയിൽ വെള്ളം ഉയരുന്നത് അപ്രതീക്ഷിതമായി കണ്ട മത്സ്യത്തൊഴിലാളികൾ ദൃശ്യം മൊബൈൽ കാമറകളിൽ പകർത്തി. വെള്ളത്തിന് മുകളിൽ കൂടി വീശിയ വാട്ടർസ്പ്പോട്ട് (വെള്ളം ചീറ്റൽ) പ്രതിഭാസം വലിയ കടപ്പുറം ഭാഗത്തെ മണൻ പ്പരപ്പിൽ അവസാനിച്ചു. ഏകദേശം കാൽ മണിക്കൂറോളം നീണ്ടുനിന്ന ചുഴലിയുടെ വരവ് കണ്ട് ഒരു മത്സ്യബന്ധന ബോട്ട് വെട്ടിത്തിരിച്ച് വേഗത്തിൽ ഓടിച്ചതിനാൽ അപകടം ഒഴിവായി.
എന്താണ് വാട്ടർ സ്പോട്ട്?
ചുഴലിക്കാറ്റ് മൂലമുണ്ടാകുന്ന വെള്ളത്തിന്റെയും സ്പ്രേയുടെയും ഒരു നിരയാണ് വാട്ടർ സ്പോട്ട്. സാധാരണ വെള്ളത്തിന് മുകളിൽ ഉണ്ടാകുന്ന ഈ ചുഴലിക്കാറ്റ് കപ്പലുകൾക്കും ബോട്ടുകൾക്കും അപകടം വരുത്താം. മേഘങ്ങളോടും ഉയർന്ന കാറ്റിനോടും കൂടിയതാണ് ഇത്തരം പ്രതിഭാസമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ശക്തമായ കാറ്റും മഴയുമുള്ള കാലാവസ്ഥയിൽ ഉൾക്കടലിൽ ഈ പ്രതിഭാസം ഇടവിട്ട് ഉണ്ടാകാറുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.