കടലാക്രമണം; സർക്കാർ തരും സ്ഥലവും വീടും
text_fieldsകൊച്ചി: കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പദ്ധതിയുമായി ഫിഷറീസ് വകുപ്പ്. കടലോരത്തുനിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്നവർക്ക് സുരക്ഷിത വാസസ്ഥാനങ്ങൾ ഒരുക്കുന്ന പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായി. 2021ൽ പൂർത്തീകരിക്കാൻ ലക്ഷ്യമിടുന്ന പദ്ധതിക്ക് ആദ്യഘട്ടത്തിൽ 150 കോടിയാണ് ചെലവഴിക്കുന്നത്. തീരപ്രദേശത്തുനിന്ന് 200 മീറ്ററിനു പുറത്ത് ഗുണഭോക്താക്കൾക്ക് ഇഷ്ടമുള്ള രണ്ടോ മൂന്നോ സെൻറ് സ്ഥലം കണ്ടെത്താം. സ്ഥലത്തിന് ആറു ലക്ഷവും വീട് നിർമിക്കാൻ നാലു ലക്ഷവും ഉൾപ്പെടെ പത്തു ലക്ഷം രൂപ ഒരു കുടുംബത്തിന് സർക്കാർ നൽകും.
സ്വന്തമായി സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടുള്ളവർക്ക് സർക്കാർ ഒരുമിച്ച് സ്ഥലം ഏറ്റെടുത്ത് കൈമാറും. സംസ്ഥാനത്തെ കടലോരങ്ങളുടെ 50 മീറ്ററിനുള്ളിൽ കടലാക്രമണ ഭീഷണി നേരിടുന്ന 24,454 കുടുംബങ്ങളുണ്ടെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് കൂടുതൽ. പതിനായിരത്തോളം കുടുംബങ്ങൾ അതീവ കടലാക്രമണ ഭീഷണി നേരിടുന്നവയാണ്. ഇവർക്ക് എല്ലാ വർഷവും വീടും ജീവനോപാധികളും നഷ്ടപ്പെടുന്നു. തിരുവനന്തപുരം ജില്ലയിൽ പദ്ധതിക്കായി ഒരേക്കറിലധികം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ 1500 കുടുംബങ്ങളെ പുനരധിവസിപ്പിക്കുകയാണ് ലക്ഷ്യം. ഗുണഭോക്താക്കൾ സ്വന്തമായി ഭൂമി കണ്ടെത്തിയാൽ വില സ്ഥലമുടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. ജില്ലതല സമിതികളാണ് ഒാരോ ജില്ലയിലെയും ഗുണഭോക്താക്കളുടെ അന്തിമ പട്ടിക തയാറാക്കുന്നത്.
കടലാക്രമണത്തിൽ ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് സ്ഥലം വാങ്ങി വീടുവെക്കാൻ ധനസഹായം നൽകുന്ന പദ്ധതിക്ക് സർക്കാർ കഴിഞ്ഞവർഷം തുടക്കമിട്ടിരുന്നു. ഇതിെൻറ തുടർച്ചയായി പദ്ധതിയുടെ ആനുകൂല്യം കടലാക്രമണ ഭീഷണി നേരിടുന്ന എല്ലാ കുടുംബങ്ങൾക്കും ബാധകമാക്കുകയാണ് ഇപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.