കടൽകയറ്റം: ശാശ്വതപരിഹാരത്തിന് നടപടി സ്വീകരിക്കണം –ഹൈകോടതി
text_fieldsകൊച്ചി: കടൽകയറ്റം തടയാൻ ശാശ്വത പരിഹാരത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി. ഇക്കാര്യത്തിൽ രണ്ട് സർക്കാറുകളുടെയും യോജിച്ച പ്രവർത്തനമാണ് ഉണ്ടാകേണ്ടതെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
തീരവാസികളോടുള്ള സർക്കാർ അവഗണനക്കെതിരെ ആലപ്പുഴ കലവൂർ കൃപാസനം കോസ്റ്റൽ മിഷൻ ഡയറക്ടർ ഫാ. ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ നൽകിയ ഹരജിയിലാണ് ഉത്തരവ്. ഫലപ്രദമായ കടൽഭിത്തി അടക്കം ആവശ്യങ്ങളുന്നയിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
കൊച്ചി മുതൽ ആലപ്പുഴ വരെയുള്ള തീരവാസികൾക്ക് കൊച്ചിൻ പോർട്ട് വികസന പദ്ധതിമൂലം ഏറെ നഷ്ടങ്ങൾ നേരിടേണ്ടിവന്നതായി ഹരജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നീന്തൽ വിദഗ്ധരായ മൽസ്യത്തൊഴിലാളികളെ എമർജൻസി കോസ്റ്റൽ റെസ്ക്യൂ ഫോഴ്സ് ഓപറേഷൻ സ്ക്വാഡിൽ ഉൾപ്പെടുത്തണം. തീരവാസികൾക്കായി പ്രത്യേക ക്ഷേമപദ്ധതികൾ നടപ്പാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു. തീരദേശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്ന് സംസ്ഥാന സർക്കാറും ആലപ്പുഴ ജില്ല കലക്ടറും അറിയിച്ചെങ്കിലും ശാശ്വത നടപടികൾ ഇതുവരെ ഉണ്ടായിട്ടില്ലെന്നായിരുന്നു ഹരജിക്കാരുടെ വാദം.
തുടർന്നാണ് ശാശ്വത പരിഹാരത്തിന് നടപടി സ്വീകരിക്കാൻ കോടതി കേന്ദ്ര പരിസ്ഥിതി സെക്രട്ടറിക്കും സംസ്ഥാന ചീഫ് സെക്രട്ടറിക്കും കോടതി നിർദേശം നൽകിയത്.
മത്സ്യത്തൊഴിലാളികളെയും ബോട്ടുകളെയും ഉൾപ്പെടുത്തി സീ റെസ്ക്യൂ സ്ക്വാഡ് യൂനിറ്റ് ആരംഭിക്കാനുള്ള പദ്ധതി തയാറായതായി ഫിഷറീസ് വകുപ്പ് അറിയിച്ചു. 900 സീ റെസ്ക്യൂ സ്ക്വാഡുകൾ നിയോഗിക്കാനാവശ്യമായ പണം അനുവദിച്ചു. ഒമ്പത് തീരദേശ ജില്ലകളിൽ നിന്നുള്ള 612 മത്സ്യത്തൊഴിലാളികൾക്ക് ഗോവ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം നൽകിയതായും യൂനിഫോമും സുരക്ഷ ഉപകരണങ്ങളും വിതരണം ചെയ്തതായും സർക്കാർ അറിയിച്ചു.
2019ലെ തീര നിയന്ത്രണ മേഖല (സി.ആർ.ഇസഡ്) വിജ്ഞാപനത്തിെൻറ അടിസ്ഥാനത്തിൽ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം തയാറാക്കിയ സംസ്ഥാന തീരദേശ പരിപാലന പദ്ധതി സംബന്ധിച്ച അന്തിമ റിപ്പോർട്ട് വ്യക്തമായി പരിശോധിച്ചശേഷം മാത്രം പരിസ്ഥിതി മന്ത്രാലയത്തിന് നൽകണമെന്ന് ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.
സംയോജിത മത്സ്യബന്ധന വികസന പദ്ധതി തയാറാക്കാനുള്ള വിദഗ്ധസമിതി രൂപവത്കരണത്തിനടക്കം റിപ്പോർട്ട് പരിഗണിക്കാനാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.