കടൽ കലിതുള്ളുന്നു; വീടുകൾ കടലെടുത്തു, ചെല്ലാനത്ത് ഒരു മരണം
text_fieldsചുഴലിക്കാറ്റിനോടനുബന്ധിച്ച് സംസ്ഥാനത്ത് മഴയും കടലാക്രമണവും ശക്തമായി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കടുത്ത കടൽക്ഷോഭമാണ് അനുഭവപ്പെട്ടത്. നിരവധി വീടുകൾ തകർന്നു. എറണാകുളം ജില്ലയിൽ ഒരാൾ മരിച്ചു.
കോവിഡ് ഭീഷണിക്കിടയിലും താൽക്കാലിക ക്യാമ്പുകൾ
കോവിഡ് ഭീഷണിക്കിടയിലും താൽക്കാലിക ക്യാമ്പുകൾ ഒരുക്കി വീട് തകർന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തൃശൂരിൽ അഞ്ചും എറണാകുളം തിരുവനന്തപുരം ജില്ലകളിൽ നാലും, മലപ്പുറം ജില്ലയിൽ മൂന്നും കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓരോ ക്യാമ്പുകളുമായി ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ ആരംഭിച്ചത്.
തിരുവനന്തപുരത്ത് 308 പേരെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരത്ത് തീരദേശത്തടക്കം ശക്തമായ കടലാക്രമണവും മഴയും തുടരുകയാണ്. ജില്ലയിൽ 78 കുടുംബങ്ങളിലായി 308 പേരെ മാറ്റിപ്പാർപ്പിച്ചു. ശക്തമായ കടലാക്രമണത്തിലും മഴയിലുമായി 32 വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. മഴ ശക്തമായതോടെ അരുവിക്കര ഡാമിെൻറ നാലു ഷട്ടറുകളും തുറന്നിട്ടുണ്ട്.
കൊല്ലം പോർട്ടിൽ ആറു കപ്പലുകൾ നങ്കൂരമിട്ടു
െകാല്ലം ജില്ലയിലെ ഇരവിപുരം താന്നി-കൊല്ലം പരവൂർ തീരപ്രദേശ റോഡുകൾ തകർന്നു. പരവൂർ കായലിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് തെക്കുംഭാഗം കാപ്പിലിൽ പൊഴി മുറിച്ചു. മയ്യനാട് മുക്കത്ത് മുമ്പ് മുറിച്ച പൊഴി റോഡ് തകർന്ന് കായലും കടലും ഒന്നായി. ആലപ്പാട്ടെ വെള്ളനാ തുരുത്തു മുതൽ അഴീക്കൽവരെ വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകൾക്ക് നാശമുണ്ടായി. നഗരത്തിൽ ഉൾപ്പെടെ വൈദ്യുതി വിതരണം താറുമാറായി.
ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ ശ്രീലങ്കയിൽനിന്നുള്ള ബാർജുകൾ ഉൾപ്പെടെ ആറു കപ്പലുകൾ െകാല്ലം പോർട്ടിൽ നങ്കൂരമിട്ടു. അടിയന്തര സാഹചര്യം പരിഗണിച്ച് കലക്ടറേറ്റിലും ആറ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ തുറന്നു.
ചെല്ലാനത്ത് നിരവധി വീടുകളിൽ വെള്ളംകയറി
എറണാകുളം ജില്ലയിലെ ചെല്ലാനം, വൈപ്പിൻ മേഖലകളിലാണ് കടൽക്ഷോഭം ഏറ്റവും ശക്തമായത്. ചെല്ലാനത്ത് നിരവധി വീടുകളിൽ വെള്ളംകയറി. ഇതിനിടെ ഒഴുക്കിൽപെട്ട് വടക്കേ ചെല്ലാനത്ത് ആൻറണി വലിയപറമ്പിൽ (60) മരിച്ചു. ചെല്ലാനം, സൗദി, മാനാശ്ശേരി തുടങ്ങിയ ഭാഗങ്ങളിലെ ആയിരക്കണക്കിന് വീടുകളിേലക്ക് വെള്ളം കുത്തിയൊലിച്ചെത്തി. കോവിഡ് ഭീതി കാരണം ക്യാമ്പുകളിലേക്ക് പോകാൻ ആരും തയാറല്ലാത്തതിനാൽ സമീപ പ്രദേശങ്ങളിലെ ബന്ധുവീടുകളിലാണ് അഭയം പ്രാപിച്ചത്.
ഒറ്റമശ്ശേരിയിൽ 10 വീടുകൾ തകർന്നു
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചേർത്തല താലൂക്കുകളിൽ കടലാക്രമണം അതിരൂക്ഷമായിരുന്നു. ചേർത്തല ഒറ്റമശ്ശേരിയിൽ 10 വീടുകൾ തകർന്നു. കടക്കരപ്പള്ളി, പട്ടണക്കാട്, അന്ധകാരനഴി, ഒറ്റമശ്ശേരി, ചേന്നവേലി, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, നീർക്കുന്നം, പുറക്കാട്, ആറാട്ടുപുഴ ഭാഗങ്ങളിൽ കടലാക്രമണത്തിൽ നിരവധിവീടുകൾ തകർന്നു.
ആറാട്ടുപുഴയിൽ നൂറുകണക്കിന് വീടുകളിലാണ് വെള്ളംകയറിയത്. പെരുമ്പള്ളിയിൽ തീരദേശ റോഡ് പൂർണമായും തകർന്നു. പലയിടങ്ങളിലും റോഡ് മണ്ണിനടിയിലാണ്. അരൂരിൽ കടലാക്രമണത്തിൽ 50 വീടുകളിൽ വെള്ളം കയറി. അടിയന്തരസാഹചര്യം നേരിടാൻ ദേശീയ ദുരന്തനിവാരണസേനയുടെ സംഘം ആലപ്പുഴയിലെത്തി.
200 മീറ്ററോളം കരയിലേക്ക് കയറി
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളിലാണ് കടൽക്ഷോഭം അതിരൂക്ഷമായത്. നിരവധി വീടുകൾക്ക് നാശം നേരിട്ടിട്ടുണ്ട്. ചാവക്കാട് കടപ്പുറം, അഞ്ചങ്ങാടി എന്നിവിടങ്ങളിലും കടലേറ്റം ശക്തമാണ്. പ്രദേശമാകെ വെള്ളം കയറി. വീടുകൾ വെള്ളത്തിലാണ്. താമസക്കാരെ ഒഴിപ്പിച്ചുവരുന്നു. വാടാനപ്പള്ളി പൊക്കാഞ്ചേരി, ഏങ്ങണ്ടിയൂരിലെ ഏത്തായ് ബീറ്റ്, ചേറ്റുവ അഴിമുഖം എന്നിവിടങ്ങളിലും കടൽ 200 മീറ്ററോളം കരയിലേക്ക് കയറി.
പൊന്നാനിയിൽ 70ഓളം വീടുകൾ ഭാഗികമായി തകർന്നു
മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ 70ഓളം വീടുകൾ ഭാഗികമായി തകർന്നു. നൂറിലധികം വീടുകളിൽ വെള്ളം കയറി. കൂട്ടായി പടിഞ്ഞാറെക്കര, വള്ളിക്കുന്ന്, പരപ്പനങ്ങാടി ഭാഗങ്ങളിലും കടലാക്രമണമുണ്ടായി. പരപ്പനങ്ങാടിയിൽ ഹാർബറിെൻറ പുലിമുട്ടിന് നാശമുണ്ടായി.
ചോമ്പാല ഹാർബറിനു സമീപം പത്തോളം തോണികൾ തകർന്നു
കോഴിക്കോട് ജില്ലയിലെ ചോമ്പാല ഹാർബറിനു സമീപം കെട്ടിയിട്ട പത്തോളം തോണികൾ തകർന്നു. േബപ്പൂരിൽ പെട്ടിക്കടകൾ ഒലിച്ചുപോയി. ജങ്കാറിെൻറ ജെട്ടിയും ടിക്കറ്റ് കൗണ്ടറും ഭാഗികമായി തകർന്നു. ചാലിയം, കടലുണ്ടി ഭാഗത്തും വലിയ നാശനഷ്ടമുണ്ട്. ശാന്തിനഗർ കോളനി, സൗത്ത് ബീച്ച്, പള്ളിക്കണ്ടി ഭാഗത്ത് നിരവധി വീടുകളിലേക്ക് കടൽവെള്ളം കയറി.
കണ്ണൂർ ജില്ലയിൽ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ന്യൂ മാഹി, മെതാനപ്പള്ളി എന്നിവിടങ്ങളിലാണ് ശക്തമായ കടൽക്ഷോഭം അനുഭവപ്പെട്ടത്.
കനത്ത മഴയിൽ കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായി. അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ്, കുമരകം, വെച്ചൂർ, തലയാഴം, ടി.വി. പുരം, ഉദയനാപുരം, ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലായി നൂറിലധികം വീടുകളാണ് വെള്ളത്തിലായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.