കേരളത്തിൽ കടൽക്ഷോഭം മൂന്നിരട്ടി
text_fieldsബേപ്പൂർ: തീരപ്രദേശത്തെ ദുർബല ജന വിഭാഗങ്ങൾക്ക് ഭീഷണിയായി സംസ്ഥാനത്ത് കടൽക്ഷോഭം വലിയതോതിൽ വർധിക്കുന്നതായി കുഫോസ് (കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) പഠനം.
2012 മുതൽ 2023 വരെ കേരളത്തിലെ തീരപ്രദേശങ്ങളിൽ നടന്ന 684 കടൽക്ഷോഭങ്ങൾ കുഫോസ് ഗവേഷകർ വിശകലനം ചെയ്തപ്പോഴാണ് ഈ കണ്ടെത്തൽ. പ്രധാന കടൽക്ഷോഭ ഇടങ്ങളും (ഹോട്ട് സ്പോട്ട്) തിരിച്ചറിഞ്ഞു. 12 വർഷത്തെ പഠന കാലയളവിൽ സമീപവർഷങ്ങളിൽ കടൽക്ഷോഭത്തിൽ മൂന്നിരട്ടി വർധനവുണ്ടായതായി കണ്ടെത്തി.
കണ്ണൂർ, കാസർകോട് കുറവ്
ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് ഏറ്റവും കൂടുതൽ. യഥാക്രമം 134, 121 കടൽക്ഷോഭം ഇവിടെയുണ്ടായി. കണ്ണൂർ, കാസർകോട് തുടങ്ങിയ വടക്കൻ ജില്ലകളിൽ വളരെ കുറവാണ്. ഇത് കേരളത്തിന്റെ തീരത്തുടനീളമുള്ള അപകടസാധ്യതയുടെ വ്യത്യസ്ത തലങ്ങളെ സൂചിപ്പിക്കുന്നതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഹോട്ട് സ്പോട്ടുകൾ 11
കുഫോസ് പഠനത്തിൽ 11 പ്രധാന കടൽക്ഷോഭ ഹോട്ട് സ്പോട്ടുകൾ കണ്ടെത്തി മാപ്പ് ചെയ്തു. ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം എന്ന സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചത്.
തിരുവനന്തപുരത്തെ വലിയതുറ, പൊഴിയൂർ, ആലപ്പുഴയിലെ പുറക്കാട്, അമ്പലപ്പുഴ, ആറാട്ടുപുഴ, പുന്നപ്ര, എറണാകുളത്തെ ചെല്ലാനം, എടവനക്കാട്, തൃശൂരിലെ എറിയാട്, എടവിലങ്ങ്, മലപ്പുറത്തെ പൊന്നാനി എന്നിവ ഉൾപ്പെടുന്നു. ഈ ഹോട്ട് സ്പോട്ടുകൾ തിരിച്ചറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നത് ഫലപ്രദമായ തീരസംരക്ഷണനയങ്ങൾ നടപ്പാക്കാനും ദുരന്തനിവാരണ തയാറെടുപ്പുകൾ ശക്തിപ്പെടുത്താനും നിർണായകമാണെന്ന് ഗവേഷകൻ ഡോ. സഞ്ജയ് ബാലചന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.