സീ വിജിൽ 24; ഒരുങ്ങി കൊച്ചി
text_fieldsകൊച്ചി: രാജ്യത്തുടനീളം രണ്ടുവർഷത്തിലൊരിക്കൽ നാവികസേനയുടെ നേതൃത്വത്തിൽ നടക്കുന്ന നാലാമത് സീ വിജിൽ തീരദേശ പ്രതിരോധ അഭ്യാസത്തിനായി കൊച്ചിയിലെ ദക്ഷിണ നാവികസേന ആസ്ഥാനവും (എസ്.എൻ.സി) ഒരുങ്ങി. തീരസുരക്ഷയും പ്രതിരോധവും മുൻനിർത്തി ബുധൻ, വ്യാഴം ദിവസങ്ങളിലാണ് വിവിധ തീരദേശങ്ങൾ കേന്ദ്രീകരിച്ച് സീ വിജിൽ അരങ്ങേറുന്നത്. എസ്.എൻ.സിക്കുകീഴിൽ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കും. കൊച്ചി നാവികസേന ആസ്ഥാനത്തെ ജോയൻറ് ഓപറേഷൻസ് സെൻറർ ആണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
നാവികസേനക്കൊപ്പം കേരള പൊലീസ്, സി.ഐ.എസ്.എഫ്, കോസ്റ്റൽ പൊലീസ്, ഫിഷറീസ്, എൻ.സി.സി, കസ്റ്റംസ്, തുറമുഖം, ഇന്ത്യൻ റിസർവ് ബറ്റാലിയൻ തുടങ്ങി 16 ഏജൻസികൾ കേരളത്തിലും ലക്ഷദ്വീപ് പൊലീസ്, അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെ 11 ഏജൻസികൾ ലക്ഷദ്വീപിലും സീ വിജിലിന്റെ ഭാഗമാകും. നവംബർ 26ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തീരദേശ സുരക്ഷ വർധിപ്പിക്കാനും നിലവിലെ പ്രവർത്തനങ്ങൾ വിലയിരുത്താനുമായി 2019 മുതൽ രണ്ടു വർഷത്തിലൊരിക്കൽ തീരദേശ പ്രതിരോധ അഭ്യാസം സംഘടിപ്പിക്കാൻ ആരംഭിച്ചത്.
പരിശീലനവും മറ്റും പൂർത്തിയായതായി എസ്.എൻ.സി സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ക്യാപ്റ്റന് എസ്. ഓമനക്കുട്ടന് വാർത്തസമ്മേളനത്തിൽ അറിയിച്ചു. തുറമുഖങ്ങൾ, ഓയിൽ റിഗ്ഗുകൾ, സിംഗിൾ പോയൻറ് മൂറിങ്ങുകൾ, കേബിൾ ലാൻഡിങ് പോയൻറുകൾ തുടങ്ങിയ ഇടങ്ങൾ കേന്ദ്രീകരിച്ചായിരിക്കും അഭ്യാസം. തീരദേശത്ത് പ്രവർത്തിക്കുന്ന കടലോര ജാഗ്രത സമിതിയും ഇതിന്റെ ഭാഗമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.