സീപ്ലെയിൻ: ആലപ്പുഴ ഓർക്കുന്നത് പുന്നമടയിലെ വലയെറിയല്‍ സമരം
text_fieldsആലപ്പുഴ: കൊച്ചി കായലിൽ സീപ്ലെയിൻ പറന്നിറങ്ങിയപ്പോൾ ആലപ്പുഴ ഓർക്കുന്നത് കായലിൽ വലവിരിച്ച് സീപ്ലെയിൻ ഇറങ്ങുന്നത് തടഞ്ഞ് നടന്ന സമരം. 2013 ജൂൺ രണ്ടിനായിരുന്നു പുന്നമടക്കായലിൽ സമരം നടന്നത്. അന്ന് ടൂറിസം കോർപറേഷൻ ആരംഭിച്ച പദ്ധതിയായിരുന്നു കൊല്ലം സീപ്ലെയിൻ. കൊല്ലത്തെ അഷ്ടമുടിക്കായലില്‍നിന്ന് ആലപ്പുഴ പുന്നമടയിലേക്കായിരുന്നു ആദ്യയാത്ര നിശ്ചയിച്ചിരുന്നത്. ഉദ്ഘാടന ദിവസം ഫിഷറീസ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ കായലില്‍ വള്ളമിറക്കി പ്രതിഷേധിച്ചു. വിമാനം ഇറങ്ങാൻ നിശ്ചയിച്ച സ്ഥലത്ത് മത്സ്യത്തൊഴിലാളികൾ വലവിരിച്ചു.
സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധവുമായി വള്ളങ്ങളിൽ അണിനിരന്നാണ് വലയെറിയല്‍ സമരം നടത്തിയത്. മീന്‍പിടിത്തവും കക്കവാരലും തടസ്സപ്പെടും ഹൗസ് ബോട്ടുകളുടെ സഞ്ചാരത്തിന് തടസ്സമാകും പാരിസ്ഥിതികാഘാത പഠനം നടത്തിയില്ല എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു സമരം. സംഘര്‍ഷമുണ്ടാകുമെന്ന വിലയിരുത്തലില്‍ വിമാനമിറക്കാന്‍ ജില്ല ഭരണകൂടം അനുമതി നല്‍കിയില്ല. സമരത്തെത്തുടര്‍ന്ന് പദ്ധതിയില്‍നിന്നു കമ്പനി പിന്‍വാങ്ങി. ജലവിമാനമിറങ്ങാൻ പുന്നമടയില്‍ പ്രത്യേക ജെട്ടിവരെ നിര്‍മിച്ചിരുന്നു. തിങ്കളാഴ്ച തുടക്കമിട്ട പദ്ധതിയില്‍ വേമ്പനാട്ടുകായലുമായി ബന്ധിപ്പിച്ച് ജലവിമാന സര്‍ക്യൂട്ടിനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.
പൈലറ്റ് അടക്കം ആറുപേർക്ക് സഞ്ചരിക്കാവുന്ന ആംഫീബിയൻ വിമാനമാണ് അന്ന് സർവിസിനായി തയാറാക്കിയിരുന്നത്. ഇപ്പോഴത്തെ എം.എൽ.എ പി.പി. ചിത്തരഞ്ജന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം നടന്നത്. കൊല്ലത്തും മത്സ്യത്തൊഴിലാളികൾ സമരവുമായി രംഗത്തിറങ്ങി. അവിടെയും ശക്തമായ പ്രതിഷേധമാണ് നടന്നത്. സി.ഐ.ടി.യു നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളാണ് അവിടെയും സമരം നടത്തിയത്. പ്രതിഷേധം ശക്തമായതോടെ പദ്ധതി സർക്കാർ ഉപേക്ഷിക്കുകയായിരുന്നു.
ജില്ലയുടെ ടൂറിസം വികസനത്തിൽ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്നതാണ് പദ്ധതിയെന്നാണ് അന്ന് ഭരണകക്ഷിയായിരുന്ന കോൺഗ്രസും യു.ഡി.എഫും വിശേഷിപ്പിച്ചത്. ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടാണ് പദ്ധതി തുടങ്ങുന്നതെങ്കിലും യാത്രാമാർഗം എന്ന നിലയിലും ജലവിമാനം ഉപയോഗപ്പെടുത്താൻ ആലോചന നടന്നിരുന്നു. വിമാനത്താവളം ഒരുക്കാതെ വിമാനം ഇറക്കാമെന്നതായിരുന്നു പദ്ധതിയുടെ മെച്ചം. അഷ്ടമുടി, പുന്നമട, ബോള്‍ഗാട്ടി, കുമരകം, ബേക്കല്‍ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരുന്നു പദ്ധതി ആസൂത്രണം ചെയ്തിരുന്നത്. ഇവിടങ്ങളിലെല്ലാം സീപ്ലെയിനിനായി വാട്ടർഡ്രോം ഒരുക്കിയിരുന്നു. വിനോദസഞ്ചാര, ഹൗസ്ബോട്ട് മേഖലയിലുള്ളവര്‍ ഒന്നടങ്കം ഇത് സ്വാഗതം ചെയ്തിരുന്നു. പദ്ധതി നടപ്പാക്കിയിരുന്നെങ്കില്‍ വിനോദസഞ്ചാര മേഖലയില്‍ വന്കുതിപ്പുണ്ടാകുമായിരുന്നെന്നാണ് അവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.