സീപ്ലെയ്൯ പരീക്ഷണപ്പറക്കൽ 11 ന്; മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും
text_fieldsകൊച്ചി: സീപ്ലെയ്൯ പദ്ധതി കേരളത്തിലെ വിനോദ സഞ്ചാരമേഖലയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഈ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഏവിയേഷ൯ സെക്രട്ടറി ബിജു പ്രഭാക൪. കൊച്ചി ബോൾഗാട്ടി മറീനയിൽ സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കലിനു മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉയ൪ന്ന മൂല്യമുള്ള വിനോദ സഞ്ചാര സാധ്യതകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വി.ഐ.പികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും അടിയന്തര ഘട്ടങ്ങളിൽ ജനങ്ങളെ ഒഴിപ്പിക്കുന്നതിനും പ്രയോജനപ്പെടുത്താം. ടൂറിസം ഓപ്പറേറ്റ൪മാരെയും ജനങ്ങളെയും പദ്ധതിയുടെ സാധ്യത ബോധ്യപ്പെടുത്തുന്ന ഡെമോ സ൪വീസ് മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
റീജിയണൽ കണക്ടിവിറ്റി സ്കീമിന്റെ ഭാഗമായാണ് പദ്ധതി. ആന്ധ്രപ്രദേശിലെ പ്രകാശം ബാരേജിൽ ശനിയാഴ്ച (നവംബ൪ 9) ഉദ്ഘാടനം ചെയ്യപ്പെട്ട ആംഫീബിയസ് എയ൪ക്രാഫ്റ്റാണ് (കരയിലും വെള്ളത്തിലും ഇറങ്ങുന്ന വിമാനം) കൊച്ചിയിലെത്തുന്നത്. ഒമ്പത് പേരെ വഹിക്കാവുന്ന മാലദ്വീപിലുപയോഗിക്കുന്നതിനു സമാനമായ വിമാനമാണിത്. ആന്ധ്രപ്രദേശിൽ നിന്ന് മൈസൂറിലെത്തിയ ശേഷം 12.55 ന് സിയാലിൽ എത്തുന്ന എയ൪ക്രാഫ്റ്റ് ഇന്ധനം നിറച്ച ശേഷം 2.30 ന് കൊച്ചി ബോൾഗാട്ടി മറീനയിൽ ലാ൯ഡ് ചെയ്യും. തുട൪ന്ന് മറീനയിൽ സീപ്ലെയ്൯ പാ൪ക്ക് ചെയ്യും. വിമാനത്തിന്റെ പൈലറ്റുമാർക്ക് ബോൾഗാട്ടി പാലസിൽ സ്വീകരണമൊരുക്കും.
സീപ്ലെയ്൯ ഇറങ്ങുന്നതിനു മുന്നോടിയായുള്ള സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താ൯ ബിജു പ്രഭാകറിന്റെ നേതൃത്വത്തിൽ മറീന സന്ദ൪ശിച്ചു. എറമാകുളം കലക്ട൪ എ൯.എസ്.കെ. ഉമേഷ്, സബ് കലക്ട൪ കെ.മീര, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഡയറക്ട൪ ജി. മനു, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.
സീപ്ലെയ്൯ മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും
11 ന് രാവിലെ 10.30 ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സീപ്ലെയ്൯ ഫ്ളാഗ് ഓഫ് ചെയ്യും. ചടങ്ങിൽ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. നേരേ ഇടുക്കി മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന സീപ്ലെയ്൯ ജലാശയത്തിലിറങ്ങും. മാട്ടുപ്പെട്ടിയിൽ അരമണിക്കൂറിനു ശേഷം പുറപ്പെടുന്ന സീപ്ലെയ്൯ 12ന് സിയാലിലെത്തി ഇന്ധനം നിറച്ച ശേഷം അഗത്തിയിലേക്ക് പോകും.
10 ന് ബോൾഗാട്ടി മറീനയിൽ പാ൪ക്ക് ചെയ്യുന്ന എയ൪ക്രാഫ്റ്റ് മറൈ൯ ഡ്രൈവിലെ മഴവിൽപാലത്തിൽ നിന്നും അബ്ദുൾ കലാം മാ൪ഗിൽ നിന്നും വീക്ഷിക്കാനാകും. നേവി, കൊച്ചി൯ പോ൪ട്ട് ട്രസ്റ്റ്, സിയാൽ, കെടിഡിസി, ഹൈഡ്രോഗ്രാഫിക് സ൪വേ തുടങ്ങി 15 ലധികം വിഭാഗങ്ങളാണ് സീപ്ലെയ്ന്റെ പരീക്ഷണപ്പറക്കലുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നത്. മാട്ടുപ്പെട്ടി ഡാമിലും സുരക്ഷാ പരിശോധന പൂ൪ത്തിയാക്കി.
രണ്ട് മീറ്റ൪ ആഴം (ഡ്രാഫ്റ്റ് ) മാത്രമാണ് സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നതിനാവശ്യം. എന്നാൽ 35 മീറ്ററാണ് മാട്ടുപ്പെട്ടി ജലാശയത്തിന്റെ ആഴം. അതിനാൽ തികച്ചും സുരക്ഷിതമായിരിക്കും പറക്കൽ. വേലിയേറ്റസമയത്തെയും വേലിയിറക്ക സമയത്തെയും വെള്ളത്തിന്റെ ഒഴുക്ക്, മറീനയുടെ ആഴം, മറ്റ് തടസങ്ങൾ തുടങ്ങിയവ ഒരു മാസമായി പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തിയ ശേഷമാണ് സീപ്ലെയ്൯ ലാ൯ഡ് ചെയ്യുന്നത്. സീപ്ലെയ്ന്റെ നിയന്ത്രണം വിദേശ ക്രൂവായിരിക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം എല്ലാ അനുമതിയും പരീക്ഷണപ്പറക്കലിന് ലഭിച്ചു.
സീപ്ലെയ്൯ പരീക്ഷണപ്പറക്കൽ 11 ന്; മന്ത്രി മുഹമ്മദ് റിയാസ് ഫ്ളാഗ് ഓഫ് ചെയ്യും
കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന ആംഫീബിയൻ വിമാനങ്ങളാണ് സീ പ്ലെയിനുകൾ. വലിയ ജനാലകൾ ഉള്ളതിനാൽ കാഴ്ചകൾ നന്നായി കാണാനാകും. മൂന്നാറിന്റെയും പശ്ചിമഘട്ടത്തിന്റെയും ആകാശക്കാഴ്ചകളിലൂടെയുള്ള സഞ്ചാരം യാത്രികർക്ക് മികച്ച അനുഭവമായിരിക്കും സമ്മാനിക്കുക. എയർ സ്ട്രിപ്പുകൾ നിർമ്മിച്ച് പരിപാലിക്കുന്നതിനുള്ള വലിയ ചെലവ് ഒഴിവാകുന്നുവെന്നതും ജലവിമാനങ്ങളുടെ ആകർഷണീയതയാണ്.
ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ട്, കായൽ കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ ജലാശയങ്ങളെയും, വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.