സീപ്ലെയിൻ: പതിറ്റാണ്ട് മുമ്പ് അഷ്ടമുടിയിൽ ചിറകറ്റ ആദ്യ ജലവിമാന പദ്ധതി
text_fieldsകൊല്ലം: കൊച്ചിയിൽ കഴിഞ്ഞ ദിവസം ടേക്ക് ഓഫ് ആയത് 11 വർഷം മുമ്പ് കൊല്ലത്ത് അഷ്ടമുടിക്കായലിൽ ആദ്യദിനംതന്നെ ചിറകറ്റ ജലവിമാന പദ്ധതി. ടൂറിസം മേഖലയിലെ രാജ്യത്തെ ആദ്യ ജലവിമാനം പറന്നിറങ്ങിയത് 2013 ജൂൺ രണ്ടിന് കൊല്ലത്ത് അഷ്ടമുടിക്കായലിലാണ്. വെള്ളച്ചിറകുകളുമായി ജലവിമാനം അഷ്ടമുടിക്കായലിന് മുകളിലൂടെ വലംവെച്ച് താഴ്ന്നുപറന്ന് ജലോപരിതലത്തില്തൊട്ട് ജലപ്പരപ്പിലൂടെ ഇഴഞ്ഞുനീങ്ങിയതിന് അന്ന് സാക്ഷ്യം വഹിച്ചത് ആയിരങ്ങളായിരുന്നു.
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് ജലവിമാന സര്‍വിസ് സമര്‍പ്പിച്ചത്. കൈരളി ഏവിയേഷന്റെ സെസ്ന 206 ആംഫീബിയന്‍സ് വിമാനമാണ് അഷ്ടമുടിക്കായലിലും അവിടെനിന്ന് ആകാശത്തിലും പരീക്ഷണ ഭാഗമായി പറന്നുയര്‍ന്നത്. പൈലറ്റ് ഉള്‍പ്പെടെ ആറുപേര്‍ക്ക് യാത്ര ചെയ്യാവുന്നതായിരുന്നു വിമാനം. ആശ്രാമത്ത് ഉള്‍നാടന്‍ ജലഗതാഗത വകുപ്പിന്റെ ടെര്‍മിനലില്‍നിന്ന് 300 മീറ്റര്‍ അകലെയാണ് വാട്ടര്‍ ഡ്രോം സ്ഥാപിച്ചത്.
റണ്‍വേക്ക് 200 മീറ്റര്‍ നീളമുണ്ടായിരുന്നു. വിദേശ വിനോദ സഞ്ചാരികളെ ഉൾപ്പെടെ ആകര്‍ഷിക്കാൻ ലക്ഷ്യമിട്ട ഈ സംരംഭത്തിന് 11.84 കോടി രൂപയാണ് അന്ന് അനുവദിച്ചത്. ആദ്യ ഘട്ടമായി അഷ്ടമുടിക്കൊപ്പം ആലപ്പുഴയിലെ പുന്നമടക്കായലിലും ജലവിമാനത്താവളം സജ്ജമാക്കാൻ ആലോചിച്ചിരുന്നു. തുടർന്ന് കുമരകത്തും ബേക്കലിലും വാട്ടര്‍ഡ്രോമുകള്‍ സജ്ജീകരിക്കുമെന്നും പ്രഖ്യാപിച്ചു.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ പവന്‍ഹന്‍സ് ഹെലികോപ്ടേഴ്സ് നടത്തിയ സാധ്യത പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിനെ തുടർന്നായിരുന്നു പദ്ധതി നടപ്പാക്കിയത്. എന്നാൽ, കേരളത്തില്‍ ഇത്തരമൊരു പഠനം നടന്നിട്ടില്ലെന്ന് ആരോപിച്ച് വിവിധ മത്സ്യത്തൊഴിലാളി സംഘടനകള്‍ രംഗത്തുവന്നതോടെ പദ്ധതി ആദ്യദിനംതന്നെ ചിറകരിയപ്പെട്ടു.
ഉള്‍നാടന്‍ മത്സ്യബന്ധനത്തെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാര്‍ഗത്തെ പദ്ധതി ദോഷകരമായി ബാധിക്കുമെന്നായിരുന്നു ആക്ഷേപം. കാലാവസ്ഥ വ്യതിയാനവും മലിനീകരണവും മൂലം തകര്‍ച്ചയിലേക്ക് നീങ്ങുന്ന അഷ്ടമുടിക്കായലിലെ ആവാസ വ്യവസ്ഥയുടെ നാശത്തിന് സീ പ്ലെയിന്‍ സര്‍വിസ് വഴിയൊരുക്കുമെന്നായിരുന്നു പ്രചരിപ്പിക്കപ്പെട്ടത്.
സീ പ്ലെയിന്‍ ഇറക്കാന്‍ രണ്ടായിരം അടി നീളവും 800 അടി വീതിയുമുള്ള, അഷ്ടമുടിക്കായലിന്റെ ഭാഗം സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുന്നതോടെ ഈ ഭാഗത്തെ മത്സ്യബന്ധനം അസാധ്യമായിത്തീരുമെന്നും മത്സ്യത്തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.
ആലപ്പുഴയിലും മത്സ്യത്തൊഴിലാളികൾ പ്രശ്നം സൃഷ്ടിച്ചു. എന്നാല്‍, സീ പ്ലെയിന്‍ സര്‍വിസ് മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്ഗത്തെയോ, മത്സ്യസമ്പത്തിനെയോ ഒരു തരത്തിലും ബാധിക്കില്ലെന്ന് സര്‍ക്കാർ ഉറപ്പ് നൽകിയെങ്കിലും അതു വകവെച്ചു നൽകാൻ മത്സ്യത്തൊഴിലാളി സംഘടനകൾ തയാറാകാതിരുന്നതോടെ ഉദ്ഘാടന പരിപാടിയിൽ ഒതുങ്ങി പദ്ധതി. കേരളത്തിനായി കൊണ്ടുവന്ന രണ്ടു വിമാനങ്ങളും ഡൽഹിക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.