ജലവിമാനം വന്യജീവികളുടെ ആവാസമേഖലയിൽ അസ്വസ്ഥതകൾ ഉണ്ടാക്കും -വനംവകുപ്പ്
text_fieldsഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടിയിൽ ജലവിമാനം ഇറങ്ങിയത് അതീവ പരിസ്ഥിതി ലോല മേഖലയിലാണെന്ന് വനംവകുപ്പ് റിപ്പോർട്ട്. ജലവിമാനം വന്യജീവികളുടെ ആവാസമേഖലയിൽ അസ്വസ്ഥതകൾ ഉണ്ടാക്കുമെന്നും മനുഷ്യ-മൃഗ സംഘർഷത്തിന് ഇത് കാരണമാകുമെന്നുമാണ് റിപ്പോർട്ട്.
ജലവിമാനത്തിന്‍റെ പരീക്ഷണ പറക്കലുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടം വനംവകുപ്പിന് അയച്ച കത്തിനുള്ള മറുപടിയിലാണ് വനംവകുപ്പ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. പരീക്ഷണപ്പറക്കലിന്‍റെ മുമ്പ് നടത്തിയ അവലോകന യോഗത്തിലും ഇതേ ആശങ്കകൾ വനംവകുപ്പ് അറിയിച്ചിരുന്നു.
പാമ്പാടുംചോല, ആനമുടിചോല തുടങ്ങിയ ദേശീയോദ്യാനങ്ങൾ, കുറിഞ്ഞിമലയെല്ലാം ഇതിനടുത്താണ് സ്ഥിതി ചെയ്യുന്നത്. പ്രദേശം അതീവപരിസ്ഥിതിലോല മേഖലയാണ്. മാട്ടുപ്പെട്ടി പരമ്പരാഗത ആനത്താരയാണ്. വെള്ളം കുടിക്കാൻ നിരവധി വന്യജീവികൾ എത്തുന്ന മേഖലയാണ്. ജലവിമാനം ഇറങ്ങുന്ന സാഹചര്യം ആനയടക്കം വന്യജീവികളിൽ പ്രകോപനം സൃഷ്ടിക്കുമെന്നും കത്തിൽ പറയുന്നു.
കഴിഞ്ഞ ദിവസം, ഇടുക്കിയിലെ മൂന്നാർ മാട്ടുപ്പെട്ടി ജലാശയത്തിലാണ് ജലവിമാനത്തിന്‍റെ പരീക്ഷണപ്പറക്കൽ നടന്നത്. പള്ളിവാസൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ജലാശയമാണ് മാട്ടുപ്പെട്ടിയിലേത്. ഇടുക്കിയിലെ മാട്ടുപ്പെട്ടി, പാലക്കാട്ടെ മലമ്പുഴ, ആലപ്പുഴയിലെ വേമ്പനാട്ടുകായൽ, കൊല്ലം അഷ്ടമുടിക്കായൽ, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, തിരുവനന്തപുരത്ത് കോവളം തുടങ്ങി ജലാശയങ്ങളെയും വിവിധ വിമാനത്താവളങ്ങളെയും ബന്ധപ്പെടുത്തി സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപപ്പെടുത്താൻ ആലോചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.