ബത്തേരി നഗരത്തിലിറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചു
text_fieldsസുൽത്താൻ ബത്തേരി: ബത്തേരി നഗരത്തെയും പരിസര പ്രദേശങ്ങളെയും വിറപ്പിച്ച പി.എം രണ്ട് എന്ന ആനയെ കുപ്പാടി വനത്തിൽനിന്ന് മയക്കുവെടിവെച്ച് പിടികൂടി. പിന്നീട് മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചു. പരിശീലനം നൽകി ഇണക്കി കുങ്കിയാനയാക്കാനാണ് വനംവകുപ്പ് തീരുമാനം.
തിങ്കളാഴ്ച രാവിലെ ഏഴിനാണ് വനംവകുപ്പിന്റെ 150ഓളം വരുന്ന ദൗത്യസംഘം പ്രത്യേക ടീമുകളായി തിരിഞ്ഞ് തിരച്ചിൽ തുടങ്ങിയത്. ദൗത്യസേനയുടെ സാന്നിധ്യം മനസ്സിലാക്കി വനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ആന നീങ്ങിയത് ആശങ്കയുണ്ടാക്കി. ഇടതൂർന്ന വനമായതിനാൽ വെടിവെക്കാനായില്ല. 9.30ഓടെ ആന മുണ്ടൻകൊല്ലിയിലെത്തി. ഈ ഭാഗത്ത് വൃക്ഷങ്ങൾ ഇടതൂർന്ന അവസ്ഥയിലല്ല. തുടർന്ന് വെടിയുതിർത്തു. അൽപസമയത്തിനുശേഷം നിശ്ചലമായിനിന്ന ആനയെ വനപാലകർ വടമുപയോഗിച്ച് തളച്ചു.
പിന്നീട് ലോറിയെത്തിച്ച് മുത്തങ്ങയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമായി. സുൽത്താൻ ബത്തേരി-പുൽപള്ളി റോഡിൽ ആർ.ആർ.ടി ഓഫിസിനടുത്തുനിന്ന് ഒരു കിലോമീറ്റർ അകലെ ആനയുള്ള ഭാഗത്തേക്ക് ലോറി എത്തിക്കുക ശ്രമകരമായിരുന്നു. റോഡുണ്ടെങ്കിലും പലയിടത്തും കിടങ്ങുകൾ തടസ്സമായി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കിടങ്ങുകൾ നിരത്തിയാണ് 12 മണിയോടെ ലോറി പി.എം രണ്ടിന്റെ അടുത്തെത്തിച്ചത്.
തുടർന്ന് സൂര്യ, സുരേന്ദ്രൻ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റി മുത്തങ്ങയിലേക്ക് കൊണ്ടുപോയി. ഗൂഡല്ലൂര്‍ വനം ഡിവിഷനില്‍പ്പെട്ട ദേവാലയിലും സമീപങ്ങളിലുമായി രണ്ടുപേരെ കൊലപ്പെടുത്തുകയും നിരവധി വീടുകളും വാഹനങ്ങളും തകര്‍ക്കുകയും ചെയ്ത ആനയാണ് സുൽത്താൻ ബത്തേരിയെയും ഭീതിയിലാഴ്ത്തിയത്.
തമിഴ്‌നാട് വനംവകുപ്പ് ഗൂഡല്ലൂര്‍ വനമേഖലയില്‍നിന്ന് മയക്കുവെടിവെച്ച് വീഴ്ത്തി റേഡിയോ കോളര്‍ ഘടിപ്പിച്ച് ഊട്ടി വനമേഖലയില്‍ വിട്ട പി.എം രണ്ട് എന്ന ആന കിലോമീറ്ററുകള്‍ താണ്ടിയാണ് സുൽത്താൻ ബത്തേരിയില്‍ എത്തിയത്. ആറിന് രാവിലെ സുൽത്താൻ ബത്തേരി നഗരത്തിൽസുബൈറുകുട്ടി എന്നയാളെ ആക്രമിക്കുകയും മലബാർ ജ്വല്ലറിയുടെ മതിൽ ഭാഗികമായി തകർക്കുകയും ചെയ്തിരുന്നു. സുബൈറുകുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ഡോ. അരുൺ സക്കറിയക്കുനേരെ ആനയുടെ ആക്രമണം
സുൽത്താൻ ബത്തേരി: മുത്തങ്ങയിലെത്തിച്ച പി.എം രണ്ട് എന്ന ആന ഡോ. അരുൺ സക്കറിയയെ ആക്രമിച്ചു. തുമ്പിക്കൈ കൊണ്ടുള്ള അടിയിൽ കാലിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കുപ്പാടി വനത്തിൽനിന്ന് മയക്കുവെടിവെച്ച് കുങ്കി ആനകളുടെ സഹായത്തോടെ ലോറിയിൽ കയറ്റിയാണ് പി.എം രണ്ടിനെ മുത്തങ്ങയിൽ എത്തിച്ചത്. ലോറിയിൽനിന്ന് ഇറക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു ആനയുടെ അപ്രതീക്ഷിത ആക്രമണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.