ഏറ്റുമുട്ടാനുറച്ച് ഗവർണർ; ആറ് വാഴ്സിറ്റികളിൽ വി.സി നിയമനത്തിന് സെർച് കമ്മിറ്റിയായി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആറ് സർവകലാശാലകളിൽ വൈസ്ചാൻസലർ നിയമനത്തിന് സ്വന്തം നിലക്ക് സെർച് കമ്മിറ്റി രൂപവത്കരിച്ച് ഗവർണർ. കേരള, എം.ജി, ഫിഷറീസ് (കുഫോസ്), സാങ്കേതിക സർവകലാശാല (കെ.ടി.യു), കാർഷികം, മലയാളം സർവകലാശാലകളുടെ വി.സി നിയമനത്തിനാണ് ചാൻസലറായ ഗവർണർ സെർച് കമ്മിറ്റി രൂപവത്കരിച്ച് വെവ്വേറെ വിജ്ഞാപനം ഇറക്കിയത്. ആറ് സർവകലാശാലകളുടെയും പ്രതിനിധികൾ ഇല്ലാതെയാണ് സെർച് കമ്മിറ്റി രൂപവത്കരിച്ചുള്ള ഗവർണറുടെ അപ്രതീക്ഷിത നീക്കം.
സർക്കാർ -ഗവർണർ ഏറ്റുമുട്ടലിനെ തുടർന്ന് വി.സി നിയമനത്തിൽ സർവകലാശാലകൾ സെർച് കമ്മിറ്റി പ്രതിനിധികളെ നൽകിയിരുന്നില്ല. കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് സെർച് കമ്മിറ്റി പ്രതിനിധിയെ നൽകാൻ നിർദേശിച്ചുള്ള 2022ലെ ഹൈകോടതി ഉത്തരവ് ആയുധമാക്കിയാണ് ആറ് സർവകലാശാലകളിലേക്കും സെർച് കമ്മിറ്റി രൂപവത്കരിച്ചത്. കേരള സർവകലാശാലയിൽ കർണാടക സെൻട്രൽ യൂനിവേഴ്സിറ്റി വൈസ്ചാൻസലർ പ്രഫ. ഭട്ടു സത്യനാരായണ (യു.ജി.സി നോമിനി), ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് (ചാൻസലറുടെ നോമിനി) എന്നിവരാണ് സെർച് കമ്മിറ്റിയിലുള്ളത്. കമ്മിറ്റി മൂന്ന് മാസം കൊണ്ട് വി.സി നിയമന ശിപാർശ നൽകണം.
ഫിഷറീസ് സർവകലാശാലയിൽ ജമ്മു യൂനിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ. സഞ്ജീവ് ജെയിൻ (യു.ജി.സി നോമിനി), കുസാറ്റ് മുൻ വി.സി ഡോ.പി.കെ അബ്ദുൽ അസീസ് ( ചാൻസലറുടെ നോമിനി), ഡോ.ജെ.കെ ജെന (ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് പ്രതിനിധി) എന്നിവരും മലയാളം സർവകലാശാലയിൽ ഡോ. ജാൻസി ജെയിംസ് (ചാൻസലറുടെ പ്രതിനിധി), പ്രഫ. ഭട്ടു സത്യനാരായണ (യു.ജി.സി പ്രതിനിധി) എന്നിവരും കാർഷിക സർവകലാശാലയിൽ ഡോ. സി.വി ജയമണി (ചാൻസലറുടെ പ്രതിനിധി), പ്രഫ. അലോക്കുമാർ (യു.ജി.സി പ്രതിനിധി), ഡോ. ഹിമൻഷു പഥക് (ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് പ്രതിനിധി) എന്നിവരും എം.ജി സർവകലാശാലയിൽ ഡോ.കെ.ആർ.എസ് സാംബശിവറാവു (യു.ജി.സി പ്രതിനിധി), ഡോ. അനന്തരാമകൃഷ്ണൻ (ചാൻസലറുടെ പ്രതിനിധി), സാങ്കേതിക സർവകലാശാലയിൽ പ്രഫ.ക്ഷിതി ഭൂഷൺദാസ് (യു.ജി.സി പ്രതിനിധി), പ്രഫ. പി. രാജേന്ദ്രൻ (ചാൻസലറുടെ പ്രതിനിധി), ഡോ. എസ് ഉണ്ണികൃഷ്ണൻ (എ.ഐ.സി.ടി.ഇ പ്രതിനിധി) എന്നിവരും വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി അംഗങ്ങളാണ്. സർക്കാർ -ഗവർണർ ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമാക്കുന്ന രാജ്ഭവൻ നടപടിയിൽ സർക്കാർ സ്വീകരിക്കുന്ന നടപടി നിർണായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.