സർച് കമ്മിറ്റി: ചാൻസലർക്ക് തിടുക്കമെന്തിനെന്ന് ഹൈകോടതി
text_fieldsകൊച്ചി: കേരള സർവകലാശാല വി.സി നിയമനത്തിന് രണ്ടംഗ സർച് കമ്മിറ്റിക്കായി ചാൻസലർ തിരക്കിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചതെന്തിനെന്ന് ഹൈകോടതി. പകരം മറ്റ് മാർഗങ്ങളുണ്ടായിരുന്നില്ലേയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആരാഞ്ഞു. തങ്ങളെ പുറത്താക്കിയ ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹരജി പരിഗണിക്കവേയാണ് സിംഗിൾബെഞ്ചിന്റെ പരാമർശം. ഗവർണർ ചാൻസലറായി പ്രവർത്തിക്കുമ്പോൾ പ്രീതിയുടെ പേരിൽ നടപടിയെടുക്കാൻ പരിമിതികളുണ്ട്. നിയമപരമായ താൽപര്യ സംരക്ഷണത്തിന് മാത്രമേ പ്രീതി പിൻവലിക്കാവൂ. വ്യക്തിപരമായ താൽപര്യം ഇവിടെ ബാധകമല്ലെന്ന് നിരീക്ഷിച്ച കോടതി, ഒരു കപ്പ് ചായയുമായി ഇരുന്ന് സംസാരിച്ച് തീർക്കാവുന്ന പ്രശ്നങ്ങളായിരുന്നു ഇതെല്ലാമെന്നും അഭിപ്രായപ്പെട്ടു. തുടർന്ന് ഹരജി വ്യാഴാഴ്ച വിധി പറയാൻ മാറ്റി.
പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാന്‍ സെനറ്റിനെ പ്രേരിപ്പിക്കാനാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെങ്കിലും സെനറ്റ് അംഗങ്ങള്‍ നിഴല്‍ യുദ്ധം തുടങ്ങുകയായിരുന്നുവെന്ന് ചാൻസലറുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ചാൻസലറുടെ നോമിനികൾ ചാൻസലർക്കെതിരെ പ്രവർത്തിക്കാൻ പാടില്ല. സർച് കമ്മിറ്റിയംഗത്തെ സെനറ്റ് നാമ നിർദേശം ചെയ്തിരുന്നുവെങ്കിൽ നിലവിലെ വിജ്ഞാപനം റദ്ദാവുകയും പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ, പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ ചാൻസലർക്കെതിരെ പ്രവർത്തിച്ചു. സെനറ്റ്അംഗങ്ങൾക്ക് രാഷ്ട്രീയ താൽപര്യം ഉണ്ടായിരുന്നേക്കാമെന്നും കോടതിയുടെ ചോദ്യത്തിന് മറുപടിയായി അഭിഭാഷകൻ വ്യക്തമാക്കി.
സെനറ്റ് അംഗങ്ങൾ നിയമപരമായാണോ ചാൻസലറുടെ നിർദേശ പ്രകാരമാണോ പ്രവർത്തിക്കേണ്ടതെന്നും ചാൻസലർക്ക് തെറ്റ് പറ്റിയാൽ എന്താണ് ചെയ്യേണ്ടതെന്നും കോടതി ചോദിച്ചു. ചാൻസലറുടെ നിർദേശങ്ങൾ പാലിക്കുന്നില്ലെങ്കിൽ സെനറ്റ് അംഗങ്ങൾ തൽസ്ഥാനത്തുനിന്ന് മാറണമെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. ചാൻസലർക്ക് ദുരുദ്ദേശ്യമുണ്ടായിരുന്നുവെന്ന് ഹരജിക്കാർ ആരോപിക്കുന്നില്ല. തിടുക്കം കൂടിയെന്നും നിയമം മറികടക്കാൻ ശ്രമിച്ചുവെന്നുമാണ് പറയുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.