അർജുന് വേണ്ടി തിരച്ചിൽ തുടരുന്നു; ലോറിയുടെ സ്ഥാനം കണ്ടെത്താൻ ഐ.എസ്.ആർ.ഒ ഉപഗ്രഹ ചിത്രങ്ങൾ ലഭ്യമാക്കും
text_fieldsഷിരൂർ: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ പെട്ട് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടാത്താനായി രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്ക് കടന്നു. സ്ഥലത്തുനിന്ന് മണ്ണ് മാറ്റുന്ന പ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി അപകടസ്ഥലത്തെ ഉപഗ്രഹ ചിത്രങ്ങൾ ഐ.എസ്.ആർ.ഒ ലഭ്യമാക്കും.
ഉപഗ്രഹ ചിത്രങ്ങളിൽ നിന്ന് ലോറിയുണ്ടായിരുന്ന സ്ഥാനം കണ്ടെത്തി രക്ഷാപ്രവർത്തനം കേന്ദ്രീകരിക്കാമെന്നാണ് പ്രതീക്ഷ. കെ.സി. വേണുഗോപാൽ എം.പി, ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥുമായി നടത്തിയ ചർച്ചയിലാണ് ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കാമെന്ന് അറിയിച്ചത്.
വൻതോതിൽ മണ്ണിടിഞ്ഞ് കിടക്കുന്ന മേഖലയിൽ റഡാർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ലോറിയുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ സിഗ്നലുകൾ ലഭിച്ചിരുന്നില്ല. റഡാര്‍ സംവിധാനം ഉപയോഗിച്ചുള്ള തിരച്ചിലില്‍ ലഭിച്ച സിഗ്നലുകളുടെ ഭാഗത്താണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുക. ഏകദേശം ഹൈവേയുടെ മധ്യഭാഗത്തായി അടിഞ്ഞുകൂടിയ മൺകൂനയിലാണ് യന്ത്രഭാഗത്തിന്റേതെന്ന് കരുതാവുന്ന സിഗ്നൽ ലഭിച്ചത്. ഇത് ലോറിയുടേതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. കുന്നിടിഞ്ഞ് ആറു മീറ്ററോളം ഉയരത്തിൽ ഹൈവേയിൽ മൺകൂന രൂപപ്പെട്ടിരുന്നു. നീക്കുന്തോറും മണ്ണിടിയുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയാണ്.
കഴിഞ്ഞ 16നാണ് അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. ഡ്രൈവർമാർ ഭക്ഷണം കഴിക്കാനും വിശ്രമിക്കാനും ലോറി നിർത്തുന്ന മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ 12 പേരാണ് മരിച്ചത്. അപകടം നടന്ന് വാഹനങ്ങൾ മണ്ണിനടിയിലായിട്ടും കാര്യമായ രക്ഷാപ്രവർത്തനം നടന്നിരുന്നില്ല. അർജുന്റെ തിരോധാനം സംബന്ധിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ വെള്ളിയാഴ്ച കേരള മുഖ്യമന്ത്രിയടക്കമുള്ള ജനപ്രതിനിധികൾ കർണാടക സർക്കാറുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രമാണ് രക്ഷാപ്രവർത്തനം ഊർജിതമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.