തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം
text_fieldsമാഹി: വയനാട് പെരിയയിൽ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ ഓടി രക്ഷപ്പെട്ട മാവോവാദികൾക്കായി മാഹിയിലും അന്വേഷണം. വയനാട്ടിലെത്തിയ മാവോവാദി സംഘാംഗങ്ങളായ സുന്ദരി, ലത എന്നിവർ തലശ്ശേരിയിൽ എത്തിയെന്ന സംശയത്തെ തുടർന്ന് ഇവർക്കായി കണ്ണൂർ ജില്ല പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
കണ്ണൂർ പൊലീസ് മേധാവിയുടെ ആവശ്യത്തെ തുടർന്ന് പുതുച്ചേരി പൊലീസ് വിവിധയിടങ്ങളിൽ അന്വേഷണം നടത്തി. ലോഡ്ജുകൾ, ബാറുകൾ, ഹോം സ്റ്റേകൾ, ഒളിച്ച് താമസിക്കാൻ സാധ്യതയുള്ള മറ്റിടങ്ങൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.
കഴിഞ്ഞ ദിവസം, ഇരിട്ടി അയ്യംകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ഞെട്ടിത്തോടു മലയിൽ ഉൾവനത്തിൽ പൊലീസ്-മാവോവാദി വെടിവെപ്പുണ്ടായിരുന്നു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റതായി സൂചന. ഉരുപ്പുംകുറ്റി മാവോവാദി സാന്നിധ്യമുള്ള പ്രദേശമെന്ന നിലയിൽ തണ്ടർബോൾട്ട് അടക്കമുള്ള സായുധ സംഘം മേഖലയിൽ പരിശോധന ശക്തമാക്കിയിരുന്നു.
കനത്ത സുരക്ഷക്കിടയിലും കഴിഞ്ഞ ദിവസം സായുധ മാവോവാദി സംഘം ഇവിടെയടുത്ത വാളത്തോട് പ്രദേശങ്ങളിലെ വീടുകളിലെത്തി ഭക്ഷണ സാധനങ്ങൾ ശേഖരിച്ച് മടങ്ങിയിരുന്നു. കർണാടക അതിർത്തിയിലെ കേരള പ്രദേശമാണ് വാളത്തോട്. ഇവിടെ മാവോവാദി ക്യാമ്പ് നടന്നതായും സൂചനയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.