ട്രാവൻകൂർ ഷുഗേഴ്സ് സ്പിരിറ്റ് തട്ടിപ്പ്: ഉന്നത ഉദ്യോഗസ്ഥർ ഒളിവിൽ
text_fieldsതിരുവല്ല: സംസ്ഥാന സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലേക്ക് സിപിരിറ്റുമായി എത്തിയ ടാങ്കർ ലോറികളിൽനിന്ന് സ്പിരിറ്റ് മറിച്ചുവിറ്റ സംഭവത്തിൽ പ്രതികളായ ഉന്നത ഉദ്യോഗസ്ഥർ ഒളിവിൽ. ജനറൽ മാനേജർ അലക്സ് പി. തോമസ്, പേഴ്സനൽ മാനേജർ ഷഹീം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി ഉൾപ്പെടെയുള്ളവരാണ് ഒളിവിൽ പോയിരിക്കുന്നത്. ഇന്നലെ അറസ്റ്റിലായ മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥർ ഒളിവിൽ പോയത്.
ലോറി ഡ്രൈവർമാരായ തൃശൂർ പൊട്ടച്ചിറ കുന്നത്ത് നന്ദകുമാർ, ഇടുക്കി കാവുമ്പാടി വട്ടക്കുന്നേൽ സിജോ തോമസ്, ട്രാവൻകൂർ ഷുഗേഴ്സിൽ സ്പിരിറ്റിെൻറ കണക്ക് സൂക്ഷിക്കുന്ന പാണ്ടനാട് മണിവീണയിൽ അരുൺ കുമാർ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. ടാങ്കറിലെത്തിച്ച സ്പിരിറ്റ് മറിച്ചുവിൽക്കാൻ സഹായിച്ച മധ്യപ്രദേശ് ബൈത്തുൾ സ്വദേശി അബു എന്നയാളും പ്രതിപ്പട്ടികയിലുണ്ട്.
മധ്യപ്രദേശിലെ ബർവാഹയിലെ സർക്കാർ ഫാക്ടറിയിൽനിന്ന് 1.15 ലക്ഷം ലിറ്റർ സ്പിരിറ്റുമായി മൂന്ന് ടാങ്കർ ലോറി ചൊവ്വാഴ്ചയാണ് കേരള അതിർത്തിയിൽ എത്തിയത്. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സ്ക്വാഡിന് ലഭിച്ച രഹസ്യ സന്ദേശത്തെത്തുടർന്ന് സംഘം വാഹനങ്ങളെ പിന്തുടർന്ന് ട്രാവൻകൂർ ഷുഗേഴ്സിൽ എത്തി പരിശോധിച്ചപ്പോഴാണ് രണ്ടു ലോറികളിൽ തട്ടിപ്പ് കണ്ടെത്തിയത്. ടാങ്കർ ലോറികളിൽനിന്ന് 20,687 ലിറ്റർ സ്പിരിറ്റാണ് മറിച്ചുവിറ്റത്.
അരുൺകുമാറിെൻറ നിർദേശപ്രകാരം മധ്യപ്രദേശിലെ ഫാക്ടറിയിൽനിന്ന് 70 കി.മീ. അകലെ സേന്തുവായിൽ ലോറി നിർത്തിയിടുന്ന സ്ഥലത്ത് അബു എത്തി രണ്ട് വാഹനത്തിൽനിന്ന് സ്പിരിറ്റ് ഊറ്റിയെടുക്കുകയായിരുെന്നന്നാണ് മൊഴി. ഇ-ലോക്ക് ഘടിപ്പിച്ച വാഹനത്തിനുമുകളിലെ പൂട്ടുകൾ അറുത്തുമാറ്റിയാണ് ആറ് അറയിലായി സൂക്ഷിച്ച സ്പിരിറ്റ് ഊറ്റിയത്.
ഇത് വിറ്റ വകയിൽ ലഭിച്ച തുക അരുൺകുമാറിന് കൈമാറാൻ വാഹനങ്ങളിൽ സൂക്ഷിച്ചിരുന്നു. നന്ദകുമാറിെൻറ വാഹനത്തിൽനിന്ന് 6.78 ലക്ഷം രൂപയും സിജോയുടെ വാഹനത്തിൽനിന്ന് 3.50 ലക്ഷം രൂപയുമാണ് കണ്ടെടുത്തത്. ഒരുമാസം ശരാശരി 15 ലോഡ് സ്പിരിറ്റാണ് ജവാൻ റം നിർമിക്കാൻ ഇവിടേക്ക് എത്തുന്നത്. പെർമിറ്റിൽ രേഖപ്പെടുത്തിയ അളവിൽ കുറവാണ് എത്തുന്നതെങ്കിലും ഉന്നത ഉദ്യോഗസ്ഥർ തട്ടിപ്പിന് കൂട്ടുനിൽക്കുന്നതിനാൽ പുറത്ത് അറിഞ്ഞിരുന്നില്ല. സമാനരീതിയിൽ തട്ടിപ്പ് മുമ്പും നടത്തിയതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.