സ്പെഷൽ ട്രെയിനുകളിൽ സീറ്റ് കുറവ്; വലഞ്ഞ് ഹ്രസ്വദൂര യാത്രക്കാർ
text_fieldsതൃശൂർ: ഹ്രസ്വദൂര ട്രെയിനുകളില്ലാത്തതിനാൽ ഹ്രസ്വദൂര യാത്രക്കാർ വലയുന്നു. പാസഞ്ചർ, മെമു ട്രെയിനുകളെ ആശ്രയിച്ച സ്ഥിരം യാത്രികരാണ് ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാതെ യാത്രാക്ലേശം അനുഭവിക്കുന്നത്. അടുത്ത സ്റ്റേഷനിലേക്ക് യാത്ര ചെയ്യേണ്ട ഇക്കൂട്ടർക്കും ടിക്കറ്റുകൾ മുൻകൂർ ബുക്ക് ചെയ്ത് യാത്ര ചെയ്യേണ്ട ഗതികേടാണ്. എറണാകുളത്തേക്കും ഷൊർണൂരിലേക്കും അടക്കം അടുത്ത സ്റ്റേഷനുകളിലേക്കുള്ള യാത്രികർ ഏറെയാണ്. എന്നാൽ ദീർഘദൂര ട്രെയിനുകളായതിനാൽ ഇവയിൽ രണ്ടാം ക്ലാസ് സീറ്റുകൾ കുറവാണ്.
ഏതാനും ദിവസങ്ങളായി ട്രെയിനുകളിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള യാത്രക്കാർ കൂടിയിട്ടുമുണ്ട്. അതിനാൽ കന്യാകുമാരി, ആലപ്പുഴ എക്സ്പ്രസുകളിൽ സീറ്റ് ഉറപ്പാക്കണമെങ്കിൽ മൂന്നോ നാലോ ആഴ്ചകൾക്ക് മുമ്പെങ്കിലും ബുക്ക് ചെയ്യേണ്ട ഗതികേടാണ്.
ഇത് ജോലിക്കാർ അടക്കം സ്ഥിരം യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ട്രെയിൻ സ്റ്റേഷനിൽ എത്തുന്നതിന് അര മണിക്കൂർ മുേമ്പ ടിക്കറ്റ് ബുക്കുചെയ്യാനാവുന്ന 'വെർച്ച്വൽ റിമോട്ട് ലൊക്കേഷൻ' സംവിധാനം പുതിയതായി നടപ്പാക്കിയെങ്കിലും കാര്യങ്ങൾ ദിനംപ്രതി വഷളാവുകയാണ്. സ്ഥിരം യാത്രക്കാർക്ക് രാവിലെയും വൈകീട്ടും ഇൻറർസിറ്റി പോലുള്ള ഹ്രസ്വദൂര ട്രെയിനുമില്ലാത്ത ഏക മേഖലയാണ് തൃശൂർ-എറണാകുളം പാത. സ്ഥിരം യാത്രികർ കൂടുതലുള്ള മേഖലയിൽ നിലവിൽ രണ്ടുദീർഘദൂര ട്രെയിനുകളെ മാത്രം ആശ്രയിക്കേണ്ടിവരുന്നത് യാത്രക്കാർക്ക് ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഷൊർണൂരിൽ നിന്നോ ഗുരുവായൂരിൽനിന്നോ എറണാകുളത്തേക്ക് ഒരു പ്രതിദിന ട്രെയിൻ ഓടിച്ചെങ്കിൽ മാത്രമേ പ്രശ്നത്തിന് പരിഹാരമാകൂ.
സാധാരണ പാസഞ്ചർ, മെമു ട്രെയിനുകൾ ഇനിയും ഓടിത്തുടങ്ങാത്തതിനാൽ കേരളത്തിനകത്ത് മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. തൃശൂരിലെ റിസർവേഷൻ കേന്ദ്രത്തിൽ നിന്നു നിലവിൽ പ്രതിദിനം 650-700 ടിക്കറ്റുകൾ റിസർവ് ചെയ്യുന്നുണ്ട്. അതിൽ 400-500 ടിക്കറ്റുകളും കേരളത്തിനകത്ത് യാത്രക്കുള്ളവയാണ്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, മംഗലാപുരം തുടങ്ങിയ ഇടങ്ങളിലേക്കാണ് അധികം ടിക്കറ്റുകളും. അതിൽ എറണാകുളത്തേക്കും കോഴിക്കോട്ടേക്കും സ്ഥിരം യാത്രികരാണ് കൂടുതൽ.
എന്ന് വരും, പാസഞ്ചറും മെമുവും
തൃശൂർ: സാധാരണക്കാരായ സ്ഥിരം യാത്രക്കാരുടെ യാത്ര ക്ലേശത്തിന് പരിഹാരമാവാൻ പാസഞ്ചർ, മെമു സർവിസുകൾ എന്ന് ഓട്ടം തുടങ്ങും. തൃശൂർ-എറണാകുളം, എറണാകുളം-തൃശൂർ, തൃശൂർ-കോഴിേക്കാട് ഭാഗങ്ങളിലേക്കുള്ള ട്രെയിനുകളാണ് ജനത്തിന് ആവശ്യമുള്ളത്.
തൃശൂർ-കണ്ണുർ (56603), ഗുരുവായൂർ എറണാകുളം (56371), കോട്ടയം-നിലമ്പൂർ (56362), എറണാകുളം-ഷൊർണൂർ (56363) എന്നീ പാസഞ്ചർ ട്രെയിനുകൾ സാധാരണക്കാരുടെ ആശ്രയമാണ്. ഒപ്പം പാലക്കാട്-എറണാകുളം (66612), പാലക്കാട്-എറണാകുളം (66611) മെമു ട്രെയിനുകളുമാണ് മാസങ്ങളായി സർവിസ് നടത്താത്തത്. പകരം ദീർഘദൂര സ്പെഷൽ ട്രെയിനുകളാണ് ഓടുന്നത്. കിട്ടിയ സാഹചര്യം ഉപയോഗിച്ച് റെയിൽവേക്ക് ഉണ്ടായ വമ്പൻ നഷ്ടം നികത്താനാണ് മന്ത്രാലയത്തിെൻറ ശ്രമം.
കേന്ദ്ര സഹമന്ത്രിക്ക് നിവേദനം നൽകി
തൃശൂർ: പാസഞ്ചർ, ട്രെയിനുകൾ ആരംഭിക്കാൻ കേന്ദ്ര സർക്കാറിെൻറ അനുമതി റെയിൽവേക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് നിവേദനം നൽകി. യാത്ര ക്ലേശങ്ങൾ പരിഹരിക്കുന്നതിന് റെയിൽവേ മന്ത്രിയുമായി സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.