Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right25 കോടി കോഴവാഗ്ദാനം...

25 കോടി കോഴവാഗ്ദാനം ലഭിച്ചു; സമീപിച്ചത് പ്രണബ് മുഖർജിയുടെയും വയലാർ രവിയുടെയും ആളുകൾ, ഒളികാമറയെന്ന് കരുതി വിട്ടുനിന്നു -സെബാസ്റ്റ്യൻ പോൾ

text_fields
bookmark_border
25 കോടി കോഴവാഗ്ദാനം ലഭിച്ചു; സമീപിച്ചത് പ്രണബ് മുഖർജിയുടെയും വയലാർ രവിയുടെയും ആളുകൾ, ഒളികാമറയെന്ന് കരുതി വിട്ടുനിന്നു -സെബാസ്റ്റ്യൻ പോൾ
cancel

കൊച്ചി: ഒന്നാം യു.പി.എ സർക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചപ്പോൾ വിശ്വാസപ്രമേയത്തിൽ മൻമോഹൻസിങ്ങിന് അനുകൂലമായി വോട്ടു ചെയ്യാന്‍ തനിക്ക് 25 കോടി രൂപ കോഴ വാഗ്ദാനം ലഭിച്ചതായി സി.പി.എം സ്വതന്ത്ര എം.പിയായിരുന്ന ഡോ. സെബാസ്റ്റ്യന്‍ പോള്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിദേശകാര്യ മന്ത്രിയും പിന്നീട് രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജിയുടെയും വയലാർ രവിയുടെയും ദൂതന്മാരാണ് തന്നെ വാഗ്ദാനവുമായി സമീപിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഒളികാമറ ഓപറേഷൻ വ്യാപകമായ കാലമായതിനാൽ അത്തരത്തിലുള്ള നീക്കമാണെന്ന് സംശയിച്ച് താൻ അവരുമായി വിലപേശാനോ അതിന്റെ പിന്നാലെ പോകാനോ ശ്രമിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്ത ദിവസം പാർല​മെന്റിൽ വെച്ച് വയലാർ രവി തന്നെ നേരിൽ കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞു. സ്വതന്ത്രൻ എന്ന തെറ്റിദ്ധാരണയിലാണ് താങ്കളെ സമീപിച്ചതെന്നും ആ ലിസ്റ്റിൽനിന്ന് താങ്കളുടെ പേര് ഒഴിവാക്കുമെന്നും രവി പറഞ്ഞിരുന്നുവെന്നും അപ്പോഴാണ് ഇത് വ്യാജമല്ലെന്ന് മനസ്സിലായതെന്നും സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

‘അമേരിക്കയുമായുള്ള ആണവകരാറിൽ യു.പി.എ സർക്കാറിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചതോടെ ഏതു വിധേനയും മന്ത്രിസഭയെ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്വം പ്രണബ് മുഖര്‍ജിക്കായിരുന്നു. മുഖര്‍ജിയുടെ ദൂതര്‍ എന്നവകാശപ്പെട്ട രണ്ടു പേര്‍ രാജേന്ദ്ര പ്രസാദ് റോഡിലെ തന്റെ വസതിയില്‍ എത്തി. സ്വതന്ത്ര അംഗമായിരുന്നതിനാല്‍ പാര്‍ട്ടി വിപ്പോ വിപ്പ് ലംഘനത്തിനുള്ള ശിക്ഷയോ എനിക്കു ബാധകമായിരുന്നില്ല. സി.പി.എം സ്വതന്ത്രന്‍ ആയതിനാല്‍ എന്റെ കൂറുമാറ്റം പാര്‍ട്ടിക്കു ഷോക്ക് ആയിരിക്കുമെന്ന കണക്കുകൂട്ടലും ഈ നീക്കത്തിനു പിന്നില്‍ ഉണ്ടായിരുന്നിരിക്കണം.

വളരെ കാര്യമാത്രപ്രസക്തമായാണ് വന്നവര്‍ സംസാരിച്ചത്. സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്താല്‍ 25 കോടി തരും. തുകയുടെ വലിപ്പം അവിശ്വസനീയമായിരുന്നതിനാലും ചോദ്യക്കോഴയില്‍ എംപിമാരെ കുടുക്കിയ സ്റ്റിങ് ഓപ്പറേഷന്‍ ഓര്‍മയില്‍ വന്നതിനാലും വന്നവര്‍ അപരിചിതര്‍ ആയിരുന്നതിനാലും കൂടുതല്‍ ഒന്നും ചോദിച്ചില്ല. സ്റ്റിങ് ഓപറേഷന്‍ ആയിരുന്നില്ലെന്ന് പിറ്റേന്ന് പാര്‍ലമെന്റില്‍ വച്ച് വയലാര്‍ രവിയെ കണ്ടപ്പോള്‍ മനസ്സിലായി. പ്രണബ് മുഖര്‍ജിയുടെ സാധ്യതാ പട്ടികയില്‍നിന്ന് എന്റെ പേര് നീക്കം ചെയ്‌തെന്നും വയലാര്‍ രവി അറിയിച്ചു’ -സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു.

‘അവസരം ഒരിക്കലേ വരൂ. പ്രണബിന്റെ ചൂണ്ടയില്‍ കൊത്തുകയോ വലയില്‍ വീഴുകയോ ചെയ്തവര്‍ക്ക് ഒന്നും സംഭവിച്ചില്ല. കൂറു മാറുന്നതിനു മാത്രമല്ല, വോട്ടെടുപ്പില്‍നിന്നു വിട്ടു നില്‍ക്കുന്നതിനും പ്രതിഫലമുണ്ടായിരുന്നു. ലക്ഷദ്വീപില്‍നിന്നുള്ള ജെഡിയു എംപി കൊച്ചിയില്‍ എത്തിയപ്പോള്‍ രോഗബാധിതനായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. പി.പി കോയയെ പോലെ പത്തു പേരാണ് വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത്’ -സെബാസ്റ്റ്യന്‍ പോള്‍ എഴുതുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കാന്‍ എൽ.ഡി.എഫ് ഉദ്ദേശിക്കുന്നില്ലെന്ന് അറിഞ്ഞിരുന്നെങ്കില്‍ തനിക്കു പ്രയോജനകരമായ തീരുമാനം എടുക്കാന്‍ കഴിയുമായിരുന്നെന്നും ഇടതു സഹയാത്രികനായി തുടരുന്ന സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഒരിക്കല്‍ മാത്രം ദൈവം അയയ്ക്കുന്ന സൗഭാഗ്യത്തെ പ്രയോജനപ്പെടുത്താതിരുന്നതിലുള്ള ഖേദം തനിക്ക് ചിലപ്പോള്‍ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vayalar raviSebastian Paulpranab mukherjee
News Summary - Sebastian Paul received bribe offer of 25 crores
Next Story