‘കേരളത്തിലെ രണ്ട് ആക്രമണകാരികള്‍ തെരുവുനായ്ക്കളും അഭിഭാഷകരും’ –സെബാസ്റ്റ്യന്‍ പോള്‍
text_fieldsതൃശൂര്‍: അഭിഭാഷകര്‍ക്കെതിരെ കടുത്ത വിമര്‍ശവുമായി, ഹൈകോടതി അഭിഭാഷക അസോസിയേഷനില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍. കേരളത്തില്‍ വിവേകമില്ലാതെ, ആക്രമാസക്തരായി നില്‍ക്കുന്ന രണ്ടു വിഭാഗങ്ങള്‍ തെരുവുനായ്ക്കളും അഭിഭാഷകരുമാണ്. നായ്കള്‍ക്ക് പ്രത്യേക ചികിത്സ നല്‍കിയാല്‍ അടങ്ങുന്നുണ്ട്. മറ്റേ വിഭാഗത്തിന് എന്ത് ചികിത്സ വേണമെന്ന് പറയുന്നില്ല. സി.എച്ച്. കണാരന്‍ ദിനാചരണ ഭാഗമായി തൃശൂര്‍ ദേശാഭിമാനിയില്‍ ‘മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പുതിയ വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന വാഗ്ദാനം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും അഭിഭാഷകര്‍ തന്നെ വിലങ്ങുതടിയാകുന്നു എന്നതാണ് ഇന്ന് മാധ്യമ മേഖല നേരിടുന്ന മുഖ്യവെല്ലുവിളി. അടിയന്തരാവസ്ഥയില്‍ പോലും വാര്‍ത്താശേഖരണത്തിന് തടസ്സമുണ്ടായിട്ടില്ല. അഭിഭാഷകരുടെ സംഘടിത വിഭാഗമാണ് സ്വതന്ത്ര പത്രപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കു പോലും ഒരു ഘട്ടം കഴിഞ്ഞാല്‍ അയവുണ്ടാകും. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നേരെ കടന്നാക്രമണം മൂന്നുമാസമായി തുടരുന്നു. വിവേകവും യുക്തിയും നീതിബോധവും നഷ്ടപ്പെട്ടവരായി അഭിഭാഷകര്‍ മാറുന്നത് വന്‍ വിപത്തുണ്ടാക്കും. ഭരണഘടനയില്‍ എവിടെയാണ് മാധ്യമ സ്വാതന്ത്ര്യം പറയുന്നതെന്നാണ് ചില അഭിഭാഷകര്‍ക്ക് സംശയം. നിയമവും ഭരണഘടനയും പഠിച്ച അഭിഭാഷകര്‍ ആരും ഇതു ചോദിക്കില്ല.
അഭിഭാഷകര്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥക്ക് പരിഹാരം കാണാനും മാധ്യമ സ്വാതന്ത്ര്യം നിലനിര്‍ത്താനും ഹൈകോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെയുള്ള ജഡ്ജിമാര്‍ മുന്‍കൈ എടുക്കണം. ന്യായാധിപന്മാര്‍ തുടക്കത്തില്‍ വേണ്ട വിധം ഇടപെട്ടിരുന്നുവെങ്കില്‍ പ്രശ്നം ഇത്രയും വഷളാവുമായിരുന്നില്ല. ഇനിയെങ്കിലും തയാറാവണം. വാര്‍ത്തകളെ ഉത്ഭവ കേന്ദ്രത്തില്‍തന്നെ ഇല്ലാതാക്കാന്‍ ഒരു വിഭാഗം അഭിഭാഷകര്‍ കൂട്ടുനില്‍ക്കുന്നത് സമൂഹത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും ചര്‍ച്ച നടത്തി പ്രശ്ന പരിഹാരമുണ്ടാക്കാന്‍ തീരുമാനിച്ചു. ഹൈകോടതി രജിസ്ട്രാര്‍ ഉത്തരവുമിറക്കി. എന്നിട്ടും വഞ്ചിയൂര്‍ കോടതിയില്‍ മാധ്യമ പ്രവര്‍ത്തകരെ കടന്നാക്രമിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കര്‍ തുടങ്ങിയവരെല്ലാം മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന അഭിപ്രായവുമായി മുന്നോട്ടു വന്നു. എന്നിട്ടും ഒരു വിഭാഗം അടങ്ങുന്നില്ല. നീതിന്യായ വ്യവസ്ഥ സുതാര്യമാകുന്നത് തുറന്ന കോടതിയിലാണ്. മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അടച്ചിട്ട കോടതികളില്‍ വിചാരണ നടന്നാല്‍ ഒത്തുകളികള്‍ പലതും നടക്കും. ന്യായാധിപന്മാര്‍ക്ക് പോലും പലതിനും വഴങ്ങേണ്ട അവസ്ഥയുണ്ടാകും. അത്തരം ജുഡീഷ്യല്‍ അടിയന്തരാവസ്ഥക്ക് അറുതി വന്നേ മതിയാകൂ എന്നും ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
‘സംഘടനയില്‍ ഇല്ളെങ്കിലും അഭിഭാഷകവൃത്തി തുടരും’
തൃശൂര്‍: ഹൈകോടതി അഭിഭാഷക അസോസിയേഷനില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതുകൊണ്ട് ഒന്നും സംഭവിക്കില്ളെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍. അഭിഭാഷകന്‍ എന്ന നിലയില്‍ പ്രാക്ടിസ് തുടരും. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ വിവേകം വെടിഞ്ഞ് ആക്രമാസക്തരാകുന്ന അഭിഭാഷകരുടെ നിലപാടിനെ വിമര്‍ശിച്ചതില്‍ ഉറച്ചു നില്‍ക്കുന്നു. സംഘടനയുടെ നിയമാവലി ലംഘിച്ചിട്ടില്ല. മുമ്പ് അഭിഭാഷകര്‍ കോടതി ബഹിഷ്കരണം ഉള്‍പ്പെടെ നടത്തിയപ്പോള്‍ സഹകരിച്ചിട്ടുണ്ട്. ഇന്നത്തെ പോക്കിനോട് യോജിപ്പില്ല. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.