മകൾക്ക് ഓൺലൈൻ പഠനത്തിന് ഫോൺ തിരികെ നൽകണമെന്ന് കൂടത്തായി കൂട്ടക്കൊലക്കേസ് രണ്ടാംപ്രതി
text_fieldsകോഴിക്കോട്: പൊലീസ് ചോദ്യം ചെയ്യലിനിടെ പിടിച്ചെടുത്ത മൊബൈൽ ഫോൺ മകൾക്ക് ഓൺലൈൻ പഠനത്തിന് തിരിച്ചുകിട്ടണമെന്ന് കൂടത്തായി കൂട്ടക്കൊലക്കേസിലെ രണ്ടാംപ്രതി എം.എസ്. മാത്യു.
ചൊവ്വാഴ്ച കേസ് കോടതി പരിഗണിച്ചപ്പോഴാണ് മാത്യു ഇതിനായി അപേക്ഷ നൽകിയത്. കേസ് പരിഗണിക്കുന്നത് പ്രിൻസിപ്പൽ ജില്ല സെഷൻസ് ജഡ്ജി പി.രാഗിണി ഡിസംബർ ഒമ്പതിന് മാറ്റി. എന്നാൽ, ഫോൺ കണ്ടെടുത്തിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കോടതിയിൽ പൊലീസ് ഫോൺ ഹാജരാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് കോടതി സംശയം പ്രകടിപ്പിക്കുകയും ചെയ്തു.
എന്നാൽ, തെൻറ പക്കൽനിന്ന് പൊലീസ് ഫോൺ വാങ്ങിയെന്ന വാദത്തിൽ മാത്യു ഉറച്ചുനിന്നു. അന്വേഷണച്ചുമതലയുണ്ടായിരുന്ന ഡിവൈ.എസ്.പിയാണ് വാങ്ങിയത്. ടവർ ലൊക്കേഷൻ നോക്കി ഫോൺ കണ്ടെത്തണമെന്നും മാത്യു ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ മാത്യുവിന് സൈബർ സെല്ലിനെ സമീപിക്കാമെന്ന് കോടതി നിർദേശിച്ചു.
ജയിലിൽ കിടക്ക വേണമെന്ന ജോളിയുടെ ആവശ്യം ജയിലധികൃതരുടെ മുന്നിൽ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. കോടതി നിർദേശപ്രകാരമേ പുതപ്പും കമ്പിളിവസ്ത്രങ്ങളും നൽകാൻ കഴിയൂ എന്ന് ജയിലധികൃതർ നേരേത്ത അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇടപെടുന്നില്ലെന്ന് കോടതി അറിയിച്ചു. ജോളിയുടെ ആത്മഹത്യ ശ്രമക്കേസും പരിഗണിച്ച കോടതി കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ 21ന് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.