നടിയെ അക്രമിച്ച കേസിൽ രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് ജാമ്യം
text_fieldsനടിയെ അക്രമിച്ച കേസിൽ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കരുതെന്ന സർക്കാർ ആവശ്യം കോടതി തള്ളി.
നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യം തേടി രണ്ടാം പ്രതി മാർട്ടിൻ ആന്റണി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നാല് വർഷമായി ജയിലിൽ കഴിയുകയാണെന്നും പലപ്പോഴായി വിവിധ കോടതികളിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും ഹരജികൾ തള്ളുകയായിരുന്നുവെന്നും മാർട്ടിൻ ഹരജിയിൽ പറഞ്ഞിരുന്നു. കേസിൽ താനും ഇരയാണെന്നാണ് ഇയാളുടെ വാദം. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. അങ്കമാലി അത്താണിക്കു സമീപം നടിയുടെ കാർ തടഞ്ഞുനിർത്തി അതിക്രമിച്ചുകയറിയ സംഘം നടിയെ ശാരീരികമായി ഉപദ്രവിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തെന്നാണ് കേസ്. കേസില്‍ രണ്ടാം പ്രതിയാണ് മാർട്ടിൻ. ഇയാൾ തന്നെ ആയിരുന്നു കേസിൽ ആദ്യമായി അറസ്റ്റിലായത്. നടി ആക്രമിക്കപ്പെടുന്ന വേളയില്‍ മാർട്ടിൻ ആയിരുന്നു എറണാകുളത്തേക്ക് നടിയുടെ കാര്‍ ഓടിച്ചിരുന്നത്.
ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. മാർട്ടിനാണ് നടിയുടെ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് പൊലീസ് കണ്ടെത്തൽ. എന്നാൽ നിരപരാധിയായ തന്നെ കേസിൽ ചതിച്ചതാണെന്നും നടിയെ പോലെ തന്നെ താനും കേസിലെ ഇരയാണെന്നുമാണ് മാർട്ടിൻ ഹരജിയിൽ പറയുന്നത്. വർഷങ്ങളായി ലാൽ ക്രിയേഷൻസിന്റെ വണ്ടി ഓടിച്ചിരുന്ന താൻ തന്നെയാണ് നടിയുടെ വാഹനം അന്ന് ഓടിച്ചിരുന്നത്.
അങ്കമാലിയിൽ വെച്ച് ബ്രേക്കിട്ടപ്പോൾ പിന്നിലുണ്ടായിരുന്ന വണ്ടി ട്രാവലറിലിടിച്ചു. കേസിലെ ഒന്നാം പ്രതിയായ പൾസൾ സുനിയും സംഘവുമായിരുന്നു ആ വാഹനത്തിൽ ഉണ്ടായിരുന്നത്. പിന്നീട് കുറച്ച് ദൂരം ചെന്നപ്പോൾ വാഹനത്തിന് കുറുകെ വണ്ടിയിട്ട് അവർ ട്രാവലർ തടഞ്ഞു. വണ്ടിയിൽ ഉണ്ടായിരുന്ന നടിയും പൾസർ സുനിയും തമ്മിൽ തർക്കിച്ചു. നടിക്ക് നേരത്തേ സുനിയെ പരിചയം ഉണ്ടായിരുന്നു. സുനിയാണ് ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് നടിയെ കൊണ്ടുപോയിട്ടുള്ളത്. നടിയോട് വൈരാഗ്യം ഇല്ലെന്നും തന്നെയാണ് അവർക്ക് വേണ്ടതെന്നും പൾസർ സുനി പറഞ്ഞു. തന്നെ ഉപദ്രവിച്ച ശേഷം അവർ വാഹനത്തിൽ നിന്നും ഇറങ്ങി പോകുകയായിരുന്നു. ഇത്തരത്തിൽ താനും നടിക്കൊപ്പം ഉപദ്രവിക്കപ്പെട്ട ഇരയാണെന്നാണ് ഇയാൾ ഹരജിയിൽ സൂചിപ്പിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.