ഇടത് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം: ജനകീയ കുറ്റപത്രവുമായി യു.ഡി.എഫ് സെക്രട്ടേറിയറ്റ് വളയും
text_fieldsതിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികമായ മെയ് 20ന് രാവിലെ 10 മുതല്‍ സെക്രട്ടേറിയറ്റ് വളയാൽ യു.ഡി.എഫ് തീരുമാനം. സമരത്തോട് അനുബന്ധിച്ച് സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ അഴിമതിയും നികുതിക്കൊള്ളയും അക്രമവും സംബന്ധിച്ച ജനകീയ കുറ്റപത്രം സമര്‍പ്പിക്കും. രണ്ട് വര്‍ഷങ്ങളായി യു.ഡി.എഫ് നടത്തിയ സമരങ്ങളുടെ ക്രോഡീകരണമാകും പ്രവര്‍ത്തകരുടെ സെക്രട്ടേറിയറ്റ് വളയല്‍ സമരം.
സമരത്തില്‍ പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെ നേതൃ കണ്‍വെന്‍ഷനുകള്‍ ചേരും. മെയ് മൂന്നിന് രാവിലെ പത്തിന് തിരുവനന്തപുരത്തും മെയ് എട്ടിന് രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലും ഉച്ചക്ക് മൂന്ന് മണിക്ക് എറണാകുളത്തും മെയ് 12ന് രാവിലെ പത്തിന് കൊല്ലത്തും ഉച്ചക്ക് രണ്ടിന് പത്തനംതിട്ടയിലേത് തിരുവല്ലയിലും അഞ്ച് മണിക്ക് കോട്ടയത്തും കണ്‍വെന്‍ഷനുകള്‍ വിളിക്കും.
ബഫര്‍ സോണ്‍ വിഷയത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ വിധി വന്നതിനെ യു.ഡി.എഫ് സ്വാഗതം ചെയ്തു. സര്‍ക്കാരിന് പറ്റിയ തെറ്റുകള്‍ തിരുത്തിച്ചത് യു.ഡി.എഫ് നടത്തിയ പ്രക്ഷോഭങ്ങളാണ്. സില്‍വര്‍ ലൈനിന് ബദലായി യു.ഡി.എഫ് മുന്നോട്ട് വച്ച നിര്‍ദേശമായിരുന്നു വന്ദേഭാരത് ട്രെയിനുകള്‍. എന്നാല്‍ അതിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്.
സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് കാര്‍ഡ് ഉടമകള്‍ക്കാണ് റേഷന്‍ മുടങ്ങിയിരിക്കുന്നത്. റേഷന്‍ വിതരണ സംവിധാനം അവതാളത്തിലാക്കിയിരിക്കുകയാണ്. റേഷന്‍ കടകളെ മാത്രം ആശ്രയിക്കുന്നവര്‍ക്ക് പ്രത്യേകമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യണം. സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളൊക്കെ യു.ഡി.എഫ് വിലയിരുത്തി. മുന്നണി അടിത്തറ വിപുലപ്പെടുത്താനും സംഘടനാ സംവിധാനം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.