ലീഗിന്റെ കനിക്ക് രാമനാഥപുരത്ത് രണ്ടാമൂഴം
text_fieldsചെന്നൈ: മുസ്ലിം ലീഗിന്റെ നവാസ് കനിക്ക് രാമനാഥപുരത്ത് ഇത് രണ്ടാമൂഴം. തമിഴ്നാട്ടിൽ ഡി.എം.കെ സഖ്യത്തിലെ മുസ്ലിം ലീഗിന് ലഭിച്ച ഏക സീറ്റാണിത്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നവാസ് കനി 4,69,943 വോട്ടുകൾ നേടി 1,27,122 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
അണ്ണാ ഡി.എം.കെ വിമത നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒ. പന്നീർശെൽവത്തിന്റെ(ഒ.പി.എസ്) സ്ഥാനാർഥിത്വം മൂലവും മണ്ഡലം ശ്രദ്ധിക്കപ്പെടുന്നു. ബി.ജെ.പി സഖ്യവുമായി ചേർന്ന് ‘ചക്ക’ ചിഹ്നത്തിലാണ് ഒ.പി.എസ് വോട്ട് തേടുന്നത്. ബി.ജെ.പിക്ക് പുറമെ പ്രബലമായ തേവർ-മുകുലത്തോർ സമുദായ വോട്ടുകളാണ് ഇദ്ദേഹത്തിന്റെ പിൻബലം. അഞ്ച് അപരൻമാർ കളത്തിലുള്ളത് ഒ.പി.എസിന് തലവേദന സൃഷ്ടിക്കുന്നു.
അണ്ണാ ഡി.എം.കെയുടെ ജയരാജ് പെരുമാൾ, നാം തമിഴർ കക്ഷിയുടെ ചന്ദ്രപ്രഭ എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി രാമനാഥപുരത്ത് മത്സരിച്ചേക്കുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. രാമനാഥപുരം, മുതുകുളത്തൂർ, പരമകുടി, തിരുവാടാനൈ, അറന്താങ്കി, തിരുച്ചുഴി നിയമസഭ മണ്ഡലങ്ങളാണുള്ളത്.
വിവാദമായ കച്ചിത്തീവിനോട് ഏറ്റവും അടുത്തുകിടക്കുന്ന മണ്ഡലമാണിത്. ശ്രീലങ്കൻ നാവികസേനയുടെ അതിക്രമങ്ങളാണ് മുഖ്യ പ്രചാരണ വിഷയം. മത്സ്യബന്ധനത്തിന് കടലിലിറങ്ങുന്ന മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന അറസ്റ്റ് ചെയ്യുന്നതും ഇവരുടെ ബോട്ടുകൾ പിടിച്ചെടുക്കുന്നതും പതിവ് സംഭവങ്ങളാണ്. വിഷയത്തിൽ കേന്ദ്ര സർക്കാർ അനാസ്ഥ കാണിക്കുന്നതായ ആരോപണം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.