ആലപ്പുഴയിൽ വാക്സിൻ രണ്ടാം ഡോസ് രണ്ടു തവണ നൽകി; 65കാരൻ ആശുപത്രിയിൽ
text_fieldsആലപ്പുഴ: കോവിഡ് വിതരണത്തിൽ ആലപ്പുഴ കരുവാറ്റ പി.എച്ച്.സിയിൽ ഗുരുതര വീഴ്ച. വാക്സിൻ രണ്ടാം ഡോസ് എടുക്കാനെത്തിയ 65കാരന് മിനിറ്റുകളുടെ വ്യത്യാസത്തിൽ രണ്ടു തവണ കുത്തിവെപ്പ് നൽകി. കരുവാറ്റ ഇടയിലിൽ പറമ്പിൽ ഭാസ്കരനാണ് ഒരു ദിവസം രണ്ടു തവണ വാക്സിൻ നൽകിയത്.
കോവിഷീൽഡ് വാക്സിൻെറ രണ്ടാം ഡോസ് സ്വീകരിക്കാനാണ് ഭാസ്കരനും ഭാര്യയും ഇന്നലെ രാവിലെ കരുവാറ്റ പി.എച്ച്.സിയിൽ എത്തിയത്. വാക്സിൻ നൽകാൻ പി.എച്ച്.സിയിൽ രണ്ട് കൗണ്ടറുകൾ സജ്ജീകരിച്ചിരുന്നു. ആദ്യ കൗണ്ടറിൽ നിന്ന് വാക്സിൻ സ്വീകരിച്ച ഭാസ്കരൻ രണ്ടാം കൗണ്ടറിലെത്തിയപ്പോൾ വീണ്ടും വാക്സിൻ കുത്തിവെക്കുകയായിരുന്നു.
പിന്നീട്, രക്ത സമ്മർദം വർധിക്കുകയും മൂത്ര തടസ്സം ഉൾപ്പെടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതോടെ ഇദ്ദേഹത്തെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാസ്കരൻെറ ഭാര്യയും വാർഡ് അംഗവും സംഭവത്തിൽ ആക്ഷേപവുമായി രംഗത്തെത്തിയിട്ടുണ്ട്.
വിശ്രമ മുറിയിലേക്ക് പോകുന്നതിന് പകരം ഭാസ്കരൻ രണ്ടാം കൗണ്ടറിലേക്ക് വന്നുവെന്നും കൃത്യമായ ആശയവിനിമയം നടന്നില്ലെന്നുമാണ് ജീവനക്കാർ പറയുന്നത്. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഉദ്യോഗസ്ഥരോട് റിപ്പോർട്ട് തേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.