കണ്ണൂരിൽ രണ്ടാഴ്ചക്കിടെ രണ്ടാമത്തെ കർഷക ആത്മഹത്യ
text_fieldsകണ്ണൂർ: ജില്ലയിൽ രണ്ടാഴ്ചക്കുള്ളിൽ ജീവനൊടുക്കിയത് രണ്ടു കർഷകർ. ഏറെയാളുകളും കൃഷി ഉപജീവനമാക്കിയ മലയോര മേഖലയിൽനിന്നാണ് രണ്ട് ആത്മഹത്യയും. പേരാവൂരിനടുത്ത കണിച്ചാർ പഞ്ചായത്തിലെ കൊളക്കാട് ക്ഷീരകർഷകനായ എം.ആർ. ആൽബർട്ടിനെ തിങ്കളാഴ്ച പുലർച്ചെയാണ് വീട്ടിൽ മരിച്ചനിലയിൽ കണ്ടത്.
വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ രണ്ട് ഏക്കർ കൃഷിയിടവും വീടും ഉപേക്ഷിക്കേണ്ടിവന്നതിൽ മനംനൊന്താണ് ഇരിട്ടിക്കടുത്ത് അയ്യൻകുന്ന് പഞ്ചായത്തിലെ മുടിക്കയത്ത് നടുവത്ത് സുബ്രഹ്മണ്യന് നവംബർ 15ന് ജീവനൊടുക്കിയത്. 22ന് നവകേരള യാത്ര പേരാവൂർ മണ്ഡലത്തിലെത്തുമ്പോൾ മുഖ്യമന്ത്രിക്ക് നൽകാൻ ദീർഘമായ കുറിപ്പ് എഴുതിവെച്ചിരുന്നു അർബുദരോഗികൂടിയായ സുബ്രഹ്മണ്യൻ.
റോബർട്ടിന് ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് വന്നിരുന്നുവെന്നും അതിനുശേഷം കടുത്ത നിരാശയിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. എന്നാൽ, വായ്പ തിരിച്ചടക്കാനുള്ള നോട്ടീസ് മാത്രമാണ് നൽകിയതെന്നാണ് കേരള ബാങ്ക് അധികൃതരുടെ വിശദീകരണം. ചൊവ്വാഴ്ചയായിരുന്നു വായ്പ തിരിച്ചടക്കേണ്ട അവസാന ദിവസം. വായ്പ തിരിച്ചടക്കാനായി കുടുംബശ്രീയിൽനിന്നടക്കം പണം ലഭ്യമാവുമോ എന്ന് ശ്രമിച്ചെങ്കിലും നടന്നില്ല.
മറ്റു ചില ബാങ്കുകളിലും ആൽബർട്ടിന് വായ്പ ഉണ്ടായിരുന്നുവെന്നാണ് സൂചന. കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായി 25 വർഷത്തോളം പ്രവർത്തിച്ചയാളാണ് ആൽബർട്ട്. രണ്ടേക്കർ ഇരുപത് സെന്റ് സ്ഥലവും വീടും ഉപേക്ഷിച്ച് വാടക വീട്ടിലേക്ക് പലായനം ചെയ്യേണ്ടിവന്ന കർഷകനാണ് സുബ്രഹ്മണ്യൻ.
ആയുസ്സ് മുഴുവൻ വിയർപ്പൊഴുക്കി വിളയിച്ചതെല്ലാം കാട്ടാന നശിപ്പിച്ചു. വീടിനുനേരെയും കാട്ടാനകളുടെ ആക്രമണം ഉണ്ടായതോടെ വീടും സ്ഥലവും ഉപേക്ഷിച്ച് വാടക വീട്ടിലേക്കു മാറുകയായിരുന്നു. രോഗബാധിതനായിരുന്ന സുബ്രഹ്മണ്യന് വാർധക്യകാല പെൻഷനായിരുന്നു ഏക വരുമാനമാർഗം.
എന്നാൽ, പെൻഷൻ മുടങ്ങിയത് വലിയ പ്രയാസമുണ്ടാക്കി. ലൈഫ് പദ്ധതിയിൽ വീടിനായി അപേക്ഷ നൽകിയിരുന്നെങ്കിലും സ്വന്തമായി രണ്ടേക്കർ ഭൂമിയുള്ളതിനാൽ നിരസിക്കപ്പെട്ടു. ജീവിതം വഴിമുട്ടിയെന്നും മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാവണമെന്നും രണ്ടു പേജ് നീളുന്ന നിവേദനത്തിൽ എഴുതിയെങ്കിലും പേരാവൂരിലെ നവകേരള സദസ്സിനുമുമ്പേ അദ്ദേഹം ജീവിതം അവസാനിപ്പിച്ചു.
കണ്ണൂരിലെ മലയോര മേഖലയിൽ വന്യജീവികൾ കാരണമുള്ള വിളനാശവും ഉൽപന്നങ്ങളുടെ വിലയിടിവും കാരണം കർഷകർ ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഇരിട്ടി, ആറളം, പേരാവൂർ മേഖലകളിലെല്ലാം ഇതാണ് അവസ്ഥ. ഏറെ പ്രതീക്ഷയോടെ ബാങ്ക് വായ്പയെടുത്ത് കൃഷിയിറക്കുന്നവർ തിരിച്ചടവിനുള്ള വരുമാനം ലഭിക്കാതെ വഴിമുട്ടുന്ന സ്ഥിതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.