രണ്ടാം മന്ത്രിസഭ ജനങ്ങളിൽനിന്ന് അകന്നു -സി.പി.എം എറണാകുളം ജില്ല കമ്മിറ്റിയിൽ വിമർശനം
text_fieldsകൊച്ചി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഒന്നാം മന്ത്രിസഭ ജനകീയമായിരുന്നെന്നും എന്നാൽ രണ്ടാം മന്ത്രിസഭ ജനങ്ങളിൽനിന്ന് അകന്നെന്നും സി.പി.എം എറണാകുളം ജില്ല കമ്മിറ്റി യോഗത്തിൽ വിമർശനം. ഇ.പി. ജയരാജനും എ.കെ. ബാലനും പോലുള്ള നേതാക്കളുടെ അഭിപ്രായപ്രകടനങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവിക്ക് ആക്കം കൂട്ടിയെന്നും ചില അംഗങ്ങൾ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെയും രൂക്ഷ വിമർശനം ഉയർന്നു. മകനെതിരെ ആരോപണം ഉയർന്നപ്പോൾ അത് മകൻ നോക്കിക്കൊള്ളുമെന്നും പാർട്ടിക്ക് ഇക്കാര്യത്തിൽ ബന്ധമില്ലെന്നും വിശദീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ മാതൃക പിണറായി പിന്തുടർന്നില്ല. എക്സാലോജിക് വിവാദത്തിൽ മകളുടെ നിരപരാധിത്വം വ്യക്തമാക്കുന്ന വിധത്തിൽ സമൂഹമാധ്യമങ്ങളിൽപോലും പ്രതികരിക്കാൻ മുഖ്യമന്ത്രി തയാറായില്ല. ഇത് പാർട്ടിക്ക് തിരിച്ചടിയായി.
ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് വോട്ടെടുപ്പ് ദിവസംതന്നെ ഇ.പി. ജയരാജൻ സ്ഥിരീകരിച്ചതും ദല്ലാൾ നന്ദകുമാറുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും പാർട്ടിയെ പ്രതിരോധത്തിലാക്കി. രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർഥിത്വത്തെ പുകഴ്ത്തുകയാണ് ജയരാജൻ ചെയ്തത്. സി.പി.എം മത്സരിക്കുന്നത് ചിഹ്നം നിലനിർത്താനാണ് എന്നതടക്കം എ.കെ. ബാലന്റെ പല പ്രസ്താവനകളും പാർട്ടിയെ കുഴപ്പത്തിലാക്കുന്നതായിരുന്നു. പരിചയസമ്പന്നരായ മന്ത്രിമാരുടെ അഭാവം കാര്യക്ഷമമായി പ്രവർത്തിക്കാൻ സർക്കാറിന് തടസ്സമാകുന്നു. സാമ്പത്തിക പ്രതിസന്ധിയും ക്ഷേമ പെൻഷനുകൾ മുടങ്ങിയതും ജനങ്ങളെ സർക്കാറിനെതിരെ തിരിച്ചു. എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ചെയ്തുകൂട്ടുന്ന പലതിനും പാർട്ടി നേതാക്കൾ മറുപടി പറയേണ്ട അവസ്ഥയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.