കുമരകത്തിന് നന്ദി പറഞ്ഞ്, ഓണമുണ്ട്, ‘ലോകം’ മടങ്ങി
text_fieldsകോട്ടയം: കേരളത്തെ നെഞ്ചോടുചേർത്ത്, കുമരകത്തിന്റെ ഹൃദ്യസ്വീകരണത്തിന് നന്ദി പറഞ്ഞ് ലോകം മടങ്ങി. ജി20 സമ്മേളന ഭാഗമായുള്ള രണ്ടാം ഷെര്‍പ യോഗത്തിന് കുമരകത്ത് സമാപനം. മനം നിറച്ച ഓണാഘോഷത്തിനുശേഷമായിരുന്നു ജി 20 പ്രതിനിധികളുടെ മടക്കം.
തൂശനിലയില്‍ നിരന്ന വിഭവങ്ങളുടെ എണ്ണവും നിറവും കൗതുകം പകർന്നതിനൊപ്പം ഓണസദ്യ ഇവർക്ക് പുത്തൻ അനുഭവമായി.
ഷെര്‍പ യോഗത്തിന്റെ ഭാഗമായ ചര്‍ച്ചകള്‍ ശനിയാഴ്ച വൈകീട്ട് അവസാനിച്ചിരുന്നു. ഞായറാഴ്ച മുഴുദിന ഓണാഘോഷ പരിപാടികളായിരുന്നു ഇവർക്കായി കുമരകം കരുതിവെച്ചിരുന്നത്.
കുമരകം കോക്കനട്ട് ലഗൂണ്‍ റിസോര്‍ട്ടിലാണ് ഓണാഘോഷം. രാവിലെ അതിഥികളെ മുല്ലപ്പൂ നല്‍കിയാണ് വരവേറ്റത്. പിന്നാലെ, തിരുവാതിര, ഊഞ്ഞാലാട്ടം, പുലിക്കളി, കുമ്മാട്ടിക്കളി, കളരിപ്പയറ്റ്, കളമെഴുത്തുംപാട്ട് എന്നിങ്ങനെ വിവിധ പരിപാടികൾ വിദേശപ്രതിനിധികൾക്കായി അവതരിപ്പിച്ചു. ഇതിനിടെ, ഓണപ്പൂക്കളവും ഒരുക്കി. പൂക്കളമൊരുക്കാന് ചിലര്‍ ഒപ്പംകൂടിയപ്പോള്‍ പുലികള്‍ക്കൊപ്പം തുള്ളനായിരുന്നു മറ്റ് ചിലര്‍ക്ക് മോഹം. കലം തല്ലിപ്പൊട്ടിക്കലിലും വടംവലി മത്സരത്തിലുമൊക്കെ ഇവർ ആവേശത്തോടെ പങ്കുചേർന്നു. കലം തല്ലിപ്പൊട്ടിക്കലിൽ ഇന്ത്യന്‍ ഷെര്‍പ അമിതാഭ് കാന്തും ഒരുകൈനോക്കി. ഇത് മൊബൈല്‍ ഫോണില്‍ വിദേശപ്രതിനിധികളും പകർത്തി. ഓരോ ഇനങ്ങളുടെയും പ്രത്യേകതകളും ഇവർ ചോദിച്ചറിഞ്ഞു.
ഏറ്റവുമൊടുവില്‍, സദ്യയിലേക്ക് എത്തിയപ്പോള്‍ പ്രതിനിധികള്‍ മലയാളത്തനിമയിലായി. മുണ്ടുടുത്തും സാരിയണിഞ്ഞുമെത്തിയ പ്രതിനിധികള്‍ ഓരോ വിഭവത്തെക്കുറിച്ചും ചോദിച്ചറിഞ്ഞു.
സദ്യ അവസാനിപ്പിപ്പ് പായസവും പഴവുമെത്തിയതോടെ എങ്ങനെ കഴിക്കുമെന്ന ആധിയായിരുന്നു പലര്‍ക്കും. പിന്നാലെ, പച്ചമോരു നല്കിയപ്പോള് പലരും പരസ്പരം നോക്കി.
ഇതിനിടയിലും ചിലർ സ്വന്തം നാട്ടിലെ ഭക്ഷണം ആവശ്യപ്പെട്ട് കഴിച്ചു. സദ്യക്കുശേഷം മുറുക്കാനും നൽകിയിരുന്നു. ഇതോടെ നാലുദിവസം നീണ്ട ഷെർപ യോഗത്തിന് അവസാനമായി. വെള്ളി, ശനി ദിവസങ്ങളിലായിരുന്നു പ്രധാന ചർച്ചകൾ നടന്നത്. ഇനി ജി20യുടെ ഉദ്യോഗസ്ഥതല മീറ്റിങ് ആറു മുതല്‍ ഒമ്പതുവരെ കുമരകത്തെ ഇതേ വേദികളില്‍ നടക്കും. വികസനകാര്യങ്ങളാകും ഇതിൽ ചര്‍ച്ചയാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.