ഇരട്ട വോട്ട് 38,586 എണ്ണം മാത്രമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsകൊച്ചി: സംസ്ഥാനത്തെ വോട്ടർപട്ടികയിൽ ഇരട്ട വോട്ടുകളായി കണ്ടെത്തിയത് 38,586 പേരുകൾ മാത്രമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയിൽ. 3.17 ലക്ഷം ഇരട്ടവോട്ടുകളുണ്ടെന്നാണ് രാഷ്ട്രീയ പാർട്ടികളുടെ പരാതിയെങ്കിലും തിങ്കളാഴ്ചവരെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഇത്ര മാത്രമാെണന്ന് കമീഷൻ അറിയിച്ചു. ഇവരെ ബൂത്ത് ലെവൽ ഒാഫിസർമാർ സന്ദർശിച്ച് വസ്തുതകൾ ഉറപ്പാക്കിയശേഷം സ്ഥലത്തില്ലാത്തവരുടെയും സ്ഥലം മാറിപ്പോയവരുടെയും പട്ടികയിലേക്ക് അടയാളപ്പെടുത്തി പ്രിസൈഡിങ് ഒാഫിസർമാർക്ക് കൈമാറും.
വോട്ടർപട്ടികയിലെ വ്യാജ പേരുകൾ നീക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹരജിയിലാണ് കമീഷെൻറ വിശദീകരണം.
ഇരട്ടവോട്ടുകൾ ഒഴിവാക്കാനും ഒരാൾ ഒന്നിലേറെ വോട്ടു ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാനും നാലു നിർദേശങ്ങൾ ഉൾപ്പെടുത്തി ചെന്നിത്തല സത്യവാങ്മൂലം നൽകി. ഒന്നിലേറെ വോട്ടുള്ളവരെ ബൂത്ത് ലെവൽ ഒാഫിസർമാർ സന്ദർശിച്ച് എവിടെ വോട്ടു ചെയ്യുമെന്ന വിവരം രേഖാമൂലം വാങ്ങണമെന്നതടക്കം നിർദേശങ്ങളാണ് നൽകിയത്. ഇവർ വോട്ടു ചെയ്യുന്ന ബൂത്തിലെ പ്രിസൈഡിംഗ് ഒാഫിസർമാർക്കും വോട്ടുള്ള മറ്റു ബൂത്തുകളിലെ പ്രിസൈഡിംഗ് ഒാഫിസർമാർക്കും ഇൗ പട്ടിക നൽകണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളിലും തെരഞ്ഞെടുപ്പ് കമീഷെൻറ വിശദീകരണം കോടതി ആരാഞ്ഞു.
പത്രിക നൽകേണ്ട അവസാന തീയതി വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാനും ഒഴിവാക്കാനും സാധ്യമാണെന്ന് തെര. കമീഷൻ അറിയിച്ചു. കേരളത്തിൽ പത്രിക നൽകേണ്ട അവസാന തീയതി മാർച്ച് 19നായിരുന്നു. ഇനി വോട്ടർ പട്ടികയിൽ മാറ്റം വരുത്താനാവില്ല. ഒന്നിലേറെ തവണ പേരു ചേർത്തവരുടെ പട്ടിക പ്രിസൈഡിങ് ഒാഫിസർമാർക്ക് നൽകും. ഇൗ പട്ടികയിലുള്ളവർ വോട്ടു ചെയ്യാനെത്തിയാൽ രേഖകൾ പരിശോധിച്ച് ഉറപ്പുവരുത്തും. രജിസ്റ്ററിൽ വിരലടയാളം പതിപ്പിക്കുകയും ഒന്നിലധികം വോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുമെന്നും കമീഷൻ വ്യക്തമാക്കി. ഹരജിക്കാരെൻറയും കമീഷെൻറയുമടക്കം വാദങ്ങൾ പൂർത്തിയായതിനെ തുടർന്ന് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റി. ബുധനാഴ്ച വിധി പറഞ്ഞേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.