ബി നിലവറയിലെ നിഗൂഡത
text_fieldsതിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ക്ഷേത്രഭരണം ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിക്ക് നൽകി സുപ്രീംകോടതി വിധി വന്നതോടെ ക്ഷേത്രവും അവിടത്തെ സ്വത്തുക്കളും വീണ്ടും ചർച്ചാവിഷയമാവുകയാണ്. അധികാരത്തർക്കത്തിലുപരി ഇവിടെ കുമിഞ്ഞുകൂടിയിരിക്കുന്ന സ്വത്താണ് കൗതുകത്തിന് ആധാരം.
സമ്പത്ത് സൂക്ഷിച്ചിരിക്കുന്ന ആറ് നിലവറകളാണ് ക്ഷേത്രത്തിന്‍റെ പ്രധാന സവിശേഷത. സ്വാമിയുടെ പ്രതിഷ്ഠക്ക് കീഴെയായും സമീപത്തും മുന്നിലുള്ള ഒറ്റക്കൽ മണ്ഡപത്തിനു താഴെയും രത്നങ്ങളുടെ ഒരു കൂമ്പാരം തന്നെയുണ്ടെന്ന് കരുതുന്നവരുണ്ട്. പക്ഷെ നിലവറകൾ തന്നെയാണ് എന്നും ശ്രദ്ധാകേന്ദ്രം. സി, ഡി നിലവറകളിൽ ക്ഷേത്രത്തിലെ ഉത്സവാവശ്യത്തിനുള്ള ആഭരണങ്ങളാണ് സൂക്ഷിക്കുന്നത്. ഉത്സവകാലത്ത് തുറക്കുന്നവയാണ് ഇവ. ഇ, എഫ് നിലവറകൾ ക്ഷേത്രാവശ്യത്തിനായി എപ്പോഴും തുറക്കുന്നവയാണ്. അമൂല്യമായ നിധിശേഖരമുള്ളത് എ, ബി നിലവറകളിലാണ്.
ഹൈകോടതി നിർദേശ പ്രകാരം എ നിലവറ തുറന്ന് കണക്കെടുത്തപ്പോൾ ഒന്നേകാൽ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന ശേഖരം കണ്ടെത്തിയിരുന്നു. സ്വർണാഭരണങ്ങൾ, സ്വർണക്കട്ടികൾ, രത്നങ്ങൾ, സ്വർണവിഗ്രഹങ്ങൾ എന്നിവയെല്ലാം അതിൽ പെടും. കൂറ്റൻ കരിങ്കൽ വാതിലുകൾ കൊണ്ട് പ്രവേശനം തടഞ്ഞിരിക്കുന്ന ബി നിലവറയിൽ ഇതിനേക്കാൾ ധനശേഖരം ഉണ്ടാകുമെന്നാണു കണക്കുകൂട്ടൽ.
രാജകുടുംബത്തിന്‍റെ നിയന്ത്രണത്തിലുള്ള പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി മോഷണം പോകുന്നു എന്ന റിട്ടയേർഡ് ഐ.പി.എസ് ഓഫീസറായിരുന്ന ടി.പി. സുന്ദരരാജന്‍റെ പരാതിയിന്മേൽ സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ച് 2011 ലാണ് നിലവറകൾ തുറന്നത്. എന്നാൽ അപ്പോഴും ബി നിലവറ തുറക്കാൻ കഴിഞ്ഞില്ല. കരിങ്കല്ല് കൊണ്ടുള്ള വാതിലുകൾ തുറക്കാൻ നിലവിൽ സംവിധാനമില്ല എന്നതുതന്നെയായിരുന്നു പ്രധാന കാരണം. കരിങ്കല്ലുകൊണ്ടുള്ള വാതിലുകൾ തകർത്തുതന്നെ വേണം ഇതിനകത്ത് പ്രവേശിക്കാൻ. വാതിലിന് മുകളിൽ കൊത്തിവെച്ചിരിക്കുന്ന നാഗത്തിന്‍റെ ചിത്രം പല വിധ കഥകൾക്കും വ്യാജവാർത്തകൾക്കും കാരണമായി.
2011 ജൂൺ 30ന് ബി നിലവറ തുറക്കാൻ ശ്രമിച്ച പരിശോധക സംഘത്തിലുണ്ടായിരുന്ന ഒരാളുടെ കാൽ മുറിഞ്ഞത് കഥകൾക്ക് ആധികാരികത നൽകി. വാതിലിൽ കൊത്തിവെച്ച ചിത്രങ്ങൾ നാഗബന്ധനം ചെയ്ത് പൂട്ടിയതാണെന്നും നിലവറ തുറക്കുന്നവർക്ക് സർപ്പദംശനം ഏൽക്കുമെന്നുമുള്ള കഥ പ്രചാരത്തിൽ വന്നു. നിധി എടുക്കാൻ ശ്രമിക്കുന്നവരെ പിന്തിരിപ്പിക്കാൻ ഉദ്ദേശിച്ചാകാം പണ്ടുകാലത്ത് ഇത്തരം ചിത്രങ്ങൾ കൊത്തിവെച്ചതെന്ന് ചിലർ വാദിച്ചു. എന്നാൽ തിരുവതാംകൂർ രാജാവിന്‍റെ സ്വത്തുക്കൾ എടുക്കുന്നവർ കടലിൽ പതിക്കുന്ന രീതിയിലാണ് ഈ നിലവറയുടെ നിർമിതിയെന്ന് ചിലർ അവകാശപ്പെടുന്നു.
രാജകുടുംബവും ബി നിലവറ തുറക്കുന്നതിനെ എതിർക്കുകയാണ്. എങ്കിലും ബി നിലവറ തുറക്കുന്നതിൽ തീരുമാനമെടുക്കാനുള്ള അവകാശം നൽകുന്നതാണ് ഇന്നത്തെ സുപ്രീംകോടതി വിധി. ബി നിലവറ തുറന്ന് നിധിക്കൂമ്പാരം എന്തെന്നറിയാൻ കണ്ണും മനസ്സും തുറന്നിരിക്കുകയാണ് ജനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.