സി.ആർ മഹേഷ് എം.എൽ.എക്ക് എന്നും വെവ്വേറെ കാറുകളാണ്; രഹസ്യമറിയാം
text_fieldsകരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷിന് എം.എൽ.എ എന്നെഴുതിയ രണ്ട് ബോർഡുകൾ സ്വന്തമായുണ്ട്. ആ ബോർഡ് ഒാരോ ദിവസവും ഒാരോ കാറിന് മുന്നിലാണ് വെക്കുക. എം.എൽ.എ ആയ സുഹൃത്തിന് വേണ്ടി സമയം കളയാൻ തയാറായ ഏതെങ്കിലുമൊരു സുഹൃത്തിന്‍റെ കാറിനായിരിക്കും ആ ബോർഡ് വഹിക്കാനുള്ള നിയോഗം.
ദിവസവും വ്യത്യസ്ത് കാറുകളിൽ പൊതുപരിപാടികൾക്കെത്തുന്ന എം.എൽ.എയെ കണ്ട് മൂക്കത്ത് വിരൽ വെക്കുന്നവരും കുറവല്ല. ഇദ്ദേഹത്തിന് ഇത്രയധികം കാറുകളുണ്ടോ എന്ന് ചോദിക്കുന്നവർ അറിയാനായി പറയുകയാണ്, സി.ആർ മഹേഷ് എം.എൽ.എക്ക് സ്വന്തമായി ഒരു കാർ പോലുമില്ല. ആകെ ഉള്ളത് ആ രണ്ട് ബോർഡുകൾ മാത്രമാണ്, ഒാരോ ദിവസവും തന്നെ സഹായിക്കാൻ സന്നദ്ധമാകുന്ന സുഹൃത്തിന്‍റെ കാറിൽ സ്ഥാപിക്കാനുള്ള രണ്ട് ബോർഡുകൾ.
എന്തിനാണ് എല്ലാ ദിവസവും സുഹൃത്തുക്കളുടെ കാറിൽ യാത്ര ചെയ്യുന്നത്, ഒരു കാർ വാങ്ങാമല്ലോ എന്ന സംശയം ആർക്കുമുണ്ടാകും. എം.എൽ.എമാർക്ക് കാർ വാങ്ങാൻ പ്രത്യേക വായ്പയുമുണ്ട്. പക്ഷേ, വായ്പ എം.എൽ.എ തന്നെ തിരിച്ചടക്കണമെന്നതിനാൽ തൽകാലം കാർ വാങ്ങൽ പിന്നീടാകാമെന്ന് തീരുമാനിച്ചതാണ് സി.ആർ മഹേഷ്.
നേരത്തെ കാർ വാങ്ങാൻ ഒരുങ്ങിയതാണ് അദ്ദേഹം. അപ്പോഴാണ് ഭാര്യപിതാവും മഹേഷിന്‍റെ സഹോദരനും മരിക്കുന്നത്. അപ്രതീക്ഷിതമായി കുടുംബ ഭാരം പൂർണമായും ഏറ്റെടുക്കേണ്ടി വന്നതോടെ കാർ വാങ്ങാനുള്ള തീരുമാനം വേണ്ടെന്നു വെച്ചു. വേറെ തന്നെ കടബാധ്യതകളും കുടുംബ ചിലവുകളും ചുമലിലുള്ളപ്പോൾ കാർ വായ്പയുടെ തിരിച്ചടവ് കൂടി താങ്ങാനാകില്ലെന്നതിനാലാണ് ആ മോഹം തൽകാലം വേണ്ടെന്നു വെച്ചത്.
സി.ആർ മഹേഷിന്‍റെ അമ്മയുടെ പേരിലുള്ള വായ്പ കുടിശ്ശികയായതിനെ തുടർന്ന് കഴിഞ്ഞവർഷം സഹകരണബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു.
ഒാരോ ദിവസവും ഒാരോ സുഹൃത്തുക്കളുടെ കാറിലാണ് ഇപ്പോൾ സി.ആർ മഹേഷ് എം.എൽ.എയുടെ യാത്ര. ചിലപ്പോൾ ബൈക്കിന് പുറകിലിരുന്നാണ് എം.എൽ.എ പരിപാടികൾക്കെത്തുന്നത്. സുഹൃത്തുക്കൾക്കൊന്നും ഒഴിവില്ലെങ്കിൽ ഒാേട്ടാറിക്ഷയാണ് ആശ്രയം. സാഹചര്യങ്ങൾ അനുകൂലമാകുേമ്പാൾ ഒരു കാർ വാങ്ങുമെന്ന് എം.എൽ.എ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.