സെക്രട്ടറിയറ്റിലെ തീപിടിത്തം; പ്രതിപക്ഷം ഗവർണറെ കണ്ടു, നാളെ രേഖാമൂലം പരാതി നൽകും
text_fieldsതിരുവനന്തപുരം: സെക്രട്ടറിയറ്റിൽ തീപിടുത്തമുണ്ടായി ഫയലുകൾ കത്തിയ സംഭവം അട്ടിമറിയാണെന്ന് സംശയിക്കുന്നതായി പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നേതാക്കൾ ചൊവ്വാഴ്ച രാത്രിയോടെ രാജ്ഭവനിലെത്തി ഗവർണറെ കാര്യങ്ങൾ ധരിപ്പിച്ചു.
ഫയലുകൾ കത്തിനശിച്ചതിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇക്കാര്യം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.
ഗവര്‍ണര്‍ സംസ്ഥാനത്തിന്‍റെ തലവനാണ്. സ്വര്‍ണക്കടത്ത് കേസിന്‍റെ നാള്‍വഴികള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായിട്ടാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റിലെ തീപ്പിടിത്തമുണ്ടായിരിക്കുന്നത്. തീവെച്ചതാണെന്ന് പ്രോട്ടോകോൾ ഓഫിസർ ടി.വി ചാനലിൽ പറഞ്ഞിരിക്കുകയാണ്.
കേരളത്തിലെ സെക്രട്ടറിയേറ്റില്‍ പോലും ഫയലുകള്‍ സുരക്ഷിതമല്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകളും ബന്ധപ്പെട്ട ഫയലുകളും കാണാതെ പോയത് ദുരൂഹമാണ്.
ഈ ഒരു സാഹചര്യം കേരളത്തില്‍ ഉണ്ടാകുന്നത് ആശാസ്യകരമാണോ. ഇക്കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ മുഖ്യമന്ത്രി ഒന്നും പറയാറില്ല. ഇന്നലെ നിയമസഭക്കുളളില്‍ ഉന്നയിച്ച ആരോപണത്തിന് മറുപടിയില്ല. സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് ഇ.ഡിയും എന്‍.ഐ.എയും മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കടന്നുവരാന്‍ പോകുന്നത് കണ്ടുകൊണ്ടാണ് ഫയലുകള്‍ നശിപ്പിച്ചിരിക്കുന്നത്.
ഇത് നീതിപൂര്‍വമാണോ, മന്ത്രിസഭയ്ക്ക് ഫയലുകള്‍ നശിപ്പിക്കാന്‍ കഴിയുമോ എന്നീകാര്യങ്ങളും സര്‍ക്കാറിന്‍റെ അഴിമതിയെ കുറിച്ചും പ്രതിപക്ഷം ഗവര്‍ണറോട് സംസാരിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട കള്ളക്കളികൾ പുറത്തുവരുമെന്ന ഭീതിയിലാണ് ഫയലുകൾ നശിപ്പിക്കുന്നത്. നേരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ നശിപ്പിച്ചു. എല്ലാം മറച്ചുവെക്കാൻ ശ്രമിക്കുകയാണ് സർക്കാർ.
ഗവർണർക്ക് അടുത്ത ദിവസം പരാതികൾ രേഖാമൂലം എഴുതിനൽകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തിൽ സർക്കാറിനോട് റിപ്പോർട്ട് ചോദിക്കുമെന്ന് ഗവർണർ ഉറപ്പുനൽകിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.