'സെക്രട്ടറിയേറ്റിലെ തീപിടിത്തം: ആധികാരിക പരിശോധന ഫലങ്ങളെ തള്ളി പൊലീസ് ഭാവനക്ക് പിന്നാലെ പോവുന്നു'
text_fieldsതിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ലെന്ന് ഫോറിന്‍സിക് പരിശോധനയില്‍ തെളിഞ്ഞിട്ടും അങ്ങനെയാണെന്ന് വരുത്തിതീർക്കാൻ പൊലീസ് കാണിക്കുന്ന തിടുക്കം അട്ടിമറി സംശയം ബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സത്യം മൂടിക്കൊനും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സംശയിക്കണം. ഈ പശ്ചാത്തലത്തില്‍ വസ്തുത പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം.
ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമല്ല തീപിടിത്തമുണ്ടായതെന്ന് ഫോറന്സിക്കിെൻറ ഫിസിക്‌സ് വിഭാഗം കോടതിയില്‍ ആവര്‍ത്തിച്ചു റിപ്പോര്‍ട്ട് നല്‍കിയതാണ്. കെമിസ്ട്രി വിഭാഗം നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളാണ് കണ്ടെത്തിയത്. 24 മണിക്കൂറും പൊലീസിെൻറ ശക്തമായ കാവലുള്ള സെക്രട്ടറിയേറ്റിനുള്ളില്‍ മദ്യക്കുപ്പികള്‍ വന്നതെങ്ങനെ? ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് തീപിടിത്തത്തിന് പിന്നില്‍ അട്ടിമറി ഉണ്ടായി എന്നുതന്നെയാണ്.
ഫോറന്‍സിക് പരിശോധനാ ഫലത്തെപ്പോലും തള്ളുകയാണ് സംസ്ഥാന പൊലീസ് ചെയ്യുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ഫാന്‍ ഉരുകി താഴെ വീണ് തീപടര്‍ന്നു എന്ന വാദം ഊട്ടി ഉറപ്പിക്കാൻ പൊലീസ് ആനിമേഷന്‍ ചിത്രവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതു കേട്ടുകേൾവി ഇല്ലാത്തതാണ്.
ഫോറന്‍സിക് ഫലത്തെ തള്ളാന്‍ ആനിമേഷന്‍ ചിത്രം ഉണ്ടാക്കുന്നത് പരിഹാസ്യമാണ്. ആധികാരികവും ശാസ്ത്രീയവുമായ പരിശോധന ഫലത്തെ തള്ളി ഭാവനക്ക് പിന്നാലെ പോവുന്ന പൊലീസ് ലക്ഷ്യം വേറെയാണ്.
സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം മുറുകുന്നതിനിടയിലാണ് പ്രോട്ടോകോള്‍ വിഭാഗത്തില്‍ അതുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ സൂക്ഷിച്ച ഭാഗത്തു മാത്രം തീപിടിച്ചത്. തെളിവു നശിപ്പിക്കാൻ വേണ്ടി തീയിട്ടതാണെന്ന് പ്രതിപക്ഷ ആരോപണം ശരിവെക്കുന്ന രീതിയിലാണ് ഫോറന്‍സിക് പരിശോധനാ ഫലം പുറത്തുവന്നത്.
തീപിടിത്തമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ മാധ്യമ പ്രവര്‍ത്തകരെ അവിടെനിന്ന് പുറത്താക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ നേരിട്ടെത്തി കാണിച്ച വെപ്രാളം തന്നെ സംശയകരമായിരുന്നു. ജനപ്രതിനിധികളെപ്പോലും അന്ന് തടഞ്ഞുനിര്‍ത്തി. പിന്നീട് ഇതുസംബന്ധിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങളെ കേസില്‍ കുടുക്കാനും ശ്രമിച്ചു.
ഇതെല്ലാം കാണിക്കുന്നത് സെക്രട്ടറിയേറ്റ് തീവെപ്പ് മൂടിവെക്കന്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നു എന്നാണ്. അത് അനുവദിക്കാന്‍ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.