തീപിടിത്തത്തിന് പിന്നാലെ പ്രതിഷേധം, അറസ്റ്റ്; സംഘർഷ ഭൂമിയായി സെക്രട്ടറിയേറ്റ്
text_fieldsതിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെ തലസ്ഥാന നഗരി സംഘർഷഭൂമിയായി മാറി. വൈകീട്ട് അഞ്ചുമണിയോടെ തീപിടിത്ത വിവരം പുറത്തു വന്ന ഉടൻ ദുരൂഹത ആരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും സെക്രട്ടറിയേറ്റ് പരിസരത്തേക്ക് കുതിച്ചെത്തി.
ചീഫ് സെക്രട്ടറിയുടെ ഓഫിസിനോട് ചേർന്ന പൊതുഭരണ വകുപ്പിന്‍റെ പൊളിറ്റിക്കൽ വിഭാഗം ഓഫിസിലാണ് തീപിടിച്ചത്. സ്വർണക്കടത്ത് കേസിൽ ഇതിനകം ശ്രദ്ധാകേന്ദ്രമായ പ്രോട്ടോക്കോൾ ഓഫിസും ഈ കെട്ടിടത്തിലാണ്. ഇതോടെ സ്വർണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാൻ മുഖ്യമന്ത്രിയുടെ അറിവോടെ തീകൊളുത്തിയതാണെന്നാണ് പ്രതിപക്ഷം ആരോപിച്ചു. സംഭവത്തിൽ എൻ.ഐ.എ അന്വേഷണം പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, ടൂറിസം വകുപ്പിനു കീഴിലെ ഗെസ്റ്റ് ഹൗസുകളിലെ റൂം ബുക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഫയലുകൾ സൂക്ഷിക്കുന്നിടത്താണ് തീപിടിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.
തീപിടിത്തം അറിഞ്ഞ് എത്തിയ മാധ്യമപ്രവർത്തകരോട് സംസാരിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തുനീക്കി. ചീഫ് സെക്രട്ടറി ഡോ. വിശ്വാസ്മേത്ത എത്തി മാധ്യമപ്രവർത്തകരെ സെക്രേട്ടറിയറ്റിൽനിന്ന് പുറത്താക്കിയശേഷമാണ് ബി.ജെ.പി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയത്. കെ. സുരേന്ദ്രൻ, ജന.സെക്രട്ടറി അഡ്വ. പി. സുധീർ, സെക്രട്ടറി സി. ശിവൻകുട്ടി, ജില്ലാ പ്രസിഡൻറ് വി.വി. രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സെക്രേട്ടറിയറ്റിനുള്ളിൽ രാഷ്ട്രീയപ്രസംഗം നടത്താൻ അനുവദിക്കാനാകാത്തതിനാലാണ് മാധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ളവരെ പുറത്താക്കേണ്ടിവന്നതെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
തീപിടിത്തം വിശദമായി പരിശോധിക്കുമെന്നും മേത്ത കൂട്ടിച്ചേർത്തു. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി.ജെ.പി കേന്ദ്ര നേതാവ് പി.കെ. കൃഷ്ണദാസിെൻറ നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി.
തീപിടിത്തം അറിഞ്ഞെത്തിയ സ്ഥലം എം.എൽ.എ വി.എസ്. ശിവകുമാറിനെ സെക്രേട്ടറിയേറ്റിലേക്ക് കടത്തിവിടാത്തതിനെ തുടർന്ന് ശിവകുമാറും കെ.പി.സി.സി ജന. സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ എന്നിവരും കേൻറാൺമെൻറ് ഗേറ്റിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു. വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും സ്ഥലത്തെത്തി. അദ്ദേഹത്തെയും ആദ്യം സെക്രേട്ടറിയറ്റിനുള്ളിലേക്ക് കടത്തിവിട്ടില്ല. തുടർന്ന് അദ്ദേഹവും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മിനിറ്റുകൾക്കുശേഷം അദ്ദേഹത്തെയും എം.എൽ.എമാരായ വി.എസ്. ശിവകുമാർ, വി.ടി. ബൽറാം, കെ.എസ്. ശബരീനാഥൻ എന്നിവരെയും സെക്രേട്ടറിയറ്റിനുള്ളിൽ തീപിടിത്തം നടന്ന സ്ഥലം സന്ദർശിക്കാൻ അനുവദിച്ചശേഷമാണ് യു.ഡി.എഫ് പ്രതിഷേധം അവസാനിച്ചത്.
പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും യുവമോർച്ച പ്രവർത്തകരും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇവർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.