സെക്രേട്ടറിയറ്റ് ചോരുന്നു; 26.20 ലക്ഷത്തിന്റെ അറ്റകുറ്റപ്പണി
text_fieldsതിരുവനന്തപുരം: മന്ത്രിമാരും വകുപ്പുസെക്രട്ടറിമാരും അടക്കമുള്ളവരുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന സെക്രേട്ടറിയറ്റിലെ സൗത്ത് ബ്ലോക്കിന്റെ മേല്‍ക്കൂരയിൽ ചോർച്ച. കാലവര്‍ഷം എത്തിനിൽക്കെ ഫയലുകള്‍ മഴയില്‍ നശിക്കാതിരിക്കാന്‍ ചോര്‍ച്ച അടക്കാൻ അടിയന്തര നിർദേശം നൽകി. 26.20 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണിക്ക് ധനവകുപ്പ് ഭരണാനുമതി നല്കി.
ഗതാഗമന്ത്രി ആന്റണി രാജുവിന്റെയും ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്. അനിലിന്റെയും ഓഫിസ് സൗത്ത് ബ്ലോക്കിലാണ്. ചോര്‍ച്ച പരിഹരിക്കാന്‍ നിര്‍മാണ വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയറാണ് എസ്റ്റിമേറ്റ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. മേച്ചില്‍ ഷീറ്റ് മാറ്റുന്നത് ഉള്‍പ്പെടെ മരാമത്ത് പണികള്‍ പൂര്‍ത്തിയാക്കി ചോര്‍ച്ച പരിഹരിക്കാനുള്ള നിര്‍മാണപ്രവൃത്തികളാണ് സെക്രേട്ടറിയറ്റിന്റെ ചുമതലയുള്ള പൊതുമരാമത്ത് കെട്ടിട നിര്‍മാണ വിഭാഗം തയാറാക്കിയത്. കഴിഞ്ഞയാഴ്ച പൊതുഭരണ ഹൗസ് കീപ്പിങ് സെല്ലില്‍നിന്ന് തുക അനുവദിച്ച് ഉത്തരവും ഇറങ്ങി.
നേരേത്ത, മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന സെക്രേട്ടറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ ഓഫിസും കോണ്‍ഫറന്‍സ് ഹാളും നവീകരിക്കാന്‍ 2.11 കോടി അനുവദിച്ചിരുന്നു. വിദേശസന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തുന്നതിന് മുമ്പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.