മന്ത്രിസഭ രാജി വെക്കണം; കാനം കാശിക്ക് പോയോ? -ചെന്നിത്തല
text_fieldsതിരുവനന്തപുരം: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് പുതിയ ആരോപണങ്ങളും പ്രോട്ടോകോൾ ലംഘനങ്ങളും പുറത്തു വരുന്ന സാഹചര്യത്തിൽ മന്ത്രിസഭക്ക് തുടരാൻ അർഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ മുഴുവൻ രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോഴുള്ളതുപോലെ നാറിയ ഭരണം സംസ്ഥാനത്തിൻെറ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. 'കാനം രാജേന്ദ്രനും സി.പി.ഐക്കാരും ഒരക്ഷരം മിണ്ടുന്നില്ല. കാനം കാശിക്ക് പോയിരിക്കുകയാേണാ എന്നും ചെന്നിത്തല ചോദിച്ചു.
മാർക്ക് ദാനം മുതൽ ഒരുപാട് വിവാദങ്ങളിൽ പെട്ടയാളാണ് ജലീൽ. ഏറ്റവും ഒടുവിൽ സ്വർണക്കടത്ത് കേസിലും പെട്ടിരിക്കുന്നു. ജലീൽ എന്ത് തെറ്റുചെയ്താലും മുഖ്യമന്ത്രി പിണറായി വിജയൻ സംരക്ഷിക്കുകയാണ്. ചോദ്യം ചെയ്യുന്ന മാധ്യമങ്ങളെ മന്ത്രി ജലീൽ കളിയാക്കിയിട്ട് കാര്യമില്ല. മന്ത്രി രാജിവെക്കുന്നതുവരെ യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കും. ഈ വിഷയം ഉന്നയിച്ച് 22ന് യു.ഡി.എഫ് സെക്രട്ടറിയേറ്റ് സമരവും കലക്ടറേറ്റ് മാർച്ചും നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഓരോ ദിവസവും സർക്കാറിൻെറ കള്ളത്തരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നേരത്തെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരായ ആരോപണങ്ങളായിരുന്നു പുറത്തു വന്നിരുന്നത്. ഇ.ഡി വിളിച്ച് ചോദ്യം ചെയ്തു. ഇനിയും വിളിക്കുമെന്ന് പറയുന്നു. ഇപ്പോൾ ഒരു മന്ത്രി പുത്രനെതിരായ ആരോപണവും പുറത്തുവന്നിരിക്കുന്നു. മന്ത്രി പുത്രന്മാർക്കും പുത്രിമാർക്കുമെതിരായ ആരോപണങ്ങൾ ഓരോ ദിവസവും പുറത്തു വന്നുകൊണ്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
തങ്ങളിയാതെ ഈച്ച പോലും പാറില്ലെന്ന് പറഞ്ഞവരെ തോല്‍പ്പിച്ചതാണെന്നാണ് ജലീല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ഈച്ചപോലും അറിയാതെ കാര്യങ്ങള്‍ ചെയ്യുന്നവരെയാണ് പഠിച്ച കളളന്മാര്‍ എന്ന് പറയുന്നത്. നമ്മുടെ നാട്ടില്‍ ധാരാളം കള്ളന്മാരുണ്ട്. താന്‍ അവരേക്കാള്‍ മിടുക്കനാണെന്ന് ജലീല്‍ തെളിയിച്ചിരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.