പ്രതിപക്ഷ പരീക്ഷക്ക് പിന്നാലെ 'തീ പിടിച്ച്' സർക്കാറും മുന്നണിയും
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ അവിശ്വാസ പരീക്ഷ അതിജീവിച്ച സർക്കാറിനും ഭരണപക്ഷത്തിനും ഇരിപ്പിടം പൊള്ളിച്ച് സെക്രേട്ടറിയറ്റിലെ തീപിടിത്ത വിവാദം. നിയമസഭയിൽ മുഖ്യമന്ത്രിയെയും അദ്ദേഹത്തിെൻറ ഒാഫിസിനെയും കടന്നാക്രമിച്ച യു.ഡി.എഫിന് വീണുകിട്ടിയ ആയുധമായി പൊതുഭരണ വകുപ്പ് പൊളിറ്റിക്കൽ വിഭാഗത്തിലെ തീപിടിത്തം. സഭയിലെ വെല്ലുവിളി മറികടന്നെന്ന ആശ്വാസം കെടുത്തിയ തീപിടിത്ത വിവാദം പ്രതിപക്ഷം തെരുവിലേക്കെത്തിച്ചതോടെ സർക്കാറും എൽ.ഡി.എഫും പ്രതിസന്ധിയിലായി.
സ്വർണക്കടത്തുകേസിൽ മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച യു.ഡി.എഫ്-ബി.ജെ.പി ആക്രമണത്തിന് ശക്തിപകരുന്നതാണ് പുതിയ വിവാദം. തീപിടിത്തത്തിനു പിന്നാലെ രാഷ്ട്രീയ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് ബി.ജെ.പി വിഷയം ഹൈജാക് െചയ്യുന്നത് തടഞ്ഞു.നിലവിൽ യു.ഡി.എഫിനുള്ള മുൻതൂക്കവും ശക്തമാക്കി. രാത്രി തന്നെ ഗവർണറെ കണ്ടു. പിന്നാലെ പരാതിയും നൽകി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ കത്തിച്ചെന്ന് ആരോപിച്ചതിലൂടെ സംശയമുന മുഖ്യമന്ത്രിക്കുനേരെ വീണ്ടും കൂർപ്പിക്കാനായി.
പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.െഎ അന്വേഷണവും പമ്പ-ത്രിവേണി മണലെടുപ്പിൽ വിജിലൻസ് അന്വേഷണവും കടമ്പകളായി മുന്നിൽ നിൽക്കുേമ്പാഴാണ് സർക്കാറിന് പുതിയ പരീക്ഷണം. തിപിടിത്തത്തിൽ പ്രതിപക്ഷം പുറത്തെടുത്ത ചടുലനീക്കം ഭരണപക്ഷത്തെ അമ്പരപ്പിച്ചു. ചീഫ് സെക്രട്ടറി രംഗത്തുവന്നെങ്കിലും രാഷ്ട്രീയ മറുപടി നൽകാൻ വൈകരുതായിരുന്നെന്നാണ് ഇടതുമുന്നണിയിൽ പലരുടെയും അഭിപ്രായം.
അവിശ്വാസ പ്രമേയ ചർച്ചയിൽ മൂന്നര മണിക്കൂർ സംസാരിച്ചപ്പോൾ ലൈഫ് മിഷനിലും വിമാനത്താവള ലേലത്തിലും സ്വർണക്കടത്തിലുമടക്കം പ്രതിപക്ഷത്തിെൻറ എല്ലാ വിമർശനത്തിനും മുഖ്യമന്ത്രി മറുപടി പറയേണ്ടതായിരുന്നെന്ന അഭിപ്രായം നേതാക്കളിലും അണികളിലുമുണ്ട്.
പ്രതിരോധത്തിനുപകരം മുഖ്യമന്ത്രിയുടെ സ്വതസിദ്ധമായ കടന്നാക്രമണമായിരുന്നു വേണ്ടിയിരുന്നത്. യു.ഡി.എഫ് ആക്ഷേപത്തിന് വിജയകരമായി മറുപടി പറഞ്ഞെന്ന പ്രാഥമിക വിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.