വിഭാഗീയ രാഷ്ട്രീയം കൊടുമ്പിരി കൊള്ളും; തെരഞ്ഞെടുപ്പ് പ്രചാരണരംഗം കലുഷിതമാകും
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കവേ ഭൂരിപക്ഷ സമുദായത്തെ പ്രീണിപ്പിക്കാൻ മത്സരിച്ച് ഇരു മുന്നണികളും.
പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വരവ് ചൂണ്ടിക്കാട്ടി ലീഗിനെ മുന്നിൽ നിർത്തി ഭൂരിപക്ഷ സമുദായ പ്രീണനം ആദ്യം തുടങ്ങിയത് എൽ.ഡി.എഫായിരുന്നു. ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും കൂട്ടിയോജിപ്പിച്ച് ന്യൂനപക്ഷ തീവ്രവാദത്തെ കുറിച്ചുള്ള ആക്ഷേപം മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവനും ഉന്നയിച്ചു.
വിജയരാഘവൻ ഒരുപടി മുന്നോട്ടുപോയി യു.ഡി.എഫ് നേതാക്കളുടെ പാണക്കാട് സന്ദർശനം മതാധിഷ്ഠിത ശക്തികളുടെ കൂട്ടുകെട്ട് വിപുലീകരിക്കാനാണെന്നും ആക്ഷേപിച്ചു. ഉമ്മൻ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും യു.ഡി.എഫ് നേതൃത്വത്തിൽ സജീവമാവുന്നത് തിരിച്ചറിഞ്ഞായിരുന്നു ആക്ഷേപം.
വിജയരാഘവെൻറ ആക്ഷേപം വർഗീയതയെന്ന് കുറ്റപ്പെടുത്തിയ കോൺഗ്രസ് സി.പി.എം ശ്രമം ഭൂരിപക്ഷ സാമുദായിക ധ്രുവീകരണമെന്ന് തിരിച്ചറിഞ്ഞു.
കോൺഗ്രസ് തൊട്ടുപിന്നാലെ ശബരിമല ആയുധമാക്കി. ശബരിമലയിൽ എൽ.ഡി.എഫ് സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കുമോ എന്ന ഉമ്മൻ ചാണ്ടിയുടെ ചോദ്യം പിന്നീട് രമേശ് ചെന്നിത്തലയും ഏറ്റെടുത്തു.
അരുവിക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരം യു.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് പറഞ്ഞ് സംഘ്പരിവാർ രാഷ്ട്രീയത്തിൽ സാധുത നൽകിയ ഉമ്മൻ ചാണ്ടിയുടെ തന്ത്രത്തിൽ കൊത്തേണ്ടതില്ലെന്ന നിലപാടിലാണ് സി.പി.എം. ന്യൂനപക്ഷങ്ങൾെക്കതിരായ ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണമാണ് എൽ.ഡി.എഫ് നടത്തുന്നതെന്നാക്ഷേപിച്ച യു.ഡി.എഫും അതേ വിഭാഗീയ രാഷ്ട്രീയം ഉപയോഗിച്ചതോടെ വരുംദിവസം പ്രചാരണരംഗം കലുഷിതമാവുമെന്നുറപ്പായി.
വിജയത്തിന് ഹിന്ദുവോട്ട് ധ്രുവീകരണം സംഭവിക്കണമെന്ന നിലപാടിലേക്ക് ഇരുമുന്നണികളും എത്തിയത് ബി.ജെ.പിക്കും അവസരം തുറന്നു. സാമുദായിക ഭിന്നതയുടെ സാധ്യതകൾ തേടുന്ന ബി.ജെ.പി കൂടി രംഗത്തിറങ്ങുന്നതോടെ പൊതുസമൂഹത്തിലെ മതനിരപേക്ഷത കൈമോശം വരുമെന്ന ആശങ്കയാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.