എറണാകുളം ജില്ല മുസ്ലിം ലീഗിലെ വിഭാഗീയത: ഇടപെട്ട് സംസ്ഥാന നേതൃത്വം
text_fieldsകൊച്ചി: ചേരിതിരിഞ്ഞ് സംഘർഷം സൃഷ്ടിച്ചതിനെത്തുടർന്ന് നടക്കാതെ പോയ മുസ്ലിം ലീഗ് ജില്ല ഭാരവാഹി തെരഞ്ഞെടുപ്പ് പ്രശ്നം പരിഹരിക്കാൻ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. ഇരു വിഭാഗത്തെയും മലപ്പുറത്തേക്ക് വിളിച്ച് ചർച്ച നടത്തി.ഇതിനുശേഷം സംസ്ഥാന നേതൃത്വംതന്നെ ഭാരവാഹികളെ പ്രഖ്യാപിക്കും. വ്യാഴാഴ്ച ഇരുപക്ഷത്തിന്റെയും നേതാക്കളുമായി മലപ്പുറം ജില്ല കമ്മിറ്റി ഓഫിസിൽ ചർച്ച നടത്തി. ജില്ല പ്രസിഡന്റ് അബ്ദുൽ മജീദ്, സെക്രട്ടറി ഹംസ പാറക്കാട്ട്, സീനിയർ വൈസ് പ്രസിഡന്റ് വി.ഇ. അബ്ദുൽ ഗഫൂർ, വൈസ് പ്രസിഡന്റ് അമീറലി എന്നിവരുടെ നേതൃത്വത്തിൽ ഇരുവിഭാഗവും അടങ്ങുന്ന ജില്ല കമ്മിറ്റി ഭാരവാഹികളാണ് മലപ്പുറത്തെത്തിയത്.
മുൻ എം.എൽ.എമാരായ വി.കെ. ഇബ്രാഹീം കുഞ്ഞ്, ടി.എ. അഹമ്മദ് കബീർ ഗ്രൂപ്പുകൾ തമ്മിൽ ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് എറണാകുളം ജില്ല സമ്മേളനം പിരിച്ചുവിട്ടത്.ഫെബ്രുവരി 18ന് ഭാരവാഹി തെരഞ്ഞെടുപ്പിന് മുമ്പാണ് ചേരിതിരിഞ്ഞ് സംഘർഷമുണ്ടായത്. സംഘർഷം നിയന്ത്രണാതീതമായതോടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു. രണ്ട് ദിവസങ്ങളിലായി കളമശ്ശേരിയിൽ നടന്ന സമ്മേളനമാണ് അവസാനം അലസിപ്പിരിഞ്ഞത്. 150 അംഗ ജില്ല കൗൺസിൽ യോഗത്തിലേക്ക് 132 പേർക്ക് പ്രവേശിക്കാനാണ് അനുമതി ഉണ്ടായത്.
ഇതിനിടെ, കോതമംഗലത്ത് നിന്നുള്ള 18 പേർ ഹാളിൽ പ്രവേശിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തർക്കത്തെ തുടർന്ന് കോതമംഗലം തെരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണെങ്കിലും ഇവിടെനിന്നുള്ളവർ കൗൺസിൽ തെരഞ്ഞെടുപ്പിനെത്തുകയായിരുന്നു. ഇവരെ പങ്കെടുപ്പിക്കണമെന്ന് ഇബ്രാഹീംകുഞ്ഞ് പക്ഷം ആവശ്യപ്പെട്ടു. എന്നാൽ, എതിർപക്ഷം എതിർത്തു. തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലിലേക്ക് കടന്നത്. കാലങ്ങളായി ജില്ല കൗൺസിൽ ഭാരവാഹികളെ ഇബ്രാഹീം കുഞ്ഞ്, അഹമ്മദ് കബീർ ഗ്രൂപ്പുകൾ സമവായത്തിലൂടെയാണ് തെരഞ്ഞെടുക്കുന്നത്.
ഇതനുസരിച്ച് ഇരുനേതാക്കളും സമ്മേളന സ്ഥലത്തെത്തി ധാരണ ഉണ്ടാക്കിയിരുന്നെങ്കിലും അവസാന നിമിഷം പാളുകയായിരുന്നു. പൊലീസ് ഇടപെടലുണ്ടാകുന്ന വിധം പ്രശ്നം കൊണ്ടെത്തിച്ചതിന് ഇരുവിഭാഗത്തെയും സംസ്ഥാന നേതൃത്വം ശാസിച്ചതായും സൂചനയുണ്ട്. അടുത്തദിവസം തന്നെ ജില്ല ഭാരവാഹികളുടെയും സംസ്ഥാന കൗൺസിൽ അംഗങ്ങളുടെയും പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.