വിഭാഗീയത എല്ലാ പാർട്ടിയിലും; ശ്രദ്ധ വേണ്ടത് വലിയ ലക്ഷ്യങ്ങളിൽ -തരൂർ
text_fieldsജയ്പുർ: എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഏതെങ്കിലും തരത്തിലുള്ള വിഭാഗീയതകളുണ്ടെന്നും നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് വലിയ ലക്ഷ്യങ്ങളിലാണെന്നും ശശി തരൂർ എം.പി.
രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും തമ്മിലെ ഭിന്നത സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ഏകാഭിപ്രായമുള്ള ഒരു പാർട്ടിയും ഇല്ല. ബി.ജെ.പിയിലും വിഭിന്ന അഭിപ്രായങ്ങളില്ലേ? ജനാധിപത്യത്തിൽ രണ്ട് വ്യക്തികൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടാകുന്നത് സ്വാഭാവികമാണ്.
നിങ്ങൾ ഒരേ ആശയം ഉൾക്കൊള്ളുകയും അതിനായി പോരാടുകയും ചെയ്യുകയാണെങ്കിൽ പാർട്ടി പറഞ്ഞത് അനുസരിക്കും-തരൂർ പറഞ്ഞു. ജയ്പുർ ലിറ്ററേച്ചർ ഫെസ്റ്റിവലിനിടെ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ പാർട്ടികളിലും ചെറിയ ഭിന്നതകളും വിഭാഗീയതകളുമുണ്ടാകുമെന്നത് യാഥാർഥ്യമാണ്. എന്നാൽ, ബി.ജെ.പിക്ക് എതിരായ വലിയൊരു പോരാട്ടത്തിൽ നമ്മളെല്ലാം ഒരുമിച്ചാണ്. വലിയ ലക്ഷ്യങ്ങളും ചെറിയ കാര്യങ്ങളും താരതമ്യപ്പെടുത്തേണ്ടതില്ലെന്നും തരൂർ പറഞ്ഞു.
ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡെന്റെ രാജി പരാമർശിച്ചുകൊണ്ട് മുതിർന്നവർ യുവ തലമുറക്കായി വഴിമാറണമെന്ന് സചിൻ പൈലറ്റ് ആവശ്യപ്പെട്ടിരുന്നു. യുവതലമുറക്ക് നീതി ഉറപ്പായും ലഭിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. സചിൻ പൈലറ്റ് വലിയൊരു കൊറോണ ആണെന്ന് അശോക് ഗെഹ്ലോട്ട് പറയുന്ന വിഡിയോയും പുറത്തുവന്നിരുന്നു.
നമ്മുടെ സഹപ്രവർത്തകരെക്കുറിച്ച് സംസാരിക്കുമ്പോൾ വാക്കുകൾ ആലോചിച്ച് ഉറപ്പിക്കണമെന്നും 14 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടെ ഇത്തരം വാക്കുകളൊന്നും താൻ ഉപയോഗിച്ചിട്ടില്ലെന്നും തരൂർ പറഞ്ഞു. ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിയുടെ പ്രതിച്ഛായ മാറ്റിത്തീർത്തതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.