പത്തനംതിട്ട സി.പി.ഐയിൽ വിഭാഗീയത രൂക്ഷം
text_fieldsപത്തനംതിട്ട: സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന് എതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണം പാർട്ടിയിലെ വിഭാഗീയത രൂക്ഷമാക്കുന്നു. അന്വേഷണം നടക്കുന്നതിനാൽ ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് ജയൻ മാറി നിൽക്കാൻ സമ്മർദവുമായി എതിർപക്ഷം ശക്തമായി രംഗത്തുണ്ട്. സെക്രട്ടറി സ്ഥാനം ഒഴിഞ്ഞാൽ ജയൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. എ.പി. ജയനെതിരെ പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണം അന്വേഷിക്കാൻ നാലംഗ കമീഷനെ നിയോഗിക്കാനുള്ള സംസ്ഥാന എക്സിക്യൂട്ടിവ് തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ചേരിതിരിവ് രൂക്ഷമായത്.
അതേസമയം, ജില്ല സെക്രട്ടറി സ്ഥാനത്തുനിന്ന് പുകച്ച് പുറത്താക്കാനുള്ള ചിലരുടെ ആസൂത്രിത ശ്രമത്തിന്‍റെ ഭാഗമാണ് പരാതിയും അന്വേഷണവുമെന്നാണ് ജയൻ അനുകൂലികളുടെ നിലപാട്. ഒരു അഴിമതിയും നടന്നിട്ടില്ലെന്നും എല്ലാം കെട്ടിച്ചമച്ചതാെണന്നുമാണ് ഇവർ പറയുന്നത്. ജില്ല സമ്മേളനം മുതലാണ് പാർട്ടിയിൽ വിഭാഗീയത രൂക്ഷമായത്.
എ.പി. ജയന് എതിരെ എ.ഐ.വൈ.എഫ് നേതാവും ജില്ല പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ സി.പി.ഐ നേതൃത്വത്തിന് നൽകിയ പരാതിയിൽ നേരത്തേ സംസ്ഥാന നിർവാഹക സമിതി അംഗം കെ.കെ. അഷ്റഫ് അന്വേഷണം നടത്തിയിരുന്നു. ജയന്‍റെ കുടുംബാംഗങ്ങൾ ചേർന്ന് നാടായ അടൂർ പെരിങ്ങനാട് 14ാം മൈലിൽ ഒന്നര ഏക്കർ ഭൂമിയിൽ ആരംഭിച്ച ഡെയറി ഫാം ആറുകോടിയുടേതാണെന്നും പണത്തിന്‍റെ സ്രോതസ്സ് അന്വേഷിക്കണമെന്നുമായിരുന്നു ആവശ്യം. ജയന്‍റെ ഭാര്യയും മകളും മരുമകനും ചേർന്നാണ് പശു ഫാം തുടങ്ങിയത്. രണ്ട് സുഹൃത്തുക്കളും പങ്കാളികളായി.
രണ്ട് കോടി മുതൽ മുടക്കാനാണ് തീരുമാനിച്ചതെന്നും 78 ലക്ഷം രൂപവരെയാണ് ഇതുവരെ ചെലവഴിച്ചതെന്നും കെ.കെ. അഷ്റഫ് കമീഷന്‍റെ റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് അംഗീകരിച്ച് ഏകാംഗ കമീഷൻ അംഗം കെ.കെ. അഷ്റഫിനെക്കൂടി ഉൾപ്പെടുത്തി പാർട്ടിയുടെ മറ്റ് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ ആർ. രാജേന്ദ്രൻ, സി.കെ. ശശിധരൻ, പി.വസന്തം എന്നിവരടങ്ങിയ നാലംഗ കമീഷനെ തുടരന്വേഷണത്തിന് സി.പി.ഐ നേതൃത്വം ചുമതലപ്പെടുത്തുകയായിരുന്നു.
പരാതിയിൽ കഴമ്പുള്ളതിനാലാണ് കൂടുതൽ അന്വേഷണത്തിന് നേതൃത്വം തീരുമാനിച്ചതെന്നും പാർട്ടി അന്വേഷണം നടക്കുന്നതിനാൽ തൽസ്ഥാനത്ത് സെക്രട്ടറി തുടരുന്നത് ശരിയല്ലെന്നുമാണ് ജയൻ വിരുദ്ധ ക്യാമ്പിന്‍റെ നിലപാട്. എന്നാൽ, വിദേശത്ത് ജോലി ചെയ്യുന്ന മകളുടെ ഭർത്താവിന്‍റെ നേതൃത്വത്തിലുള്ള പശുവളർത്തൽ ഫാം സംരംഭത്തിൽ നാമമാത്ര പങ്കാളിത്തമാണ് എ.പി. ജയന് ഉള്ളതെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു.
സി.പി.ഐയിലെ വിഭാഗീയതയുടെ കാലത്ത് കാനം വിരുദ്ധ ചേരിയിൽ അണിനിരന്ന നേതാവായാണ് ജയൻ കരുതപ്പെട്ടിരുന്നത്. എന്നാൽ, മൂന്നാംവട്ടവും ജില്ല സെക്രട്ടറിയായശേഷം സംസ്ഥാന നേതൃത്വവുമായി ഒത്തുപോകുന്ന സമീപനം സ്വീകരിച്ചു. മന്ത്രി പി.പ്രസാദ് അടക്കമുള്ളവരുമായുള്ള അഭിപ്രായഭിന്നതകളും സംസ്ഥാന നേതൃത്വം അദ്ദേഹത്തിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാൻ കാരണമാണെന്നും ജയൻ അനുകൂലികൾ പറയുന്നു. അതിനിടെ, പാർട്ടിയുടെ ഏകാംഗ കമീഷൻ കെ.കെ. അഷ്റഫും ജയനും, ജയന്‍റെ മകളുടെ ഭർത്താവും തമ്മിൽ സംസാരിക്കുന്ന ശബ്ദരേഖകൾ പുറത്തുവന്ന സംഭവവും സെക്രട്ടറിക്കെതിരെ ഇവർ ആയുധമാക്കുന്നുണ്ട്.
ആസൂത്രിതമായി സംഭാഷണത്തിന്‍റെ ചില ഭാഗങ്ങൾ മാത്രം ഉൾപ്പെടുത്തി മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് കടുത്ത അച്ചടക്ക ലംഘനമാണെന്ന് സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താനാണ് കാനം പക്ഷത്തിന്‍റെ ശ്രമം. ചോർന്നത് ഫോൺ സംഭാഷണമല്ലെന്നും മൊഴിയെടുപ്പിനിടെയുള്ള സംസാരത്തിന്‍റെ ചില ഭാഗങ്ങളാണെന്നും പറയുന്നു. ജയന് അനുകൂലമായ സംഭാഷണ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പാർട്ടി നിയോഗിച്ച നാലംഗ കമീഷൻ ആവശ്യപ്പെട്ടാൽ തന്‍റെ പക്കലുള്ള എല്ലാ വിവരങ്ങളും നൽകാമെന്ന് എ.പി. ജയൻ പറയുന്നു.
പാർട്ടിയിൽ അസ്വാഭാവിക കാര്യങ്ങൾ സംഭവിക്കുന്നു -എ.പി ജയൻ
പത്തനംതിട്ട: തന്നെ സെക്രട്ടറിയായി തീരുമാനിച്ചത് സി.പി.ഐ ജില്ല സമ്മേളനമാണെന്ന് എ.പി. ജയൻ. ഇനി പാർട്ടി പറഞ്ഞാൽ സ്ഥാനത്തുനിന്ന് മാറുന്നതിനും തടസ്സമില്ല. അസ്വാഭാവികമായ ചില കാര്യങ്ങൾ സംഭവിക്കുന്നതായി തോന്നുന്നുവെന്ന് ജയൻ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാ രീതിക്ക് അപ്പുറമായി ചിലതൊക്കെ നടക്കുന്നുവെന്ന സംശയം തനിക്ക് തോന്നിത്തുടങ്ങിയിട്ടുണ്ട്. മുൻവിധികളില്ലാത്ത ഏത് അന്വേഷണത്തെയും നേരിടാം. ഭീഷണിയിലും സമ്മർദത്തിലും സ്വഭാവഹത്യയിലും കുടുക്കാമെന്ന ഭീഷണി വേണ്ടെന്നും ജയൻ പറഞ്ഞു. 43 വർഷത്തെ പൊതുപ്രവർത്തന പാരമ്പര്യമുണ്ട്.
ഇക്കാലയളവിൽ താൻ ഏതെങ്കിലും തരത്തിൽ സ്വത്ത് സമ്പാദിച്ചതായി ആരും പരാതി പറഞ്ഞിട്ടില്ല. ഇപ്പോഴത്തെ പരാതി വന്നത് പാർട്ടിയിൽനിന്ന് തന്നെയാണ്. അതും സമ്മേളനത്തിന് തൊട്ടുമുമ്പ്. തന്‍റെ വരുമാനങ്ങളെല്ലാം സുതാര്യമാണ്. ആദായ നികുതി വകുപ്പിന് കണക്ക് നൽകുന്നയാളാണ് താനെന്നും ജയൻ പറഞ്ഞു. അന്വേഷണം തീരുംവരെ മാറിനിൽക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ തയാറാണ്. ജീവിതാവസാനം വരെ സി.പി.ഐക്കാരനായി തന്നെ തുടരും.
തോമസ് ഐസക്കുമായി നടത്തിയ കൂടിക്കാഴ്ചയിൽ അസ്വഭാവികതകളില്ല. എൽ.ഡി.എഫിലെ രണ്ട് പാർട്ടികളുടെ പ്രതിനിധികൾ നടത്തുന്ന സാധാരണ ചർച്ച മാത്രമാണ് അത്. വിവാദങ്ങളിലേക്ക് കുടുംബാംഗങ്ങളെ വലിച്ചിഴക്കുന്നത് അനാവശ്യമാണ്. പാർട്ടി നിയോഗിച്ച ഏകാംഗകമീഷൻ കെ.കെ. അഷ്റഫിന്റെ സംഭാഷണം ചോർന്നത് സംബന്ധിച്ച ചോദ്യത്തിന് പ്രതികരിക്കാനില്ലെന്ന് എ.പി. ജയൻ പറഞ്ഞു.അനധികൃത സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിൽ പാർട്ടിതല അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ തന്‍റെ നിലപാട് വ്യക്തമാക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.